നെല്ലുസംഭരണത്തിനുള്ള താങ്ങുവില കേന്ദ്രം കുടിശികയാക്കുന്നു
1397032
Sunday, March 3, 2024 5:19 AM IST
ആലപ്പുഴ: നെൽക്കൃഷിയുടെ കാര്യത്തിൽ സവിശേഷ ശ്രദ്ധയാണ് സർക്കാർ ചെലുത്തിക്കൊണ്ടിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആലപ്പുഴയിൽ നടന്ന മുഖാമുഖം പരിപാടിയിൽ പറഞ്ഞു.
ഈ സീസണിൽ ഇതുവരെ 2,34,573 കർഷകരിൽ നിന്നായി 1.47 ലക്ഷം മെട്രിക് ടൺ നെല്ല് സംഭരിച്ചിട്ടുണ്ട്. സംഭരണവിലയായി 65,535 കർഷകർക്കായി 335.10 കോടി രൂപ വിതരണം ചെയ്തിട്ടുണ്ട്. ഇക്കഴിഞ്ഞ ദിവസം നെല്ലു സംരംഭണത്തിനായി സിവിൽ സപ്ലൈസ് കോർപറേഷന് 203.9 കോടി രൂപ കൂടി അനുവദിച്ചു. നെല്ലു സംഭരണത്തിനുള്ള താങ്ങുവില സഹായം കേന്ദ്ര സർക്കാർ ഏറെ നാളായി കുടിശികയാക്കിയിരിക്കുകയാണ്.
ഈ സാഹചര്യത്തിലാണ് സംസ്ഥാനം അടിയന്തരമായി തുക ലഭ്യമാക്കിയത്. താങ്ങുവില സഹായ ഇനത്തിൽ കേന്ദ്രസർക്കാർ മൂന്നുവർഷമായി വരുത്തിയ കുടിശിക 763 കോടി രൂപയാണ്. ഈ വർഷത്തെ കുടിശിക മാത്രം 388.81 കോടി രൂപയുണ്ട്.
കേന്ദ്ര സർക്കാർ വിഹിതത്തിനായി കാത്തുനിൽക്കാതെ, നെല്ല് സംഭരിക്കുമ്പോൾ തന്നെ കർഷകർക്കു വില നൽകുന്നതാണ് കേരളത്തിലെ രീതി.
സംസ്ഥാന സബ്സിഡി ഉറപ്പാക്കി നെല്ലിന് ഏറ്റവും ഉയർന്ന വില ലഭ്യമാക്കുന്നതു കേരളത്തിൽ മാത്രമാണ്. കാർഷിക മേഖലയിലെ ഇടപെടൽ മുലം നെല്ലിന്റെ ഉത്പാദനക്ഷമത ഹെക്ടറിന് 2,547 കിലോയിൽ നിന്ന് 4,560 കിലോയിലേക്ക് ഉയർത്താൻ കഴിഞ്ഞു.
കൃഷിമന്ത്രി പി.പ്രസാദ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ സജി ചെറിയാൻ, ജെ. ചിഞ്ചുറാണി, എ.എം. ആരിഫ് എംപി., എംഎൽഎമാരായ പി.പി. ചിത്തരഞ്ജൻ, എച്ച്. സലാം, തോമസ് കെ. തോമസ്, എം.എസ്. അരുൺകുമാർ, ദിലീമ ജോജോ, കാർഷികോത്പാദന കമ്മീഷ്ണർ ഡോ. ബി. അശോക്, ഫിഷറീസ് പ്രിൻസിപ്പൽ സെക്രട്ടറി കെ.എസ്. ശ്രീനിവാസ്, മൃഗസംരക്ഷണ ക്ഷീരവികസന സെക്രട്ടറി പ്രണബ് ജ്യോതിനാഥ്, കാർഷിക വികസന കർഷകക്ഷേമ ഡയറക്ടർ സീറാം സാംബശിവറാവു, ജില്ലാ കളക്ടർ ജോൺ വി. സാമുവൽ, മറ്റു ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.