കാഞ്ഞിരപ്പള്ളി: ഭൂമിക്കു കുടചൂടി നാടെങ്ങും പരിസ്ഥിതിദിനാചരണം. വിവിധ സ്ഥാപനങ്ങളുടെയും സംഘടനകളുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ വൃക്ഷത്തൈകൾ നട്ടും പരിസരശുചീകരണം നടത്തിയുമാണ് പരിസ്ഥിതിദിനം ആചരിച്ചത്.
കാഞ്ഞിരപ്പള്ളി: സംസ്ഥാന കൃഷി വകുപ്പിന്റെയും കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്റെയും നേതൃത്വത്തിൽ പരിസ്ഥിതി ദിനചാരണവും ഒരുകോടി ഫലവൃക്ഷ തൈവിതരണ പദ്ധതിയുടെ നിയോജകമണ്ഡലാടിസ്ഥാനത്തിലുള്ള വിതരണോദ്ഘാടനവും കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിൽ നടത്തി. പദ്ധതിയുടെയും പരിസ്ഥിതി ദിനാചാരണത്തിന്റെയും ഉദ്ഘാടനം ചീഫ് വിപ്പ് ഡോ.എൻ. ജയരാജും അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയും കൂടി നിർവഹിച്ചു.
കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. സാജൻ കുന്നത്ത്, കൃഷ്ണ കുമാർ, ജോളി മടുക്കകുഴി, ജൂബി അഷറഫ്, ഷക്കീല നസീർ, വിമല ജോസഫ്, മോഹൻ, അനിത എ.വി. തുടങ്ങിയവർ പങ്കെടുത്തു.
കറിക്കാട്ടൂർ: കത്തോലിക്ക കോൺഗ്രസ് രൂപത സമിതിയുടെ ആഭിമുഖ്യത്തിൽ വിവിധ ഇടവകളിലും സ്ഥാപനങ്ങളിലും സംഘടനാ അംഗങ്ങളുടെ വീട്ടിലും വൃക്ഷത്തൈ നട്ട് പരിസ്ഥിതി ദിനം ആചരിച്ചു. രൂപതാതല ഉദ്ഘാടനം കറിക്കാട്ടൂർ സെന്റ് ആന്റണീസ് പള്ളി അങ്കണത്തിൽ ജില്ലാ പഞ്ചായത്തംഗം ജെസി ഷാജൻ നിർവഹിച്ചു. വികാരി ഫാ. ജോസുകുട്ടി ഇടത്തിനകം, സണ്ണിക്കുട്ടി അഴകംപ്രായിൽ, സിനി ജിബു നീറാന കുന്നേൽ, പി.എം. ജോസഫ് പണ്ടാരക്കളം, ലിസി ബാബു തെക്കേൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നല്കി.
കാഞ്ഞിരപ്പള്ളി: ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം തലത്തിലുള്ള വൃക്ഷത്തൈ നടീല്‍ കാഞ്ഞിരപ്പള്ളി പഞ്ചായത്ത് ഓഫീസ് വളപ്പില്‍ ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്. തങ്കപ്പന് അധ്യക്ഷത വഹിച്ചു.
കാഞ്ഞിരപ്പള്ളി: പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ വിവിധ സ്ഥലങ്ങളിൽ മരതൈകൾ നട്ടുപിടിപ്പിച്ചു. ടൗൺ വെസ്റ്റ് യൂണിറ്റിന്റെ നേതൃത്വത്തിൽ കെഎംഎ ജംഗ്ഷനിൽ നടന്ന പരിപാടി യുവ ചലച്ചിത്ര സംവിധായകൻ നഹാസ് ഹിദായത്ത് ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയംഗം എം.എ. റിബിൻഷാ പരിസ്ഥിതിദിന സന്ദേശം നൽകി. യൂണിറ്റ് പ്രസിഡന്റ് കെ.എ. ഹക്കീം അധ്യക്ഷത വഹിച്ചു. സുമി ഇസ്മായിൽ, കെ.എം. അഷറഫ്, വി.എസ്. സാബിദ് ജുനൈദ് തുടങ്ങിയവർ പങ്കെടുത്തു.
