ജി. സുധാകരൻ പറയുന്നതു പാർട്ടി മെംബർമാർ പറയാൻ പാടില്ലാത്ത കാര്യങ്ങൾ: എച്ച്. സലാം എംഎൽഎ
1430050
Tuesday, June 18, 2024 11:36 PM IST
ആലപ്പുഴ: കുറച്ചുനാളുകളായി ജി. സുധാകരൻ പാർട്ടി മെമ്പർഷിപ്പ് ഉള്ളവർ പറയാൻ പാടില്ലാത്ത കാര്യങ്ങൾ പരസ്യമായി പറയുകയാണെന്ന് എച്ച്. സലാം എംഎൽഎ. വണ്ടാനത്ത് മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു എച്ച്. സലാം. ജില്ലയിലെ പാർട്ടിക്കും സംസ്ഥാനത്തെ പാർട്ടിക്കും ഒത്തിരി സംഭാവന ചെയ്ത ആൾ എന്ന നിലയിൽ ഞങ്ങളെല്ലാം ബഹുമാനിക്കുന്ന നേതാവാണ് ജി. സുധാകരൻ. അദ്ദേഹത്തെ ഒരിക്കലും അവഗണിച്ചുവെന്ന് പറയാൻ പറ്റില്ല. പരിഗണിക്കുന്നത് പാർലമെന്ററി രംഗത്ത് മാത്രമല്ലല്ലോ. പൊതുസമൂഹത്തോട് എന്തൊക്കെ പറയണം, എന്തൊക്കെ പറയേണ്ട എന്ന് ചിന്തിക്കേണ്ടത് സുധാകരനാണ്. ഞങ്ങളെല്ലാവരും പിതൃസ്ഥാനീയനായി കാണുന്ന വ്യക്തിയാണ് അദ്ദേഹം.
പാർട്ടിയുടെ തോൽവി പരിശോധിക്കപ്പെടുകതന്നെ ചെയ്യും. എല്ലാക്കാലത്തും തോൽവിയെ അതിജീവിച്ച് വന്ന പാർട്ടിയാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനം.ആലപ്പുഴയിലെ പാർട്ടിക്കും ഇവിടെയുള്ള പൊതുസമൂഹത്തിനും മുതിർന്ന നേതാക്കന്മാർക്കും ഗൗരിയമ്മ പോയതിനെക്കുറിച്ച് കൃത്യമായി അറിയാം. പഴയതെല്ലാം മറന്നുപോയി എന്ന് ധരിച്ചിട്ട് കാര്യമില്ല. ഗൗരിയമ്മയെപോലെ ഒരു നേതാവ് പാർട്ടിയിൽനിന്നു പുറത്തുപോയതിനെപ്പറ്റി അന്വേഷിച്ചാൽ പലതും പറയാനുണ്ടാവും. വിഎസ് അന്ന് പ്രസംഗിച്ചപ്പോൾ പറഞ്ഞത് മൂത്ത സഹോദരീ മടങ്ങിവരൂ എന്നാണ്. എവിടെയൊക്കെ പിഴവു വന്നു. മറ്റു ഘടകങ്ങൾ എന്താണെന്ന് വ്യക്തമായി പരിശോധിക്കപ്പെടുകതന്നെ ചെയ്യുമെന്നും എച്ച്. സലാം പറഞ്ഞു.