പാറത്തോട്: പാറത്തോട് പഞ്ചായത്തിലെ 2023-24 വര്‍ഷത്തെ ബജറ്റ് പ്രസിഡന്റ് വിജയമ്മ വിജയലാൽ അവതരിപ്പിച്ചു. 43.88 കോടി രൂപ ചെലവും 43.79 കോടി രൂപ വരവും 52.79 ലക്ഷം രൂപ നീക്കിയിരുപ്പുമാണ് ബജറ്റിൽ പ്രതീക്ഷിക്കുന്നത്. നിലവിൽ വൈസ് പ്രസിഡന്റിനെ തെരഞ്ഞെടുക്കാത്തതിനെത്തുടർന്ന് പ്രസിഡന്റാണ് ബജറ്റ് അവതരിപ്പിച്ചത്.
ഖരമാലിന്യ നിർമാർജനം, ഗ്രാമീണ റോഡുകളുടെ നവീകരണം, ലൈഫ് ഭവന പദ്ധതി എന്നിവയ്ക്കാണ് ബജറ്റിൽ മുൻഗണന നൽകിയിരിക്കുന്നത്. നാലുകോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ഖരമാലിന്യ നിർമാർജന പദ്ധതിക്കായി ഒരു കോടി രൂപ ബജറ്റിൽ വകയിരുത്തി. ഗ്രാമീണ റോഡുകളുടെ നവീകരണത്തിനായി 4.5 കോടിയും ലൈഫ്ഭവന പദ്ധതിക്കായി മൂന്നു കോടി രൂപയും അനുവദിച്ചു.
ആരോഗ്യമേഖലയ്ക്ക് 40 ലക്ഷം, കാർഷിക-ക്ഷീര മേഖലകൾക്ക് 80 ലക്ഷം, സർവശിക്ഷാ അഭയാന് 10 ലക്ഷം, കുടുംബശ്രീ സംരംഭത്തിന് 10 ലക്ഷം, പട്ടികജാതി-പട്ടികവർഗ മേഖലയ്ക്ക് 45 ലക്ഷം, ജൽ ജീവൻ മിഷൻ കുടിവെള്ള പദ്ധതിക്കായി സ്ഥലം ഏറ്റെടുക്കുന്നതിന് 30 ലക്ഷം, തെരുവുവിളക്ക് പരിപാലനത്തിന് 32 ലക്ഷം, ഗ്രാമസഭ കേന്ദ്രങ്ങൾക്ക് 10 ലക്ഷം, മാനസിക-ശാരീരിക വെല്ലുവിളികൾ നേരിടുന്നവരുടെ ക്ഷേമപ്രവർത്തനങ്ങൾക്ക് 20 ലക്ഷം, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് 5.80 കോടി, വനിതാ-ശിശു ക്ഷേമപ്രവർത്തനങ്ങൾക്ക് 20 ലക്ഷം, അങ്കണവാടി പോഷകാഹാര വിതരണത്തിന് 50 ലക്ഷം, അടിസ്ഥാന സൗകര്യത്തിന് 20 ലക്ഷം എന്നിവയാണ് മറ്റു പ്രധാന പദ്ധതികൾ.