എരുമേലി: സെന്റ് തോമസ് സ്കൂളിൽ ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു മരങ്ങൾ പരിപാലിക്കുന്ന ഞാനും എന്റെ മരവും എന്ന പദ്ധതിക്ക് തുടക്കമിട്ടുകൊണ്ട് പരിസ്ഥിതി ദിനാചരണം നടത്തി. എരുമേലി റേഞ്ച് ഫോറസ്റ്റ് ഓഫീസർ എൻ.വി. ജയകുമാർ പദ്ധതി ഉദ്ഘാടനം ചെയ്തുപ. ഞാനും എന്റെ മരവും എന്ന വിഷയത്തെ ആസ്പദമാക്കി പോസ്റ്റർ രചന, ക്വിസ് മത്സരം എന്നിവ കുട്ടികൾക്കായി സങ്കടിപ്പിച്ചു. സ്കൂൾ മാനേജർ റവ.ഡോ. സെബാസ്റ്റ്യൻ കൊല്ലംകുന്നേൽ, ഹെഡ്മാസ്റ്റർ പി.ജെ. തോമസ് എന്നിവർ നേതൃത്വം നൽകി. പദ്ധതിയുടെ ഭാഗമായി വിദ്യാർഥികളും അധ്യാപകരും ചേർന്ന് 1000 മരത്തൈകൾ നട്ടു.
പാറത്തോട്: കേരള കോൺഗ്രസ് -എം പൂഞ്ഞാർ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ 3000 ഓളം വൃക്ഷത്തൈകൾ നട്ടു. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. അഡ്വ. സാജൻ കുന്നത്ത്, ജോർജുകുട്ടി ആഗസ്തി, ജോണിക്കുട്ടി മഠത്തിനകം, കെ.ജെ. തോമസ് കട്ടക്കൽ, ഡയസ് കോക്കാട്ട്, ടി.ജെ. മോഹനൻ, ബാബു ടി. ജോൺ തുടങ്ങിയവർ നേതൃത്വം നൽകി.
പൊൻകുന്നം: പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി യൂത്ത് ഫ്രണ്ട്-എം ചിറക്കടവ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊൻകുന്നം-പ്ലാച്ചേരി റോഡിൽ ഫല വൃക്ഷങ്ങളും പൂച്ചെടികളും നട്ടുപിടിപ്പിച്ചു. ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് രാഹുൽ ബി. പിള്ള അധ്യക്ഷത വഹിച്ചു. ഷാജി പാമ്പൂരി, ഫിനോ പുതുപ്പറമ്പിൽ, ഷിജോ കൊട്ടാരം, ഷൈല ജോൺ, ലിജോ കുന്നപ്പള്ളിൽ തുടങ്ങിയവർ പ്രസംഗിച്ചു. പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി 1000 കറിവേപ്പിൻ തൈകളും വിതരണം ചെയ്തു.
മുണ്ടക്കയം: ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കേരള കർഷക യൂണിയൻ-എം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫലവൃക്ഷത്തൈകൾ വിതരണം ചെയ്തു. കർഷക യൂണിയൻ മണ്ഡലം പ്രസിഡന്റ് അജിവെട്ടുകല്ലാകുഴിക്ക് തൈ നൽകി കൊണ്ട് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഫലവൃക്ഷ തൈകളുടെ വിതരണോദ്ഘാടനം നിർവഹിച്ചു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വാർഡുകളിൽ അണു നശീകരണം നടത്തുവാൻ ഡോ. മാത്യു ജോസഫ് വയലിൽ സൗജന്യമായി നൽകിയ സ്പ്രേയറും അണുനാശക ഔഷധങ്ങളും എംഎൽഎ സർവീസ് ആർമി അംഗങ്ങൾക്ക് കൈമാറി. ജോർജുകുട്ടി ആഗസ്തി, സാജൻ കുന്നത്ത്, ചാർലി കോശി, മോളി ദേവസ്യ, ചാക്കോ തുണിയംപ്ര, ജോയി ഏബ്രഹാം തുടങ്ങിയവർ പ്രസംഗിച്ചു.
മുണ്ടക്കയം: ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി യൂത്ത്ഫ്രണ്ട് - എം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ബൈപാസ് റോഡരികിൽ ഫലവൃക്ഷ തൈകൾ നട്ടു. പഞ്ചായത്ത് പ്രസിഡന്റ് രേഖാ ദാസ് തൈ നട്ട് ഉദ്ഘാടനം നിർവഹിച്ചു. യൂത്ത്ഫ്രണ്ട്-എം മണ്ഡലം വൈസ് പ്രസിഡന്റ് ജിമ്മി കടന്തോട്ട് അധ്യക്ഷത വഹിച്ചു. ചാർലി കോശി, അജി വെട്ടുകല്ലാംകുഴി, ജേക്കബ് ആനക്കല്ലുങ്കൽ, ജോജോ തോണിപ്പാറ തുടങ്ങിയവർ നേതൃത്വം നൽകി.
