ഉത്തരവാദി സർക്കാരും ബാങ്കുകളും: കർഷക കോൺഗ്രസ്
1336592
Tuesday, September 19, 2023 12:01 AM IST
അമ്പലപ്പുഴ: കടബാധ്യതയും മാനസിക സംഘര്‍ഷവും മൂലം ആത്മഹത്യ ചെയ്ത കെ.ആര്. രാജപ്പന്റെ വീട്ടിൽ കിസാൻ കോൺഗ്രസ് ദേശീയ കോ-ഓർഡിനേറ്റർ ലാൽ വർഗീസ് കൽപ്പകവാടി സന്ദർശനം നടത്തി. രാജപ്പന്റെ മരണത്തിന് സർക്കാരും ബാങ്കുകളുമാണെന്ന് ഉത്തരവാദികളെന്ന് ലാൽ വർഗീസ് കൽപ്പകവാടി പറഞ്ഞു. കൃഷി വകുപ്പു മന്ത്രിയുടെ ജില്ലയിലാണ് ഈ ദുരന്തം നടന്നിരിക്കുന്നത്. കൃഷിക്കാർക്കു വേണ്ടിയും കാർഷികമേഖലയ്ക്കു വേണ്ടിയും പൊരുതിയ കമ്യൂണിസ്റ്റ് പാർട്ടി കർഷകർക്ക് കൊടുക്കേണ്ട പണം പോലും കൊടുത്തിട്ടില്ല. കേരളത്തിലെ എല്ലാ വിഭാഗം കർഷകരും ഇതുതന്നെയാണ് അനുഭവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മരണമടഞ്ഞ രാജപ്പന്റെ കുടുംബത്തിനു നെല്ലുവില ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് വണ്ടാനം എസ്ബിഐ മാനേജരുമായും ഇവർ കൂടിക്കാഴ്ച നടത്തി. കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിമാരായ അലക്സ് മാത്യു, അമ്പു വൈദ്യൻ, ജില്ലാ പ്രസിഡന്റ് മാത്യു ചെറു പറമ്പൻ, ജില്ലാ ജനറൽ സെക്രട്ടറി സാബു വെള്ളാപ്പള്ളി, നിയോജക മണ്ഡലം പ്രസിഡൻ്റ് തോമസ്കുട്ടി മുട്ടശേരി, നിസാർ വെള്ളാപ്പള്ളി എന്നിവരും ഒപ്പമുണ്ടായിരുന്നു. ഞായറാഴ്ച പുലര്‍ച്ചെയാണ് അവശനിലയില്‍ രാജപ്പനെ വീടിനുള്ളില്‍ കണ്ടത്. ബന്ധുക്കളും അയല്‍വാസികളും ചേര്‍ന്ന് ഇദ്ദേഹത്തെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാവിലെ 11 ഓടെ മരിച്ചു.
മകന് പ്രകാശിന് കാന്‍സര്‍ ബാധിച്ചതു മുതല്‍ കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു ചികിത്സ നടത്തിയത്. മൂന്നര മാസത്തോളം ചികിത്സ കഴിഞ്ഞ് കഴിഞ്ഞ ദിവസമാണ് വീട്ടിലെത്തിയത്. ചികിത്സയ്ക്കായി 10 ലക്ഷം രൂപയോളം വേണ്ടിവന്നു. തുടര്‍ചികിത്സയ്ക്കായി അടുത്തയാഴ്ച പോകാനിരിക്കെയാണ് രാജപ്പന് ആത്മഹത്യ ചെയ്തത്.
കര്‍ഷകനായ രാജപ്പന് തുടര്‍ചികിത്സയ്ക്കുള്ള പണം കണ്ടെത്താന്‍ മറ്റു മാര്‍ഗങ്ങളില്ലാത്ത അവസ്ഥയിലായിരുന്നു. കൂടാതെ രാജപ്പനും ഭാര്യ രുഗ്മിണിക്കും മരുന്നിനായി മാസം 10,000 രൂപ വീതം വേണ്ടിയിരുന്നു. ഇതെല്ലാം രാജപ്പനെ മാനസികമായി തളര്‍ത്തിയിരുന്നു.
പ്രകാശന് കിടപ്പിലായതോടെ കൃഷിയില്‍നിന്നുള്ള ഏകവരുമാനം മാത്രമായിരുന്നു ഇവരുടെ ആശ്രയം. നാലുപാടത്ത് രാജപ്പനും മകന് പ്രകാശിനുമായി മൂന്ന് ഏക്കര്‍ നിലമാണുള്ളത്. വാര്‍ധക്യത്തിലും കൃഷിയിടത്ത് സ്വന്തമായി ചെയ്യാവുന്നതൊക്കെ രാജപ്പനാണ് ചെയ്തിരുന്നത്. കഴിഞ്ഞ വിളവെടുപ്പില്‍ നല്കിയ നെല്ലിന്റെവിലയും കിട്ടിയിരുന്നില്ല. നെല്ലു കൊടുത്ത വകയില്‍ 1,14,395 രൂപ ഇരുവര്‍ക്കുമായി സിവില്‍ സപ്ലൈസ് നല്‍കാനുണ്ട്. മകന്റെ തുടര്‍ചികിത്സക്കുള്ള പ്രതീക്ഷ കൂടിയായിരുന്നു.
രാജപ്പന് കടബാധ്യതമൂലമാണ് ആത്മഹത്യ ചെയ്തതെന്ന വിവരമറിഞ്ഞ് പ്രകാശന് കൊടുക്കാനുണ്ടായിരുന്ന നെല്ലുവില ഇന്നലെ നല്കി. ഇത് ഒരു ദിവസം മുമ്പായിരുന്നെങ്കില്‍ ഒരു കര്ഷകന് ആത്മഹത്യ ചെയ്യേണ്ടിവരില്ലായിരുന്നു.