കിഡ്നി കാന്‍സര്‍: ആദിദേവിന്റെ ശസ്ത്രക്രിയയ്ക്ക് കുടുംബം സഹായം തേടുന്നു
1396693
Friday, March 1, 2024 11:19 PM IST
ചെങ്ങന്നൂര്‍: ഓടിക്കളിക്കേണ്ട പ്രായത്തില്‍ കുഞ്ഞ് ആദിദേവ് ഇരുവൃക്കകളെയും ബാധിച്ച കാന്‍സറിന്റെ വേദനയിലാണ്. ചെങ്ങന്നൂര്‍ ചെറിയനാട് പടിപ്പുരയ്ക്കല്‍ വടക്കേതില്‍ ബീനാകുമാരിയുടെയും ഒ.എസ്. അജിത്ത് കുമാറിന്റെയും ഏക മകന് ആദിദേവ് (രണ്ടര) ആണ് ചികിത്സയിലുള്ളത്. അഞ്ചു മാസം മുമ്പുണ്ടായ വിട്ടുമാറാത്ത വയറു വേദനയില്‍നിന്നാണ് കാന്‍സര്‍ കണ്ടെത്തിയത്. പരിശോധനയില്‍ രണ്ടു വൃക്കകളിലും കൂടി അഞ്ചു മുഴകള്‍ കണ്ടെത്തി. വൃക്കകളില്‍ കാന്‍സര്‍ ബാധിച്ച രണ്ടര വയസുകാരനെ സാധാരണ ജീവിതത്തിലേക്കു തിരിച്ചുകൊണ്ടുവരാന്‍ സുമനസുകളുടെ സഹായം തേടുകയാണ് ഈ നിര്‍ധന കുടുംബം.
കൂലിപ്പണിക്കാരനായ അജിത്തും കുടുംബവും മകന്റെ അടിയന്തര ശസ്ത്രക്രിയയ്ക്കും തുടര്‍ചികിത്സയ്ക്കും പണം കണ്ടെത്താനാവാതെ ബുദ്ധിമുട്ടുകയാണ്. അഞ്ചു വയസില്‍ താഴെയുള്ള കുട്ടികളെ അപൂര്‍വമായി ബാധിക്കുന്ന ട്യൂമര്‍ ആണെന്നു സ്ഥിരീകരിച്ചതോടെ തിരുവനന്തപുരം ആര്‍സിസിയില്‍ ചികിത്സ തുടങ്ങി.
പിന്നീട് ശസ്ത്രക്രിയയ്ക്കായി ആര്‍സിസിയില്‍ നിന്നും മുംബൈയിലെ ടാറ്റാ മെമ്മോറിയല്‍ ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. പക്ഷേ, അവിടത്തെ ചെലവ് താങ്ങാന്‍ കഴിയാതെ നാട്ടുകാരുടെ സഹായത്തോടെ ഇക്കഴിഞ്ഞ ഡിസംബറില്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ആദ്യത്തെ ശസ്ത്രക്രിയ നടത്തി. ഇതുവരെയുള്ള ചികിത്സയ്ക്കും കീമോ തെറാപ്പിക്കുമടക്കം വലിയൊരു തുക ചെലവായി. സ്വന്തമായി വീടോ സ്ഥലമോ പോലും ഈ സാധു കുടുംബത്തിനില്ല.
ഒരു സുഹൃത്തിന്റെ സഹായത്താല്‍ വാടകയില്ലാതെ അദ്ദേഹത്തിന്റെ വീട്ടില്‍ താമസിച്ചുവരികയാണ്. അജിത്ത് കുമാറിന്റെ പേരില്‍ സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ റാന്നി ശാഖയില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 4055445380. ഐഎഫ്സികോഡ്: സിബിഐഎന്‍-0280991. (സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ റാന്നി ശാഖ). ഫോണ്‍: 8156819640, 8606595747.