പാലാ: ടൗണ്‍ കുരിശുപള്ളിയില്‍ അമലോത്ഭവ മാതാവിന്റെ ജൂബിലിത്തിരുനാളിന് നാളെ കൊടിയേറും. എട്ടിനാണ് പ്രധാന തിരുനാള്‍. ഭക്തിനിര്‍ഭരമായ തിരുക്കര്‍മങ്ങള്‍, പ്രദക്ഷിണം, മരിയന്‍ റാലി, സാസ്കാരിക ഘോഷയാത്ര, ബൈബിള്‍ ടാബ്ലോ മത്സരം, ടൂവീലര്‍ ഫാന്‍സിഡ്രസ് മത്സരം, നാടകമേള തുടങ്ങിയവ നടത്തും.
പാലാ കത്തീഡ്രല്‍, ളാലം പഴയപള്ളി, ളാലം പുത്തന്‍പള്ളി ഇടവകകളുടെ സംയുക്താഭിമുഖ്യത്തിലാണ് ജൂബിലിത്തിരുനാള്‍ ആഘോഷിക്കുന്നതെന്ന് ഇടവക വികാരിമാരായ ഫാ. സെബാസ്റ്റ്യന്‍ വെട്ടുകല്ലേല്‍, വികാരി ഫാ. ജോസഫ് തടത്തില്‍, വികാരി ഫാ. ജോര്‍ജ് മൂലേച്ചാലില്‍, സുനില്‍ മുരിങ്ങയില്‍, രാജേഷ് പാറയില്‍, വര്ക്കിച്ചന് മുള്ളനാനിക്കല്‍ എന്നിവര്‍ അറിയിച്ചു.
നാളെ വൈകുന്നേരം നാലിന് ഫാ. ജോസഫ് തടത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. ആറിന് ളാലം പഴയപള്ളിയില്നിന്നു തിരുനാള്‍ പതാകയുമായി കുരിശുപള്ളിയിലേക്ക് പ്രദക്ഷിണം. 6.30ന് ഫാ. സെബാസ്റ്റ്യന്‍ വെട്ടുകല്ലേല്‍ കൊടിയേറ്റ് നിര്‍വഹിക്കും.ഏഴിന് പാലാ സിവൈഎംഎല്‍ സംഘടിപ്പിക്കുന്ന നാടകമേള ടൗണ്‍ഹാളില്‍ ആരംഭിക്കും.
ഡിസംബര്‍ രണ്ടിന് വൈകുന്നേരം 5.30ന് രൂപത പ്രോട്ടോ സിഞ്ചെല്ലൂസ് മോണ്‍. ജോസഫ് തടത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. തുടര്‍ന്ന് ജപമാല. മൂന്നിന് വൈകുന്നേരം 5.30ന് മോണ്‍. ജോസഫ് മലേപ്പറമ്പിലും നാലിന് വൈകുന്നേരം 5.30നു മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്തും അഞ്ചിന് വൈകുന്നേരം 5.30നു മോണ്‍. ജോസഫ് കണിയോടിക്കലും ആറിനു വൈകുന്നേരം 5.30നു റവ. ഡോ. അഗസ്റ്റിന് കൂട്ടിയാനിയിലും വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കും. ദിവസവും വൈകുന്നേരം 6.30ന് ജപമാലയും ലദീഞ്ഞും നടക്കും.
ഏഴിന് രാവിലെ 5.30നു വിശുദ്ധ കുര്‍ബാന, ലദീഞ്ഞ് - ഫാ.ജോര്‍ജ് മൂലേച്ചാലില്‍, 11ന് അമലോത്ഭവ മാതാവിന്റെ തിരുസ്വരൂപം പന്തലില്‍ പ്രതിഷ്ഠിക്കും - ഫാ. സെബാസ്റ്റ്യന്‍ വെട്ടുകല്ലേല്‍. വൈകുന്നേരം 5.30നു വിശുദ്ധ കുര്‍ബാന - ഫാ. ജോര്‍ജ് വടയാറ്റുകുഴി. ആറിന് ആഘോഷമായ പ്രദക്ഷിണം. 7.30ന് പ്രദക്ഷിണം, ലദീഞ്ഞ് - ഫാ. ജോസഫ് മുത്തനാട്ട്. കൊട്ടാരമറ്റം സാന്തോം കോംപ്ലക്സില്‍ ബിഷപ് മാര്‍ തോമസ് തറയില്‍ സന്ദേശം നല്‍കും.
