ക്ഷേത്രവളപ്പിൽ അപകടഭീഷണിയുമായി കൂറ്റൻ ബോർഡ്
1429532
Sunday, June 16, 2024 2:53 AM IST
അമ്പലപ്പുഴ: ക്ഷേത്ര വളപ്പിൽ സ്ഥാപിച്ച കൂറ്റൻ ബോർഡ് അപകടഭീഷണി ഉയർത്തുന്നു.
തകഴി ശ്രീധർമ ശാസ്താക്ഷേത്ര വളപ്പിൽ സ്ഥാപിച്ചിരിക്കുന്ന ബോർഡാണ് ഭക്തരുടെയും നാട്ടുകാരുടെയും ജീവനു ഭീഷണിയായിരിക്കുന്നത്. തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രത്തിൽ ഇപ്പോൾ ഡിജിറ്റൽ പേയ്മെന്റ് സേവനം ലഭ്യമാണെന്ന കൂറ്റൻ ബോർഡ് ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ റോഡിനോടു ചേർന്ന് സ്ഥാപിച്ചിരിക്കുന്നത് ഐസിഐസിഐ ബാങ്കാണ്.
മൂന്നു തൂണുകളിലായി നാല് മാസം മുൻപാണ് ഈ ബോർഡ് സ്ഥാപിച്ചത്. എന്നാൽ ശരിയായ രീതിയിൽ തൂണുകൾ സ്ഥാപിക്കാത്തതിനാൽ ഇവ ഭീഷണിയായി നിൽക്കുകയാണ്. തൂണുകളുടെ അടിഭാഗം ഇളകിയതിനാൽ ഏതു നിമിഷവും ബോർഡ് നിലം പതിക്കുമെന്ന അവസ്ഥയാണ്.
കഴിഞ്ഞ ഒരുമാസക്കാലമായി ബോർഡ് ഈ അപകടാവസ്ഥയിൽ നിന്നിട്ടും ദേവസ്വം ബോർഡോ ക്ഷേത്രോപദേശക സമിതി ഭാരവാഹികളോ ഇതിന് പരിഹാരം കാണാൻ ശ്രമിച്ചിട്ടില്ല. തൊട്ടടുത്ത റോഡിലൂടെ ദിവസവും സ്കൂൾ വിദ്യാർഥികളടക്കം നൂറുകണക്കിന് പേരാണ് യാത്ര ചെയ്യുന്നത്. അപകടാവസ്ഥയിലായ ബോർഡ് നീക്കം ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.