കായംകുളം കെഎസ്ആര്‍ടിസി ഡിപ്പോ കെട്ടിടം പൊളിക്കാന്‍ അനുമതി
1429818
Sunday, June 16, 2024 11:23 PM IST
കായംകുളം: ശോചനീയാവസ്ഥയില്‍ തുടരുന്ന കായംകുളം കെഎസ്ആര്‍ടിസി ഡിപ്പോ കെട്ടിടത്തിന്റെ പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ട് നിലവിലുള്ള കെട്ടിടം പൊളിച്ചുമാറ്റാന്‍ കെഎസ്ആര്‍ടിസി അനുമതി നല്കി. മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഉറപ്പുവരുത്തിക്കൊണ്ട് സമര്‍പ്പിച്ച പുതിയ കെട്ടിടത്തിന്റെ പ്ലാനിന് ഗതാഗതവകുപ്പ് മന്ത്രി കെ.ബി. ഗണേഷ്കുമാര് അംഗീകാരവും നല്കി.
കെഎസ്ആര്‍ടിസിയുടെ സിവില്വിംഗിനു പകരം പുതിയതായി നിര്‍മിക്കുന്ന എല്ലാ കെട്ടിടങ്ങളും പൊതുമരാമത്ത് വകുപ്പുമായി ചേര്‍ന്നുകൊണ്ട് പൂര്‍ത്തിയാക്കുന്നതുമായി ബന്ധപ്പെട്ട് ഗതാഗത-പൊതുമരാമത്ത് വകുപ്പ് മന്ത്രിമാരുടെ സാന്നിധ്യത്തിലുള്ള സംയുക്ത യോഗം ഇന്നലെ ചേര്‍ന്നു. കെഎസ്ആര്‍ടിസിയുടെ പുതിയ കെട്ടിടങ്ങളുടെ നിര്‍മാണത്തിന് ഗതാഗത വകുപ്പും പൊതുമരാമത്ത് വകുപ്പും കൈകോര്‍ക്കും.
പൊതുജനങ്ങള്‍ക്കും ജീവനക്കാര്‍ക്കും ഭീഷണിയായി തുടരുന്ന കായംകുളം ഡിപ്പോ കെട്ടിടം പൊളിച്ചു മാറ്റി സുരക്ഷിതമായ പുതിയ കെട്ടിടം പണിയണം എന്ന വളരെയേറെക്കാലത്തെ ആവശ്യം ഉടനെ സാക്ഷാത്കരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. അധികം വൈകാതെതന്നെ കായംകുളം ഡിപ്പോ കെട്ടിടത്തിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുംവിധമുള്ള നടപടികളാണ് പുരോഗമിക്കുന്നത്.