ഉത്രട്ടാതി ജലോത്സവം: ജലനിരപ്പ് ക്രമീകരിക്കാൻ പ്രത്യേക സംവിധാനം
1453112
Friday, September 13, 2024 11:50 PM IST
പത്തനംതിട്ട: ആറന്മുള ഉത്രട്ടാതി ജലോത്സവ ക്രമീകരണങ്ങൾ കുറ്റമറ്റതാക്കുന്നതിലേക്ക് ഔദ്യോഗികതല ക്രമീകരണങ്ങൾ ആരംഭിച്ചു. ക്രമസമാധാനപാലനവും സുരക്ഷയും ഉറപ്പാക്കാനായി പോലിസിന്റെ 650 അംഗ സേനയെ വിന്യസിക്കും. പള്ളിയോട സേവാ സമിതിയുമായി ചേര്‍ന്ന് ബോട്ട് പെട്രോളിംഗ് സുശക്തമാക്കും. 17, 18 തീയതികളില്‍ പമ്പാ നദിയിലെ ജലവിതാനം ക്രമീകരിച്ചു നിലനിര്‍ത്തുന്നതിന് പമ്പ ഇറിഗേഷന്‍ പ്രോജക്ട് നടപടി സ്വീകരിക്കണം.
ആറന്മുളയിലും പരിസര പ്രദേശങ്ങളിലും വ്യാജമദ്യം, നിരോധിത ലഹരി വസ്തുക്കള്‍ എന്നിവയുടെ വില്പന തടയുന്നതിന് എക്സൈസ് വകുപ്പ് പരിശോധന കൂടുതല്‍ ഊര്‍ജിതമാക്കണം. ശുദ്ധമായ കുടിവെള്ളത്തിന്റെ ലഭ്യത ജല അഥോറിറ്റി ഉറപ്പാക്കും.
കോഴഞ്ചരിയിലെ ജില്ലാ ആശുപത്രിയില്‍ ആവശ്യത്തിന് ഡോക്ടര്‍മാരുടേയും ജീവനക്കാരുടേയും സേവനവും അധിക കിടക്കകളും ആരോഗ്യവകുപ്പ് ഒരുക്കും. പ്രാഥമിക ആരോഗ്യകേന്ദ്രങ്ങള്‍ മുഖാന്തിരം ക്ലോറിനേഷന് നടത്താനും നിർദേശം നൽകി. ആംബുലന്‍സ് സേവനവും ഉറപ്പാക്കും.