കോട്ടയം: ജില്ലയില്‍ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ കണ്ടെത്തി നടപടി സ്വീകരിക്കുന്നതിന് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് പരിശോധന തുടങ്ങി. പോലീസ്, തദ്ദേശസ്വയംഭരണ വകുപ്പ്, ശുചിത്വ മിഷന്, മലിനീകരണ നിയന്ത്രണബോര്‍ഡ് എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരാണ് സ്ക്വാഡിലുള്ളത്. ശുചിത്വ മാലിന്യ സംസ്ക്കരണവുമായി ബന്ധപ്പെട്ട നിയമ-ചട്ടലംഘനങ്ങള്‍ കണ്ടെത്തല്‍, പരിശോധന നടത്തല്‍, കുറ്റം കണ്ടെത്തല്‍, അനധികൃതമായി നിക്ഷേപിച്ച മാലിന്യം പിടിച്ചെടുക്കല്‍, നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ സംഭരണം, വില്പന തടയല്‍ മുതലായവയാണ് സ്ക്വാഡ് പ്രവര്ത്തനത്തിലുള്പ്പെടുന്നത്.
അനധികൃതമായി മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരേയും കടത്തുന്നവര്ക്കെതിരേയും ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനം മുഖേന സ്പോട്ട് ഫൈന്‍ ഈടാക്കും. ശുചിത്വ മാലിന്യ സംസ്ക്കരണ നിയമങ്ങളും ചട്ടങ്ങളും ലംഘിക്കുന്ന സ്ഥാപനങ്ങളില്‍ പരിശോധന നടത്തി ലൈസന്‍സും മറ്റ് അനുമതികളും റദ്ദു ചെയ്യുന്നതിനാവശ്യമായ നടപടി നിര്‍ദ്ദേശം ബന്ധപ്പെട്ട അധികാര സ്ഥാപനത്തിന് കൈമാറും.
അറവുമാലിന്യം, മറ്റ് ദ്രവമാലിന്യങ്ങള്‍ പൊതു ഇടങ്ങളില്‍ നിക്ഷേപിക്കുന്നവര്‍ക്കെതിരേ നടപടി സ്വീകരിക്കും. വാണിജ്യ/വ്യാപാര വ്യവസായ ശാലകള്‍, ഹോട്ടലുകള്‍ സ്ഥാപനങ്ങള്‍, മാളുകള്‍ എന്നിവിടങ്ങളില്‍ പരിശോധന നടത്തി മാലിന്യ സംസ്ക്കരണ സംവിധാനങ്ങള്‍ സ്ഥാപിച്ച് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കും. പാതയോരങ്ങളിലും പൊതുസ്ഥലങ്ങളിലുമുള്ള അനധികൃതമാലിന്യ നിക്ഷേപങ്ങള്‍, വലിച്ചെറിയല്‍ നിക്ഷേപ കേന്ദ്രങ്ങള്‍, കാനകള്‍, തോടുകള്‍, നദികള്‍, ജലാശയങ്ങള്‍, വനപ്രദേശങ്ങള്‍ മുതലായവയിലുള്ള ഖരമാലിന്യ നിക്ഷേപങ്ങള്‍, അനധികൃത ദ്രവമാലിന്യ നിര്‍ഗമന മാര്‍ഗങ്ങള്‍, നിക്ഷേപങ്ങള്‍ മുതലായവ കണ്ടെത്തി അവ നിര്‍മാര്‍ജ്ജനം ചെയ്യാനുള്ള നിര്‍ദ്ദേശം ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കും.
നിര്‍മാണം പൊളിക്കല്‍ മാലിന്യങ്ങള്‍ പൊതുനിരത്തുകളിലും പൊതുസ്ഥലങ്ങളിലും അലക്ഷ്യമായി നിക്ഷേപിച്ചിട്ടുണ്ടെങ്കില്‍ അത് കണ്ടെത്തും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളോ സ്വകാര്യ സ്ഥാപനങ്ങളോ നിയമപരമായി സ്ഥാപിച്ചിട്ടുള്ള ലിറ്റര്‍ ബിന്നുകളില്‍ ശേഖരിക്കപ്പെടുന്ന മാലിന്യം യഥാസമയം നീക്കം ചെയ്യാതെ കുമിഞ്ഞുകൂടുന്നത് തടയും. തെരുവുകച്ചവടക്കാര അനധികൃതമായി മാലിന്യം നിക്ഷേപിക്കുന്നത് തടയും. പൊതു-സ്വകാര്യ ചടങ്ങുകളിലും പരിപാടികളിലും ഹരിതചട്ടപരിപാലന നിബന്ധനകളുടെ ലംഘനം, സാധ്യത കണ്ടെത്തി നടപടി നിര്‍ദ്ദേശങ്ങള്‍ ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങള്‍ക്ക് നല്‍കും.