ശബരിമല തീര്‍ഥാടനം: സ്പോട്ട്ബുക്കിംഗ് നിർത്തരുതെന്ന് ബിഡിജെഎസ്
1459908
Wednesday, October 9, 2024 6:41 AM IST
ചേർത്തല: കോടിക്കണക്കിനു വരുന്ന ശബരിമല തീർഥാടകർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന സ്പോട്ട്ബുക്കിംഗ് നിർത്താനുള്ള തീരുമാനം ഉപേക്ഷിച്ച് എല്ലാ ഭക്തർക്കും സുഗമമായ ദർശനത്തിനുള്ള സൗകര്യം ഒരുക്കാൻ സർക്കാർ അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന് ബിഡിജെഎസ് സംസ്ഥാന കൗൺസിൽ ആവശ്യപ്പെട്ടു.
വികലമായ തീരുമാനത്തിലൂടെ ഇതരസംസ്ഥാനങ്ങളിൽ നിന്നടക്കം വരുന്ന ലക്ഷക്കണക്കിന് ഭക്തർക്ക് ദർശനം നഷ്ടമാകും. 25 ശതമാനമെങ്കിലും ആളുകൾക്ക് സ്പോട്ട്ബുക്കു ചെയ്ത് ദർശനം നടത്തുന്നതിനുള്ള സൗകര്യം ഏർപ്പെടുത്തണം. ശബരിമല തീർഥാടനത്തെ തകർക്കുകയെന്ന ലക്ഷ്യം വർഷങ്ങളായി ശബരിമലയെ വിവാദങ്ങളിൽപ്പെടുത്തി തീർഥാടകരെ ബുദ്ധിമുട്ടിക്കുന്നരീതി ദേവസ്വം ബോർഡ് തുടർന്നുവരുന്നുയെന്നത് ആശങ്ക ഉളവാക്കുന്നതാണ്.
സർക്കാർ തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ബിഡിജെഎസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റ് പടിക്കൽ ധർണ നടത്താനും തീരുമാനിച്ചു. ചേർത്തല കരപ്പുറം റസിഡൻസിയിൽ നടന്ന സംസ്ഥാന കൗൺസിൽ, എക്സിക്യൂട്ടീവ് യോഗം സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഉപാധ്യക്ഷൻ കെ. പത്മകുമാർ അധ്യക്ഷനായി.