പച്ചക്കറിവില കുതിച്ചുയരുന്നു; കിതച്ച് ജനം
1429814
Sunday, June 16, 2024 11:23 PM IST
തുറവൂര്‍ : തമിഴ്നാട്ടില്‍നിന്ന് കേരളത്തിലെ വിപണികളില്‍ പച്ചക്കറി വരവ് കുറഞ്ഞതോടെ കേരളത്തിലെ മാര്‍ക്കറ്റുകളില്‍ പച്ചക്കറി വില കുതിച്ചുയരുന്നു. ചേര്‍ത്തല താലൂക്കിന്റെ വിവിധ മേഖലകളില്‍ പക്ഷിപ്പനി പടര്‍ന്നതോടെ മുട്ട, മാംസം എന്നിവയുടെ വില്‍പ്പനയും ഉപയോഗത്തിനും മേഖലയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ പച്ചക്കറി മാത്രമാണ് ജനങ്ങളുടെ ആശ്രയം. കോഴിയിറച്ചിയുടെയും മുട്ടയുടെയും ഉപയോഗം അധികം ഉണ്ടായിരുന്ന മേഘലകളിലും മത്സ്യ ഉപയോഗം കൂടുതല്‍ ഉണ്ടായിരുന്ന തീരമേഖലയിലേയും ഉള്‍നാടന്‍ ഗ്രാമങ്ങളിലേയും ആളുകളില്‍ പച്ചക്കറിയുടെ ഉപയോഗം വര്‍ധിക്കുന്നതും വില വര്‍ധനവിന് കാരണമായിട്ടുണ്ട്.
തക്കാളി 100 രൂപ, വെണ്ടയ്ക്ക 50 രൂപ, അച്ചിങ്ങാപയര്‍ 100 രൂപ, ബീന്‍സ് 200 രൂപ, ക്യാരറ്റ് 80 രൂപ എന്നിങ്ങനെയാണ് പച്ചക്കറിക്കുടെ വില. ഉപഭോഗത്തിനനുസരിച്ച് സംസ്ഥാനത്ത് ഉത്പാദനം ഇല്ലാത്തതും പ്രതിസന്ധി ആവുകയാണ്. ഇതരസംസ്ഥാനങ്ങളില്‍നിന്നു സുലഭമായി ലഭിച്ചിരുന്ന പലതരം പച്ചക്കറികളും അവിടെയുണ്ടായ ദൗര്‍ലഭ്യംമൂലം വരവ് കുറഞ്ഞതും വിപണികളില്‍ പച്ചക്കറിവില ഉയരുന്നതിന് കാരണമായിട്ടുണ്ട്. മിക്കവാറും എല്ലാ പച്ചക്കറി ഇനങ്ങള്‍ക്കും വന്‍തോതില്‍ വില കയറിയിട്ടുണ്ട്. മേഖലയില്‍ സുലഭമായിരുന്ന പച്ചക്കറികള്‍ പലതും വിപണിയില്‍ ലഭ്യമാകാത്ത സ്ഥിതിയാണ്.
നാട്ടിന്‍പുറത്തെ കരപ്പാടങ്ങളിലും മറ്റും പച്ചക്കറി കൃഷി വ്യാപിപ്പിച്ചാല്‍ മാത്രമേ പ്രതിസന്ധിക്ക് ഒരു പരിധിവരെ എങ്കിലും പരിഹാരം കാണാന്‍ കഴിയൂ എന്നാണ് പൊതുവേ ഉയരുന്ന വിലയിരുത്തല്‍.