പെരുവ: കാര്‍ഷിക മേഖലയ്ക്കും ആരോഗ്യ മേഖലയ്ക്കും ശുചിത്വ മേഖലയ്ക്കും കൂടുതല്‍ മുന്‍ഗണന നല്കി 2023-24ലെ മുളക്കുളം പഞ്ചായത്ത് ബജറ്റ്. പഞ്ചായത്തിന്റെ സമഗ്ര വികസനം ലക്ഷ്യം വച്ചുകൊണ്ട് 32,22,87,329 രൂപ വരവും 31,39,37,840 രൂപ ചെലവും 83,49,489 രൂപ നീക്കിയിരുയിപ്പും പ്രതീക്ഷിക്കുന്ന ബജറ്റാണ് വൈസ് പ്രസിഡന്റ് ഷീല ജോസഫ് അതരിപ്പിച്ചത്.
ഉത്പാദന മേഖല: കുറുവേലി - പാനനട തോട് പുനരുജ്ജീവനം, കുറുംകുതിര പാടശേഖരം കൈത്തോടുകളുടെ നവീകരണം, മുളക്കുളം സൗത്ത് പുഞ്ച പാടശേഖരത്തോടനുബന്ധിച്ചുള്ള കൈത്തോടുകളുടെ നീരൊഴുക്ക് സുഗമമാക്കല്‍, ഭിന്നശേഷിയുള്ളവര്‍ക്ക് സ്വയംതൊഴിലിന് പെട്ടിക്കട, എസ്സി വനിതകള്‍ക്ക് സ്വയംതൊഴില്‍ പദ്ധതിക്ക് ടു വീലര്‍, മത്സ്യബന്ധനത്തിന് വള്ളവും വലയും, വനിതകള്‍ക്ക് പെണ്ണാട് -കറവപശു വിതരണം, വിവിധ തൊഴില്‍ സംരംഭങ്ങള്‍ക്കു ധനസഹായം തുടങ്ങിയ പദ്ധതികള്‍ക്കായി 1,29,54,000 രൂപ.
സേവന മേഖല: പെരുവ പിഎച്ച്സി, എഫ്എച്ച്സിയായി ഉയര്‍ത്തുന്നതിന് അടിസ്ഥാന സൗകര്യമൊരുക്കല്‍, നിര്‍ധനരായ വൃക്കരോഗികള്‍ക്ക് ഡയാലിസിസ് ചികിത്സാ ധനസഹായം, സ്ത്രീകള്‍ക്കിടയിൽ തൈറോയ്ഡ് നിര്‍ണയ മെഡിക്കല്‍ ക്യാമ്പ്, 10 -ാംവാര്‍ഡില്‍ അറുന്നൂറ്റിമംഗലം അങ്കണവാടിയോടനുബന്ധിച്ചു മിനി വയോജന പാര്‍ക്ക്, കാഞ്ഞിരവളവ് മുതല്‍ പെരുവ ടൗണ്‍ വരെയുള്ള വിവിധ ഭാഗങ്ങളിൽ മാലിന്യവിമുക്ത പാതയോരവും സൗന്ദര്യവത്കരണവും നടപ്പാക്കല്‍, അങ്കണവാടിയിലെ കൗമാരക്കുട്ടികളുടെ ക്ലബ് ശക്തീകരണം, അങ്കണവാടി കൗമാരക്കുട്ടികളുടെ ക്ലബിലേക്ക് പുസ്തകം വാങ്ങല്‍, അതിദാരിദ്ര്യ നിര്‍മാര്‍ജനം-ഭക്ഷ്യകിറ്റ് വിതരണം, അതിദരിദ്രര്‍ക്ക്
മരുന്ന് ലഭ്യമാക്കല്‍, വിവിധ ഗവണ്മെന്റ് സ്കൂളുകളുടെ അറ്റകുറ്റപ്പണികള്‍, ഭിന്നശേഷിക്കാര്‍ക്ക് സഹായ ഉപകരണങ്ങള്‍ വാങ്ങി വിതരണം ചെയ്യല്‍, ഭിന്നശേഷി കുട്ടികളുടെ കലാ-കായിക മത്സരം, അഗതിരഹിത കേരളം, വയോജനങ്ങള്‍ക്ക് കലാ-കായിക മേള, പഞ്ചായത്ത് പരിധിയിലുള്ള രജിസ്റ്റേര്‍ഡ് യുവജന ക്ലബ്ബുകള്‍ക്കു സ്പോര്‍ട്സ് കിറ്റ് വിതരണം, ലൈഫ് ഭവന പദ്ധതി- 1.10 കോടി രൂപ. ആകെ-1,042,42,340 രൂപ.
പശ്ചാത്തല മേഖല: വിവിധ വാര്‍ഡുകളിലെ റോഡുകളുടെ ടാറിംഗ്, കോണ്‍ക്രീറ്റിംഗ്,
റീ ടാറിംഗ്, പാര്‍ശ്വഭിത്തി നിര്‍മാണം മുതലായവ- 4,28,56,000 രൂപ. പട്ടികജാതി-പട്ടിക വര്‍ഗ ജനവിഭാഗങ്ങളുടെ സമഗ്ര പുരോഗതിക്കായി വിവിധ മേഖലകളിലായി -1,35,32,750 രൂപ.
പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. വാസുദേവന്‍ നായര്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു.