പുതുമോടിയിൽ ജനറൽ ആശുപത്രി; അത്യാധുനിക സൗകര്യങ്ങൾ ഓഗസ്റ്റിൽ
1429117
Friday, June 14, 2024 12:01 AM IST
അമ്പലപ്പുഴ: അത്യാധുനിക സൗകര്യങ്ങളോടെയുള്ള ജനറൽ ആശുപത്രി കെട്ടിടം ഓഗസ്റ്റിൽ തുറക്കും. നിർമാണം പൂർത്തിയാക്കിയ ആലപ്പുഴ ജനറൽ ആശുപത്രിയിലെ പുതിയ കെട്ടിടം ഓഗസ്റ്റിൽ നാടിനു സമർപ്പിക്കുമെന്ന് എച്ച്. സലാം എംഎൽഎ പറഞ്ഞു.
മുഴുവൻ ഔട്ട് പേഷ്യന്റ് വിഭാഗവും ഇവിടേക്കു മാറ്റും. കെട്ടിട നിർമാണം പൂർത്തിയായെങ്കിലും ഉപകരണങ്ങളും ഫർണീച്ചറും ഉൾപ്പെടെയുള്ള സൗകര്യങ്ങൾ സജ്ജമാക്കിയ ശേഷം പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഓഗസ്റ്റിൽ നടത്താമെന്ന് എം എൽ എ യോഗത്തിൽ പറഞ്ഞു.
ജനറൽ ആശുപത്രിയിൽ ചേർന്ന ആശുപത്രി ഉപദേശകസമിതിയോഗത്തിൽ സംസാരിക്കുകയായിരുന്നു എംഎൽഎ. ഫാർമസി, ലാബ്, റേഡിയോളജി വിഭാഗങ്ങളുൾപ്പെടെ നിലവിൽ പ്രവർത്തിച്ചുവരുന്ന എല്ലാ ഒപി യും പുതിയ കെട്ടിടത്തിലേക്കു മാറും.
എംആർഐ, മാമോഗ്രാം, എക്സ് റേ എന്നിവയുടെ ഇൻസ്റ്റലേഷൻ നടപടികൾ തുടരുകയാണ്. പകുതിയിലേറെ മെഡിക്കൽ ഉപകരണങ്ങൾ എത്തിക്കഴിഞ്ഞു. സിടി, അൾട്രാ സൗണ്ട് ഉൾപ്പെടെയുള്ള അത്യാധുനിക സൗകര്യങ്ങളും പുതിയ കെട്ടിടത്തിൽ ഉണ്ടാകും.
പുതിയ ഒപി ബ്ലോക്ക് നിർമാണത്തിനായി 117 കോടി രൂപയാണ് ചെലവഴിച്ചത്. നിർമാണം പൂർത്തീകരിച്ച് കെട്ടിടം കൈമാറിയിട്ടുണ്ട്. മെഷീനറികൾ സ്ഥാപിക്കുന്ന നടപടികളാണ് ഇപ്പോൾ പുരോഗമിക്കുന്നതെന്നും എച്ച്. സലാം പറഞ്ഞു.
യോഗത്തിൽ നഗരസഭാ ചെയർപേഴ്സൺ കെ.കെ. ജയമ്മ, വൈസ് ചെയർമാൻ പി.എസ്. എം. ഹുസൈൻ, സ്ഥിരം സമിതി അധ്യക്ഷരായ എ.എസ്. കവിത, എം.ആർ. പ്രേം തുടങ്ങിയവർ പങ്കെടുത്തു.
ജനറല്‍ ആശുപത്രിയില്‍ സ്ട്രോക്ക് ഐസിയു തുറന്നു
ആലപ്പുഴ: ജനറല്‍ ആശുപത്രിയില്‍ പുതുതായി ഒരുക്കിയ പക്ഷാഘാത തീവ്രപരിചരണ യൂണിറ്റ് എച്ച്. സലാം എംഎല്‍എ ഉദ്ഘാടനം ചെയ്തു. പക്ഷാഘാതം നേരിടുന്ന അടിയന്തര സ്വഭാവമുള്ള രോഗികള്‍ക്കുള്ള സൗകര്യങ്ങളും ഉപകരണങ്ങളും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ അനാഥരായ രോഗികള്‍ക്കു സഹായമായി ഡ്രസ് ബാങ്കും ആശുപത്രിയോടനുബന്ധിച്ച് ആരംഭിച്ചു. ഇവിടെ ശേഖരിക്കുന്ന വസ്ത്രങ്ങള്‍ ആവശ്യക്കാര്‍ക്ക് അതത് സമയത്ത് ആശുപത്രി ജീവനക്കാര്‍ ലഭ്യമാക്കും. നഗരസഭാ ചെയര്‍പേഴ്സണ്‍ കെ.കെ. ജയമ്മ ഡ്രസ് ബാങ്കിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.