കോട്ടയം: കാരിത്താസ് ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മുപ്പത്തി ഏഴാമത് വാര്‍ഷിക ആഘോഷങ്ങളോടൊപ്പം ലോകഹൃദയ ദിനം കാരിത്താസ് ആശുപത്രി ആഘോഷിച്ചു.
മിനി മാരത്തണ്‍, മിനി സൈക്ലത്തോണ്‍, വിദ്യാര്‍ഥികള്‍ക്കായി ഹൃദയസംരക്ഷണത്തെ കുറിച്ച് അവബോധം എത്തിക്കുന്ന വ്യത്യസ്ത മത്സരങ്ങള്‍, ഹൃദയസംരക്ഷണത്തിന്റെ നൂതനപ്രവണതകളെക്കുറിച്ച് വിവിധ വിദഗ്ധര്‍ പങ്കെടുത്ത പാനല്‍ ചര്‍ച്ചകള്‍ എന്നിവയും സംഘടിപ്പിച്ചു.
മികച്ച ജീവിത ശൈലിക്ക് - ആരോഗ്യമുള്ള ഹൃദയം എന്ന വിഷയത്തിൽ എംജി സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. സാബു തോമസ്, റിട്ട. ഡിജിപി ഋിഷിരാജ് സിംഗ്, ഡോ. ശിവശങ്കരന്, ഡോ. എസ്. ഹരികൃഷ്ണന്, ഡോ. ആല്‍ബെന്‍ സിഗ്മാനി, ഏബ്രഹാം മാത്യു, കാരിത്താസ് ആശുപത്രി ഡയറക്ടര്‍ റവ. ഡോ. ബിനു കുന്നത്ത്, കാരിത്താസ് ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി ഡോ. ജോണി ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.
നഴ്സിംഗ് കോളജ് വിദ്യാര്‍ഥികള്‍ക്കായി പ്രശ്നോത്തര മത്സരം സംഘടിപ്പിച്ചു. മത്സരത്തില്‍ ഗവ. നഴ്സിംഗ് കോളജ് കോട്ടയത്തെ പ്രതിനിധീകരിച്ച രണ്ടാം വര്‍ഷ എംഎസ്സി നഴ്സിംഗ് വിദ്യാര്‍ഥികളായ അനു ആന്റോ, അല്‍ഫോണ്‍സ് ഐസക് എന്നിവരടങ്ങിയ ടീം ഒന്നാം സമ്മാനം കരസ്ഥമാക്കി. കോട്ടയം ഗവ. നഴ്സിംഗ് കോളജിലെ തന്നെ നാലാം വര്‍ഷ ബിഎസ്സി നഴ്സിംഗ് വിദ്യാര്‍ഥികളായ ഷെറിന് ബേബിച്ചന്, എം.എസ്. കെസിയ എന്നിവര്‍ രണ്ടാം സ്ഥാനവും കാരിത്താസ് നഴ്സിംഗ് കോളജ് ബിഎസ്സി നഴ്സിംഗ് വിദ്യാര്‍ഥികളായ ജാസ്മിന് ജോസഫ് , ജെബ്സി ജെയ്മോന് എന്നിവര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
മിനി മാരത്തണില്‍ നിരവധിപ്പേര്‍ പങ്കെടുത്തു. 16 വയസിന് താഴെ, 16നും 45നും ഇടയില്‍ 45 വയസിന് മുകളില്‍ എന്നീ മൂന്ന് വിഭാഗങ്ങളിലായി നടത്തിയ മാരത്തണില്‍ വിജയികളായവര്‍ക്ക് കാരിത്താസ് ആശപത്രി ഡയറക്ടര്‍ റവ. ഡോ. ബിനു കുന്നത്ത് സമ്മാനങ്ങള്‍ വിതരണം ചെയ്തു.