ബള്‍ബുകള്‍ കത്താറില്ല, കരാറുകാരൻ നോക്കാറില്ല; പ്രതിഷേധവുമായി വൈസ് പ്രസിഡന്റ് രംഗത്ത്
1454202
Wednesday, September 18, 2024 11:37 PM IST
ഹരിപ്പാട്: പ്ലക്കാര്‍ഡ് കഴുത്തില്‍ തൂക്കി പ്രതിഷേധവുമായി പഞ്ചായത്ത് വൈസ്പ്രസിഡന്റിന്റെ ഒറ്റയാൾ സമരം. വീയപുരം പഞ്ചായത്ത് വൈസ്പ്രസിഡന്റ് പി.എ. ഷാനവാസാണ് വേറിട്ട പ്രതിഷേധവുമായി കഴിഞ്ഞ ദിവസം കൂടിയ പഞ്ചായത്തു കമ്മിറ്റിയില്‍ എത്തിയത്.
വെട്ടം വേണം, അതിന് ബള്‍ബിടണം, കാലതാമസം വരുത്തരുത് എന്നാണ് പ്ലക്കാര്‍ഡിലുള്ളത്. ഒരു പോസ്റ്റില്‍ (ബള്‍ബ് കേടാകുന്ന മുറയ്ക്ക്) ഒരുവര്‍ഷത്തേക്ക് 640 രൂപപ്രകാരം 504 പോസ്റ്റില്‍ ബള്‍ബിടാനാണ് കരാര്‍. പ്ലാന്‍ഫണ്ടില്‍ നിന്നു മൂന്നരലക്ഷം രൂപ മാറ്റിവച്ചാണ് പദ്ധതി നടപ്പാക്കിയത്.
ബള്‍ബ് കേടാകുന്ന മുറയ്ക്ക് നന്നാക്കിക്കൊടുക്കണമെന്നാണ് കരാര്‍. പക്ഷേ പല വാര്‍ഡുകളിലും മാസങ്ങളായി പലയിടങ്ങളിലായി ബള്‍ബുകള്‍ കത്താറില്ല. പല പ്രാവശ്യം മെമ്പർമാര്‍ കേടായ ബള്‍ബുകള്‍ മാറ്റിത്തരണമെന്ന് ആവശ്യപ്പെട്ടിട്ടും നടപടിയെടുക്കാന്‍ ബന്ധപ്പെട്ടവര്‍ തയാറാകാത്തതില്‍ പ്രതിഷേധം നിലനില്‍ക്കുന്നുണ്ട്.
18 വോള്‍ട്ട് ബള്‍ബാണ് ഇത്തവണയിട്ടത്. 2025 ഫെബ്രുവരി മാസം വരെ കത്താത്ത ബള്‍ബുകള്‍ മാറിക്കൊടുക്കണമെന്നാണ് കരാര്‍. ഇതിനും കരാറുകാരന് തയാറാകുന്നില്ല. ഒരുപോസ്റ്റില്‍ ഒരു ബള്‍ബ് ഇടുന്നതിന് 200 രൂപയോളം ചെലവാകുമെന്നിരിക്കെ ഭീമമായ തുക കൈപ്പറ്റുകയാണ് കരാറുകാരന്. കരാറുകാരനുമായുള്ള ചിലരുടെ ഒത്തുകളികള്‍ നാടിനെ ഇരുട്ടിലാക്കുകയാണ്. കരാര്‍ നടപ്പാക്കുന്നതില്‍ കാലതാമസം നേരിട്ടപ്പോള്‍ പലമെമ്പർമാരും കൈക്കാശുകൊടുത്ത് ബള്ബിട്ടിരുന്നു.
ഇങ്ങനെ ഇട്ട ബള്‍ബുകള്‍ കേടായാല്‍ കരാറുകാരന് മാറിത്തരാത്തത് മെമ്പർമാര്‍ക്ക് ബാധ്യതയാകുകയാണ്. കേടായ ബള്‍ബ് മാറ്റിത്തരാന്‍ തയാറാകാത്ത കരാറുകാരനില്‍ നിന്നു നഷ്ടപരിഹാരം ഈടാക്കണമെന്നും കരാര്‍ ലംഘിക്കുന്ന കരാറുകാരന് ഇനിയും കരാര്‍ നല്‍കരുതെന്നും പി.എ. ഷാനവാസ് ആവശ്യപ്പെട്ടു.