പ്രധാന തിരുനാള്‍ ദിനമായ എട്ടിന് രാവിലെ 6.30 ന് ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് സുറിയാനി വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. എട്ടിന് സെന്റ് മേരീസ് സ്കൂള്‍ വിദ്യാര്‍ഥിനികളുടെ മരിയന്‍ റാലി. പത്തിന് ഫാ. ദേവസ്യാച്ചന് വട്ടപ്പലം വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും.11.30ന് ജൂബിലി ആഘോഷക്കമ്മിറ്റി സംഘടിപ്പിക്കുന്ന സാംസ്കാരിക ഘോഷയാത്ര. തുടര്‍ന്ന് സിവൈഎംഎല്‍ സംഘടിപ്പിക്കുന്ന ടൂവീലര്‍ ഫാന്‍സിഡ്രസ് മത്സരം, ആഘോഷക്കമ്മിറ്റി സംഘടിപ്പിക്കുന്ന ബൈബിള്‍ ടാബ്ലോ മത്സരം. വൈകുന്നേരം നാലിനു പ്രദക്ഷിണം, രാത്രി 8.45നു തിരുനാള്‍ സന്ദേശം - മാര്‍ ജോസഫ് കല്ലറങ്ങാട്ട്. വിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം, സമ്മാനദാനം. ഒന്‍പതിന് രാവിലെ 5.30ന് വിശുദ്ധ കുര്‍ബാന - ഫാ. സെബാസ്റ്റ്യന്‍ വെട്ടുകല്ലേല്‍, 11.30നു മാതാവിന്റെ തിരുസ്വരൂപം കപ്പേളയില്‍ തിരിച്ചു പ്രതിഷ്ഠിക്കുന്നതോടെ തിരുനാളിനു സമാപനമാകും.
ജൂബിലി സാംസ്കാരിക
ഘോഷയാത്ര
ജൂബിലി സാംസ്കാരിക ഘോഷയാത്രയാണ് തിരുനാളിന്റെ ഇത്തവണത്തെ പ്രത്യേകത. എട്ടിനു രാവിലെ 11.30നു സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ മൈതാനത്തുനിന്ന് ആരംഭിക്കുന്ന ഘോഷയാത്ര മഹാറാണി കവലയില്‍ സമാപിക്കും.
മാര്‍ഗംകളി, പരിചമുട്ടുകളി, കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍, ഡ്രാഗണ്‍ ഡാന്‍സ്, അട്ടപ്പാടിയില്‍നിന്നുള്ള കലാകാരന്മാര് പങ്കെടുക്കുന്ന ആദിവാസി നൃത്തം, തൃശൂര്‍ പൂരത്തില്‍ പങ്കെടുക്കുന്ന പുലികളി, മുറംകളി, ഉലക്ക ഡാന്‍സ്, കരകാട്ടം, അലങ്കരിച്ച കുതിരകള്‍, പാവക്കൂത്ത്, ഒട്ടകപ്പക്ഷി നൃത്തം, കോഴിഡാന്‍സ്, സിനിമാതാരങ്ങളുടെ ഡ്യൂപ്പ്, ചെണ്ട-ബാന്റുമേളങ്ങള്, ഫ്യൂഷന്‍ സംഗീതം, ശിങ്കാരി ഫ്യൂഷന്‍, ഫ്ളോട്ടുകള്‍, റോളര്‍ സ്കേറ്റിംഗ്, 28 കലാകാരന്മാര് പങ്കെടുക്കുന്ന വിളംബര ചെണ്ട, ഡാന്‍സ് തുടങ്ങിയവ ഘോഷയാത്രയ്ക്കു മാറ്റുകൂട്ടും.
ടൂവീലര്‍ ഫാന്‍സിഡ്രസ്,
ബൈബിള്‍ ടാബ്ലോ മത്സരങ്ങള്‍
സാംസ്കാരിക ഘോഷയാത്രയെത്തുടര്‍ന്ന് സിവൈഎംഎല്‍ നടത്തുന്ന ടൂവീലര്‍ ഫാന്‍സിഡ്രസ് മത്സരവും ജൂബിലി ആഘോഷ കമ്മിറ്റി നടത്തുന്ന ബൈബിള്‍ ടാബ്ലോ മത്സരവും ഉണ്ടായിരിക്കും. ടൂവീലര്‍ ഫാന്‍സിഡ്രസ് മത്സര വിജയികള്‍ക്ക് യഥാക്രമം 10,000, 7500, 5000 രൂപ വീതം നല്‍കും. പങ്കെടുക്കുന്ന ടീമുകള്‍ക്കെല്ലാം 2000 രൂപയും നല്‍കും. പങ്കെടുക്കുന്നവര്‍ 9447324240 ഫോൺ നമ്പറില്‍ ബന്ധപ്പെടണം.
ബൈബിള്‍ ടാബ്ലോ മത്സര വിജയികള്‍ക്ക് യഥാക്രമം 25001, 15001, 10001 രൂപ വീതം നല്‍കും. നിലവാരം പുലര്‍ത്തുന്ന ടീമുകള്‍ക്ക് 5000 രൂപ വീതം നല്‍കും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 9744550006 ഫോൺ നമ്പറില്‍ ബന്ധപ്പെടണം.
നാടകമേള
സിവൈഎംഎല്‍ നടത്തുന്ന നാടകമേള നാളെ മുതല്‍ആറു വരെ തീയതികളില്‍ വൈകുന്നേരം ഏഴിനു ടൗണ്‍ ഹാളില്‍ നടത്തും. നാളെ തൃശൂര്‍ മുദ്രയുടെ ആട്ടം, ഡിസംബര്‍ രണ്ടിനു വൈക്കം മാളവികയുടെ മഞ്ഞുപെയ്യുന്ന മനസ്, നാലിന് ചങ്ങനാശേരി അണിയറയുടെ നാലുവരിപ്പാത, അഞ്ചിനു തിരുവനന്തപുരം സംഘചേതനയുടെ ചക്രം, ആറിനു കൊല്ലം അനശ്വരയുടെ അമ്മ മനസ് എന്നീ നാടകങ്ങള്‍ അരങ്ങേറും.