കോട്ടയം: വിഴിഞ്ഞത്തെ അക്രമ സംഭവങ്ങള്‍ക്കു പിന്നില്‍ തീവ്രവാദ സ്വഭാവമുണ്ടെന്നുള്ള അന്വേഷണ ഏജന്‍സികളുടെ നിഗമനങ്ങളെ മുഖവിലയ്ക്കെടുത്ത് സിറ്റിംഗ് ജഡ്ജി ഉള്‍പ്പെടുന്ന ജുഡീഷണല്‍ കമ്മീഷനെ വച്ച് അന്വേഷണം പ്രഖ്യാപിക്കുവാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
വിഴിഞ്ഞത്തേക്കു കേന്ദ്രസേനയെ ക്ഷണിച്ച സംസ്ഥാന സര്‍ക്കാരിന്റെ നടപടി ഭീരുത്വവും ഉത്തരവാദിത്വങ്ങളില്‍നിന്നുള്ള ഒളിച്ചോട്ടവുമാണ്. എത്രയും പെട്ടെന്ന് വിഴിഞ്ഞത്തെ സമരം ഒത്തുതീര്‍പ്പിലെത്തിക്കാന്‍ ഭരണ നേതൃത്വത്തിലുള്ളവരും രാഷ്ട്രീയ നേതൃത്വവും ഒന്നായി മുന്‍കൈയെടുക്കണമെന്നും കത്തോലിക്ക കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
കത്തോലിക്ക കോണ്‍ഗ്രസ് അതിരൂപത പ്രസിഡന്റ് പി.പി. ജോസഫ് അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ബിജു സെബാസ്റ്റ്യന്‍, ട്രഷറര്‍ ബാബു വള്ളപ്പുര, ഗ്ലോബല്‍ സമിതി ഭാരവാഹികളായ രാജേഷ് ജോണ്‍, വര്‍ഗീസ് ആന്റണി, അതിരൂപത ഭാരവഹികളായ ഷെയിന്‍ ജോസഫ്, ലിസി ജോസ്, ഷേര്‍ലിക്കുട്ടി ആന്റണി, ജേക്കബ് നിക്കോളാസ്, ജോര്‍ജുകുട്ടി മുക്കത്ത്, ജോയി പാറപ്പുറം, ബിനു ഡൊമിനിക്, ജോസ് ജോണ്‍ വെങ്ങാന്തറ, റോണി വലിയപറമ്പില്‍, ജോസ് ജയിംസ്, കെ.എസ്. ആന്റണി, ബെന്‍സ് മാത്യു എന്നിവര്‍ പ്രസംഗിച്ചു.