അമ്പലപ്പുഴയുടെ വിവിധ തീരങ്ങളില്‍ കടല്‍ കയറ്റം
1431163
Sunday, June 23, 2024 10:54 PM IST
അമ്പലപ്പുഴ: അമ്പലപ്പുഴയുടെ വിവിധ തീരങ്ങളില്‍ കടല്‍ കയറ്റം ശക്തമായി. ഇന്നലെ രാവിലെ മുതലാണ് ശാന്തമായ തീരം പ്രഷ്ബുദ്ധമായത്. കേന്ദ്ര കാലാവസ്ഥ ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെത്തുടര്‍ന്നു മത്സ്യബന്ധനത്തിനു പോയ ചില വള്ളങ്ങള്‍ തോട്ടപ്പള്ളി ഹാര്‍ബറില്‍ അടുപ്പിച്ചു. പുറക്കാട്, കരൂര്‍, ആനന്ദേശ്വരം, കാക്കാഴം, വളഞ്ഞവഴി, വണ്ടാനം മാധവന് മുക്ക്, പൂമീന്‍ പൊഴി, പുന്നപ്രചള്ളി, വിയാനി, സമരഭൂമിനര് ബോണ, പറവൂര്‍ ഗലീലിയ, വാടക്കല്‍ അറപ്പപൊഴി മത്സ്യഗന്ധി, വട്ടയാല്‍ വാടപ്പൊഴി തുടങ്ങിയ തീരങ്ങളിലെല്ലാം കടല്‍ ശക്തമാണ്.
ഇന്നലെ വൈകിട്ടോടെ പടിഞ്ഞാറ് പുറംകടലില്‍ രൂപപ്പെട്ട കൂറ്റന്‍ തിരമാലകള്‍ ശക്തിയാര്‍ജിച്ച് കരയിലേക്ക് ആഞ്ഞടിക്കുകയാണ്. പുന്നപ്ര ചള്ളി ഫിഷ് ലാന്‍ഡ് സെന്റര്‍ ഭാഗത്ത് മീറ്ററുകളോളം കടല്‍ തീരം കവര്‍ന്ന് ഇരച്ചുകയറുന്നതു ഇവിടെ കയറ്റിവച്ചിരിക്കുന്ന വള്ളങ്ങള്‍ക്കും പൊന്തുകള്‍ക്കും ഭീഷണിയായി. കടല്‍കയറ്റത്തെ തുടര്‍ന്ന് ചള്ളി തീരത്തു നിലം പൊത്താറായ ഹൈമാസ്റ്റ് ലൈറ്റ് കഴിഞ്ഞ ദിവസം അധികൃതര്‍ ഇളക്കി ഇവിടെനിന്നു മാറ്റിയതിനാല്‍ ലക്ഷങ്ങളുടെ നാശം ഒഴിവായി. ഇനി കടലെടുത്ത തൂണുകള്‍ മാത്രമാണ് അവശേഷിക്കുന്നത്.
പുന്ന പ്രവിയാനി തീരത്തു കടല്‍ശക്തമാണ്. ഇവിടെ കടല്‍ ഭിത്തിയില്ലാത്തതുമൂലം ശക്തി പ്രാപിച്ച തിരമാലകള്‍ തീരദേശ റോഡുവരെ ഇരച്ചുകയറി. വിയാനി തീരത്ത് കടല്‍ ഭിത്തികെട്ടണമെന്നുള്ള നാട്ടുകാരുടെ ആവശ്യത്തിന് ഇതു വരെ പരിഹാരം കാണാന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല.