വൈക്കം: സത്യഗ്രഹ ശതാബ്ദി മെമ്മോറിയല്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷങ്ങള്‍ക്ക് 30, 31 തീയതികളില്‍ തുടക്കമാകും.
വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്ദി ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷപരിപാടികള്‍ക്ക് 30നു സത്യഗ്രഹ നായകരുടെ ഛായാചിത്രങ്ങള്‍ ഏറ്റുവാങ്ങി, ആദ്യ സത്യഗ്രഹി ഗോവിന്ദ പണിക്കരുടെ ജന്മദേശമായ മാവേലിക്കരയില്‍ തുടക്കമാകും.
ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന് ചെയര്‍മാനായ 1001 അംഗ സമിതിയാണ് ആഘോഷപരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത്. 30ന് ടി.കെ. മാധവന്, മന്നത്ത് പത്മനാഭന്, ആമചാടി തേവന്, ആദ്യ സത്യഗ്രഹികളായ ചാത്തന് കുഞ്ഞാപ്പി, ബാഹുലേയന്, ഗോവിന്ദപണിക്കര്‍, രക്തസാക്ഷി ചിറ്റേടത് ശങ്കുപിള്ള എന്നിവരുടെ ചിത്രങ്ങളുമായുള്ള ഛായാചിത്ര പ്രയാണം മാവേലിക്കരയ്ക്കടുത്ത് കാരായില്നിന്ന് ആരംഭിക്കും.
31ന് ഉച്ചകഴിഞ്ഞു പ്രയാണം വൈക്കത്ത് ടി.കെ. മാധവന് സ്ക്വയറില്‍നിന്നു വൈക്കത്തെ പൗരാവലി ഏറ്റുവാങ്ങും. മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്, വിവിധ സമുദായ സംഘടനാ നേതാക്കള്‍ എന്നിവരുടെ നേതൃത്വത്തില്‍ പദയാത്രയായി ബോട്ട് ജെട്ടിയിലെ സമ്മേളന നഗറില്‍ എത്തിചേരും. ഇതോടെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടികള്‍ക്ക് തിരിതെളിയും.
സെമിനാറുകള്‍, വിദ്യാര്‍ഥി, യുവജന, മഹിളാ സമ്മേളനങ്ങള്‍, ആചാര്യസമ്മേളനം, ടെമ്പിള്‍ പാര്‍ലമെന്റ് തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിക്കും. പത്രസമ്മേളനത്തില്‍ സമിതി ജനറല്‍ കണ്‍വീനര്‍ പി.ജി. ബിജുകുമാര്‍, കണ്‍വീനര്‍മാരായ ഇ.എസ്. ബിജു, എം.വി. ഉണ്ണികൃഷ്ണന് എന്നിവര്‍ പങ്കെടുത്തു.