ജി​ല്ലാ കൃ​ഷി​ത്തോ​ട്ട​ത്തി​ലേ​ക്ക് വ​രൂ; പ​ച്ച​ക്ക​റി​ത്തൈ​ക​ളും തെ​ങ്ങി​ന്‍​തൈ​യും വാ​ങ്ങാം
Thursday, June 1, 2023 10:37 PM IST
കു​റ​വി​ല​ങ്ങാ​ട്: അ​നു​കൂ​ല​മാ​യ കാ​ലാ​വ​സ്ഥ​യി​ല്‍ വീ​ട്ടു​വ​ള​പ്പി​ല്‍ പ​ച്ച​ക്ക​റി​കൃ​ഷി ന​ട​ത്താ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍ തൈ​ക​ളും വി​ത്തി​ന​ങ്ങ​ളും തേ​ടി അ​ല​യേ​ണ്ട. നി​ങ്ങ​ള്‍​ക്ക് തൈ​ക​ള്‍ ഒ​രു​ക്കി കോ​ഴാ​യി​ലെ ജി​ല്ലാ​കൃ​ഷി​ത്തോ​ട്ടം കാ​ത്തി​രി​ക്കു​ക​യാ​ണ്. ഇ​നി തെ​ങ്ങ് കൃ​ഷി തു​ട​ങ്ങ​ണ​മെ​ന്ന് ആ​ഗ്ര​ഹി​ക്കു​ന്ന​വ​രു​ണ്ടെ​ങ്കി​ലും നേ​രെ ജി​ല്ലാ കൃ​ഷി​ത്തോ​ട്ട​ത്തി​ലേ​ക്ക് ചെ​ന്നാ​ല്‍ മ​തി. തെ​ങ്ങി​ന്‍ തൈ​ക​ളും വി​ത​ര​ണ​ത്തി​ന് ത​യാ​റാ​ണ്.
വെ​ണ്ട, വെ​ള്ള​രി, വ​ഴു​ത​ന, വ​ള്ളി​പ്പ​യ​ര്‍, ത​ട​പ്പ​യ​ര്‍, മ​ത്ത​ന്‍, ചീ​നി, കാ​ന്താ​രി, പാ​വ​ല്‍ എ​ന്നി​വ​യു​ടെ തൈ​ക​ള്‍ വി​ത​ര​ണ​ത്തി​ന് ത​യാ​റാ​ണ്. പാ​വ​ല്‍, വെ​ണ്ട, മു​ള​ക്, വെ​ള്ള​രി, ത​ട​പ്പ​യ​ര്‍, ചു​ര, വ​ള്ളി​പ്പ​യ​ര്‍, ചീ​ര എ​ന്നി​വ​യു​ടെ വി​ത്തു​ക​ളും ജി​ല്ലാ കൃ​ഷി​ത്തോ​ട്ട​ത്തി​ല്‍ ലഭ്യ​മാ​ണ്. ഇ​വ​യെ​ല്ലാം ജി​ല്ലാ കൃഷി​ത്തോ​ട്ട​ത്തി​ലെ സെ​യി​ല്‍ കൗ​ണ്ട​റി​ലെ​ത്തി പ​ണ​മ​ട​ച്ചാ​ലു​ടന്‍ ലഭി​ക്കും.
തെ​ങ്ങി​ന്‍ തൈ ​ആ​വ​ശ്യ​മു​ള്ള​വ​രും സെ​യി​ല്‍​സ് കൗ​ണ്ട​റി​ലാ​ണ് എ​ത്തേ​ണ്ട​ത്. നി​ല​വി​ല്‍ ഡ​ബ്ല്യു​സി​ടി തെ​ങ്ങി​ന്‍ തൈ​ക​ളാ​ണ് വി​ത​ര​ണ​ത്തി​ന് ത​യ്യാ​റാ​യി​ട്ടു​ള്ള​ത്. തൈ ​ഒ​ന്നി​ന് 100 രൂ​പ​യാ​ണ് ന​ല്‍​കേ​ണ്ട​ത്. ഫാ​മി​ല്‍ ഉ​ത്പാ​ദി​പ്പി​ച്ച തൈ​ക​ളും വി​ത്തു​ക​ളു​മാ​ണ് വി​ല്പ​ന​യ്ക്ക് ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​തെ​ന്ന​ത് ക​ര്‍​ഷ​ക​ര്‍​ക്ക് ഏറെ നേ​ട്ട​മാ​ണ്.