മുണ്ടക്കയം: ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി ഹരിതം സഹകരണം പരിപാടിയോടനുബന്ധിച്ച് മുണ്ടക്കയം സർവീസ് സഹകരണ ബാങ്കിൽ പുളിമര തൈകൾ വിതരണം ചെയ്തു. മുതിർന്ന മെംബർ രാഘവൻ പാലിയേക്കരക്ക് പുളിമരത്തൈ നൽകിക്കൊണ്ട് ബാങ്ക് പ്രസിഡന്റ് റോയ് കപ്പലുമാക്കൽ ഹരിതം സഹകരണം പരിപാടി ഉദ്ഘാടനം ചെയ്യുതു. വൈസ് പ്രസിഡന്റ് എം.ഐ. അൻസാരി, ബെന്നി ചേറ്റുകുഴി, സെബാസ്റ്റ്യൻ ചുള്ളിത്തറ, പി.സി. സൈമൺ, ജോണി ആലപ്പാട്ട്, ടി.സി. സയ്യദ് മുഹമ്മദ്, ഡോ. ഷാജി സതുടങ്ങിയവർ പങ്കെടുത്തു.
എരുമേലി: എംഇഎസ് യൂത്ത് വിംഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വീട്ടിൽ ഒരു മരം എന്ന പദ്ധതിയുടെ ഭാഗമായി ജില്ലയിലെ നാലു താലൂക്കുകളിലുമായി അയ്യായിരത്തോളം വൃക്ഷത്തൈ വിതരണം ചെയ്തു. ജില്ലാ ഓഫീസ് അങ്കണത്തിൽ വൃക്ഷത്തൈ നട്ട് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. യൂത്ത് വിംഗ് ജില്ലാ പ്രസിഡന്റ് ഷഹിം വിലങ്ങുപാറ അധ്യക്ഷത വഹിച്ചു. ക്ഷീരകർഷകർക്ക് ഒരു കൈത്താങ്ങ് എന്ന എംഇഎസ് യൂത്ത് വിംഗ് പദ്ധതിയിൽ മൃഗങ്ങളെയും സംരക്ഷിക്കുക എന്ന ആശയം മുൻനിർത്തി 200 ക്ഷീരകർഷകർക്ക് കാലിത്തീറ്റ വിതരണവും എംഎൽഎ നിർവഹിച്ചു. എം.എം. ഹനീഫ്, ടി.എസ്.എ. റഷീദ്, ഹബീബുള്ള ഖാൻ, പി.എച്ച്. നജീബ്, തുടങ്ങിയവർ പങ്കെടുത്തു.
പാലന്പ്ര: അസംപ്ഷൻ ഹൈസ്കൂളിൽ പരിസ്ഥിതിദിന പ്രവർത്തനങ്ങൾ ഹെഡ്മാസ്റ്റർ ഫാ. ജോബി മാത്തൻകുന്നേൽ സിഎംഐ വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. ഒരു തൈ നടാം നല്ലൊരു നാളേക്കായി എന്ന പരിസ്ഥിതി പ്രമേയത്തെ അടിസ്ഥാനപ്പെടുത്തി കുട്ടികൾ വീടുകളിൽ വൃക്ഷത്തൈ നടുകയും ക്വീസ്, പോസ്റ്റർ രചന, പ്രസംഗ മത്സരം എന്നിവ നടത്തുകയും ചെയ്തു.
എലിക്കുളം: യൂത്ത് ഫ്രണ്ട്-എം എലിക്കുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനം ആചരിച്ചു. മണ്ഡലം പ്രസിഡന്റ് സച്ചിൻ കളരിക്കലിന്റെ നേതൃത്വത്തിൽ നടന്ന വൃക്ഷതൈ നടീൽ സംസ്ഥാന പ്രസിഡന്റ് സാജൻ തൊടുക ഉദ്ഘാടനം ചെയ്തു. തോമസുകുട്ടി വട്ടയ്ക്കാട്ട്, ജിമ്മിച്ചൻ ഈറ്റത്തോട്ട്, ടോമി എടയോടി, രാജേഷ് പള്ളത്ത്, ജസ്റ്റ്യൻ വട്ടക്കുന്നേൽ, സജി പേഴുംതോട്ടം, ജോമോൻ കൊല്ലം കൊമ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു.
കാഞ്ഞിരപ്പള്ളി: ഹരിതം സഹകരണം കാഞ്ഞിരപ്പള്ളി താലൂക്കുതല ഉദ്ഘാടനം കൂവപ്പള്ളി സര്‍വീസ് സഹകരണ ബാങ്ക് പരിസരത്ത് പുളിമരത്തൈ നട്ട് അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. സര്‍ക്കിള്‍ സഹകരണ യൂണിയന് ചെയര്മാന് അഡ്വ. പി. സതീഷ്ചന്ദ്രന് നായര്‍ അധ്യക്ഷത വഹിച്ചു. പരിസ്ഥിതി പ്രവര്‍ത്തകനും വൃക്ഷമിത്ര അവാര്‍ഡ് ജേതാവുമായ എസ്. ബിജു പരിസ്ഥിതി ദിന സന്ദേശം നല്കി.