അപകടഭീഷണിയായി ആൽമരം
1431382
Monday, June 24, 2024 10:49 PM IST
മാങ്കാംകുഴി: റോഡരികിൽ നിൽക്കുന്ന ആൽമരം ശക്തമായ കാറ്റിൽ റോഡിലേക്ക് ചാഞ്ഞ് അപകടഭീഷണി ഉയർത്തിയിട്ടും വെട്ടിമാറ്റാൻ നടപടി സ്വീകരിക്കാത്തതിനെതിരേ നാട്ടുകാരുടെ പ്രതിഷേധം. വെട്ടിയാർ വില്ലേജ് ഓഫീസിനു സമീപം മാങ്കാംകുഴി കോട്ടമുക്ക് ജംഗ്ഷനിലെ ആൽമരമാണ് കഴിഞ്ഞദിവസമുണ്ടാ യ ശക്തമായ കാറ്റിൽ റോഡിലേക്ക് ചാഞ്ഞത്.
ഉടൻതന്നെ നാട്ടുകാരും സമീപവാസികളും മാവേലിക്കര അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചെങ്കിലും മരം വീണാൽ വെട്ടിമാറ്റാം എന്നല്ലാതെ വേറെ നടപടി സ്വീകരിക്കാൻ അഗ്നിരക്ഷാസേനയ്ക്ക് അധികാരമില്ലന്ന് ചൂണ്ടിക്കാട്ടി അവർ മടങ്ങി.
ഇനി ഒരു ശക്തമായ കാറ്റുകൂടി വീശിയിൽ ആൽമരം കടപുഴകി വീഴുന്ന അവസ്ഥയാണ്. സമീപ വാസികൾ പഞ്ചായത്തിൽ പരാതി നൽകിയെങ്കിലും നടപടി സ്വീകരിക്കേണ്ടത് കൊല്ലം -തേനി ദേശീയപാത അഥോറിറ്റിയാണെന്നാണ് പഞ്ചായത്ത് അറിയിച്ചത്. ഇതേത്തുടർന്ന് അപകടഭീഷണിയായി മാറിയ മരം വെട്ടിമാറ്റാൻ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി നാട്ടുകാർ കൊല്ലം -തേനി ദേശീയപാത അഥോറിറ്റിയെ സമീപിച്ചിരിക്കുകയാണ്. മരം റോഡിലേക്ക് ചാഞ്ഞതിനാൽ യാത്രക്കാർക്കും ഇത് വലിയ അപകടഭീഷണി ഉയർത്തുകയാണ്.