പെരുന്ന രണ്ടാംനമ്പര്‍ ബസ് സ്റ്റാന്‍ഡിലെ ടേക്ക് എ ബ്രേക്ക് നിര്‍മാണത്തിന് ബ്രേക്ക്
1353791
Thursday, October 19, 2023 6:37 AM IST
ചങ്ങനാശേരി: ചങ്ങനാശേരി നഗരസഭയുടെ കീഴിലുള്ള പെരുന്ന രണ്ടാംനമ്പര്‍ ബസ് സ്റ്റാന്‍ഡിലെ ടേക്ക് എ ബ്രേക്ക് നിര്‍മാണം ബ്രേക്കായിട്ട് മാസങ്ങള്‍ പിന്നിടുന്നു. സി.എഫ്. തോമസ് എംഎല്‍എയുടെ ഫണ്ടില്‍നിന്നും അനുവദിച്ച ഫണ്ട് വിനിയോഗിച്ച് മൂന്നുവര്‍ഷം മുമ്പാണ് ടേക്ക് എ ബ്രേക്ക് വിശ്രമ കേന്ദ്രത്തിന്റെ നിര്‍മാണം ആരംഭിച്ചത്. തുടക്കംമുതലേ കെട്ടിടനിര്‍മാണം വിവാദത്തിലായിരുന്നു.
ബസ് സ്റ്റാന്‍ഡിനോടു ചേര്‍ന്ന് പ്ലാസ്റ്റിക് മാലിന്യം കുഴിച്ചുമൂടിയ സ്ഥലത്താണ് ടേക്ക് എ ബ്രേക്കിന്റെ നിര്‍മാണത്തിനു തുടക്കമിട്ടത്. തറകെട്ടുന്നതിനായി വാനം മാന്തിയപ്പോള്‍ പ്ലാസ്റ്റിക് കൂമ്പാരം പൊങ്ങിവന്നതിനെത്തുടര്ന്ന് നിര്‍മാണം തടസപ്പെട്ടിരുന്നു. പ്ലാസ്റ്റിക് മാലിന്യം നീക്കം ചെയ്താണ് പിന്നീട് കെട്ടിടം നിര്‍മാണം നടത്തിയത്.
കെട്ടിടനിര്‍മാണം ഇപ്പോള്‍ തടസപ്പെട്ടുകിടക്കുകയാണ്. കെട്ടിടനിര്‍മാണത്തിന് അനുവദിച്ച ഫണ്ട് തികഞ്ഞില്ലെന്നാണ് അധികാരികള്‍ ചൂണ്ടിക്കാട്ടുന്നത്. യാത്രക്കാര്‍ നെട്ടോട്ടത്തില്‍ ടാങ്കിനു ചോര്‍ച്ച നേരിട്ടതിനെത്തുടര്‍ന്ന് നിലവിലുണ്ടായിരുന്ന കംഫര്‍ട്ട് സ്റ്റേഷന് മാസങ്ങള്‍ക്കുമുമ്പ് അടച്ചു പൂട്ടിയിട്ടിയിരുന്നു. ഇതിനു സമീപത്ത് വിശ്രമമുറിയും ശൗചാലയങ്ങളും നിര്‍മിക്കുന്നതിനാല്‍ കംഫര്‍ട്ട് സ്റ്റേഷന്റെ അറ്റകുറ്റപ്പണികള്‍ നടത്താനും നഗരസഭാധികൃതര്‍ കൂട്ടാക്കിയില്ല.
കംഫര്‍ട്ട് സ്റ്റേഷനില്ലാത്തതുമൂലം പെരുന്ന സ്റ്റാന്‍ഡിലെത്തുന്ന വിദ്യാര്‍ഥികളടക്കം നൂറുകണക്കിനു യാത്രക്കാരും ബസ് ജീവനക്കാരും അടിസ്ഥാന സൗകര്യങ്ങള്‍ നിറവേറ്റാന്‍ സാധിക്കാതെ അതീവ ദുരിതത്തിലാണ്.
എയ്റോബിക് ബിന്നിന്റെ പ്രവര്‍ത്തനവും നിലച്ചു
പെരുന്ന ബസ് സ്റ്റാന്‍ഡില്‍ മാലിന്യസംസ്കരണത്തിനായി പ്രവര്‍ത്തിച്ചിരുന്ന എയ്റോബിക് ബിന്നിന്റെ പ്രവര്‍ത്തനവും നിലച്ചിരിക്കുകയാണ്. ഇതോടെ ഈ ഭാഗത്ത് മാലിന്യക്കൂമ്പാരവുമായി മാറി. എയ്റോബിക് ബിന്നിന്റെയും കംഫര്‍ട്ട് സ്റ്റേഷന്റെയും ഇടയിലുള്ള ഭാഗത്ത് ലോഡ് കണക്കിനു മാലിന്യമാണ് കൂടിക്കിടക്കുന്നത്.
മഴക്കാലത്ത് ഈ മാലിന്യശേഖരത്തില്നിന്നുള്ള മലിനജലം ബസ് സ്റ്റാന്‍ഡിലേക്ക് ഒഴുകുന്നുണ്ട്. ബസ് സ്റ്റാന്‍ഡില്‍ തെരുവ് നായ്ക്കളടെ ശല്യവും വര്‍ധിച്ചിട്ടുണ്ട്.
ചങ്ങനാശേരിയെ മാലിന്യ മുക്തമാക്കുന്നതിനുള്ള പദ്ധതി ആവിഷ്കരിക്കുമ്പോള്‍ പെരുന്ന ബസ് സ്റ്റാന്‍ഡിലെ മാലിന്യ നിര്മാജനംകൂടി കണക്കിലെടുക്കണമെന്നാണ് യാത്രക്കാരും സമീപത്തെ വ്യാപാരികളും നാട്ടുകാരും ആവശ്യപ്പെടുന്നത്.