കര്‍ഷകന്റെ ആത്മഹത്യ; ഉത്തരവാദി സര്‍ക്കാര്‍: പ്രതിപക്ഷനേതാവ്
1336591
Tuesday, September 19, 2023 12:01 AM IST
ആലപ്പുഴ: അമ്പലപ്പുഴ വണ്ടാനം നീലുകാടുചിറയില് കെ.ആര്. രാജപ്പനെന്ന കര്‍ഷകന്റെ ആത്മഹത്യക്ക് സർക്കാരാണ് ഉത്തവാദിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി .സതീശൻ. സപ്ലൈകോ ഏറ്റെടുത്ത നെല്ലിന്റെ വില കിട്ടാതായതിനെത്തുടര്ന്നുണ്ടായ സാമ്പത്തിക പ്രയാസത്തിലും മനോവിഷമത്തിലുമാണ് വയോധികനായ കര്ഷകന് ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഇത് സര്‍ക്കാര്‍തന്നെ വരുത്തിവച്ച സാഹചര്യമാണ്. ഈ മരണത്തിന് ഉത്തരവാദി സര്‍ക്കാരാണ്. നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് കോടിക്കണക്കിനു രൂപയാണ് സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് നല്‍കാനുള്ളത്. മറ്റ് കാര്‍ഷികവിളകളുടെ കാര്യത്തിലും ഇതേ അവസ്ഥയാണ് പ്രതിപക്ഷനേതാവ് പറഞ്ഞു.
സംസ്ഥാനത്തെ കാര്‍ഷിക പ്രതിസന്ധിസംബന്ധിച്ച് പ്രതിപക്ഷം അടിയന്തര പ്രമേയം കൊണ്ടുവന്നപ്പോള്‍ എന്തൊക്കെയാണ് കൃഷിമന്ത്രി പറഞ്ഞത്? കൃഷി ചെയ്ത് ഔഡി കാര്‍ വാങ്ങിയ കര്‍ഷകര്‍ സംസ്ഥാനത്തുണ്ടെന്നു പറഞ്ഞ മന്ത്രിക്ക് ഈ ആത്മഹത്യയെക്കുറിച്ച് എന്തു പറയാനുണ്ട്? അദ്ദേഹം ചോദിച്ചു.
സര്‍ക്കാര്‍ ഇനിയെങ്കിലും കണ്ണ് തുറക്കണം. കര്‍ഷകരെ ചേര്‍ത്തുപിടിക്കാനും കാര്‍ഷിക മേഖലയെ രക്ഷിക്കാനുമുള്ള അടിയന്തര ഇടപെടലുകളും നടപടികളും ഉണ്ടാകണം. അതല്ലെങ്കില്‍ കാര്‍ഷികമേഖലയെ ഒന്നായി തകര്‍ക്കുന്നതിനു തുല്യമായ സാഹചര്യമായിരിക്കും ഈ സര്‍ക്കാര്‍ സൃഷ്ടിക്കുകയെന്നും വി.ഡി സതീശൻ പറഞ്ഞു.