കടുത്തുരുത്തി: പുരസ്കാര നിറവില്‍ കുറുപ്പന്തറ കുടുംബാരോഗ്യ കേന്ദ്രം. രാജ്യത്തെ ഏറ്റവും മികച്ച പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ പട്ടികയില്‍ ഇടംനേടിയ കുറുപ്പന്തറ കുടുംബാരോഗ്യ കേന്ദ്രം അധികൃതര്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജില്‍നിന്ന് പുരസ്കാരം ഏറ്റുവാങ്ങി. കേരള അക്രെഡിറ്റേഷന്‍ സ്റ്റാന്‍ഡേര്‍ഡ്സ് ഫോര്‍ ഹോസ്പിറ്റല്‍ സര്‍ട്ടിഫിക്കറ്റും അവാര്‍ഡിനൊപ്പം ലഭിച്ചു.
ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി പ്രാഥമികാരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി മാറ്റിയതിനെത്തുടര്‍ന്ന് ഒപി വിഭാഗം, ലബോറട്ടറി, ഫാര്‍മസി, പൊതുജനാരോഗ്യ വിഭാഗ പ്രവര്‍ത്തനങ്ങള്‍, ദേശീയ ആരോഗ്യ പദ്ധതികളുടെ നടത്തിപ്പ്, പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനം, മാതൃ-ശിശു ആരോഗ്യം, ജീവിതശൈലി രോഗ നിയന്ത്രണം, പ്രതിരോധ കുത്തിവയ്പ്, ജീവനക്കാരുടെയും രോഗികളുടെയും അഭിപ്രായങ്ങള്‍ വിലയിരുത്തിയുള്ള മികച്ച സേവനങ്ങള്‍, ഓഫീസ് നിര്‍വഹണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ അവാര്‍ഡിന് പരിഗണിച്ചു.
മാഞ്ഞൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കോമളവല്ലി രവീന്ദ്രന്റെ നേതൃത്വത്തില്‍ ജനപ്രതിനിധികളും കുടുംബാരോഗ്യ കേന്ദ്രം ജീവനക്കാരും ഉള്‍പ്പെടുന്ന സംഘമാണ് പുരസ്കാരം ഏറ്റുവാങ്ങിയത്. കുടുംബാരോഗ്യ കേന്ദ്രത്തിന്റെ കീഴിലുള്ള അഞ്ച് സബ് സെന്ററുകള്‍ ജനകീയ ആരോഗ്യ കേന്ദ്രങ്ങളായി മാറി കൊണ്ടിരിക്കുകയാണ്. ജനസൗഹൃദ അന്തരീക്ഷവും ജനസൗഹൃദ സേവനങ്ങളും ജനകീയ ആരോഗ്യകേന്ദ്രങ്ങളില്‍ ആരംഭിച്ചിട്ടുണ്ട്.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു സെബാസ്റ്റ്യന്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ചാക്കോ മത്തായി, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സാലിമ്മ ജോളി, വാര്‍ഡ് മെംബര്‍മാരായ മഞ്ജു അനില്‍, ആനിയമ്മ ജോസഫ്, ആന്‍സി സിബി, സാലിമോള്‍ ജോസഫ് എന്നിവരോടൊപ്പം മെഡിക്കല്‍ ഓഫീസര്‍ ഡോ പി.എസ്. സുഷാന്ത്, ഡോ. ജേക്കബ് മാത്യു, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അനില്‍കുമാര്‍, പിഎച്ച്എന്‍ ഷീലകുമാരി, നഴ്സിംഗ് ഓഫീസര്‍ ഷൈജി ജോസ് എന്നിവര്‍ പങ്കെടുത്തു.