റെയിൽവേ വികസനം വേഗത്തിലാക്കണം: കൊടിക്കുന്നിൽ സുരേഷ് എംപി
1443787
Sunday, August 11, 2024 2:28 AM IST
ചെങ്ങനൂർ: കേരളത്തിലെ റെയിൽവേ വികസനം അതിവേഗത്തിലാക്കണമെന്ന് കോൺഗ്രസ് ലോക്സഭ ചീഫ് വിപ്പ് കൊടിക്കുന്നിൽ സുരേഷ് എംപി. കേരളത്തോടുള്ള റെയിൽവേ ബജറ്റിലെ അവഗണനയെക്കുറിച്ചും കേരളത്തിന്റെ ആവശ്യങ്ങളെക്കുറിച്ചും ചർച്ച ചെയ്യാനായി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനെ സന്ദർശിച്ച് അദ്ദേഹത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ പ്രധാനപ്പെട്ട സ്റ്റേഷനുകളിൽ അമൃതഭാരത് പദ്ധതിക്ക് കീഴിൽ വികസന പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെങ്കിലും നിർമാണ പുരോഗതി സാവധാനത്തിലാണ് പോകുന്നത്. ഇതുമൂലം യാത്രക്കാർക്കുണ്ടാവുന്ന ബുദ്ധിമുട്ട് വളരെയധികമാണ്. ശബരിമലയുടെ കവാടമായ ചെങ്ങന്നൂരിലും കേരളത്തിന്റെ വാണിജ്യ തലസ്ഥാനമായ എറണാകുളത്തുമടക്കം നടക്കുന്ന വികസന പ്രവർത്തനങ്ങൾക്ക് വേഗം കൂട്ടണം.
ചെങ്ങന്നൂരിലെ വികസന പ്രവർത്തനങ്ങൾ അടുത്ത മണ്ഡലകാലത്തിന് മുൻപെങ്കിലും അടിയന്തരമായി പൂർത്തീകരിക്കണം. നിലവിൽ തെരഞ്ഞെടുത്തിട്ടുള്ള സ്റ്റേഷനുകൾക്കൊപ്പം അടുത്തഘട്ടത്തിൽ കൊട്ടാരക്കര, ശാസ്താംകോട്ട അടക്കമുള്ള കേരളത്തിലെ മറ്റു റെയിൽവേ സ്റ്റേഷനുകളിൽ കൂടി അമൃത് ഭാരത് പദ്ധതി വ്യാപിപ്പിക്കണമെന്നും കുര, മൺറോത്തുരുത്ത്, ചെറിയനാട് എന്നീ സ്റ്റേഷനുകൾ ക്രോസിംഗ് സ്റ്റേഷനുകൾ ആയി അപ്ഗ്രേഡ് ചെയ്യണമെന്നും കൊടിക്കുന്നിൽ സുരേഷ് എംപി മന്ത്രിയോട് ആവശ്യപ്പെട്ടു.
ഏറ്റവും കൂടുതൽ ആളുകൾ ദിനംപ്രതി ഉപയോഗപ്പെടുത്തുന്ന ജനശതാബ്ദി അടക്കമുള്ള ട്രെയിനുകളിൽ വളരെ മോശം കമ്പാർട്ട്മെന്റുകളാണ് നിലവിൽ ഉപയോഗിക്കുന്നത്.
ഭൂരിഭാഗം പാസഞ്ചർ ട്രെയിനുകളിലും പത്തു വർഷത്തിലേറെ പഴക്കമുള്ള കമ്പാർട്ട്മെന്റുകളാണ് നിലവിലുള്ളത്. ഇവയെല്ലാം അടിയന്തരമായി പിൻവലിച്ച് പുതിയ കോച്ചുകൾ അനുവദിക്കണമെന്നും എംപി ആവ ശ്യപ്പെട്ടു.