റോ​ഡ​രി​കി​ല്‍ അ​പ​ക​ട​ക്കെ​ണി​യാ​യി തൂ​ണ്: ന​ട​പ​ടി​യെ​ടു​ക്കാ​ന്‍ ക​ള​ക്ട​റു​ടെ നി​ര്‍​ദേ​ശം
Thursday, December 8, 2022 10:45 PM IST
ആ​ല​പ്പു​ഴ: പൊ​തു​റോ​ഡി​ല്‍ സ്വ​കാ​ര്യവ്യ​ക്തി അ​ന​ധി​കൃ​ത​മാ​യി സ്ഥാ​പി​ച്ച തൂ​ണുമൂ​ലം അ​പ​ക​ട​ങ്ങ​ള്‍ പ​തി​വാ​കു​ന്ന​ത് സം​ബ​ന്ധി​ച്ച് പ​രാ​തി​യു​മാ​യി എ​ത്തി​യ അ​ജീ​ഷി​ന് ആ​ശ്വ​സാ​മേ​കി ജി​ല്ലാ ക​ള​ക്ട​ര്‍ വി.​ആ​ര്‍. കൃ​ഷ്ണ തേ​ജ​യു​ടെ ഉ​ത്ത​ര​വ്. ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രോ​ട് സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ച് ഏ​ഴു ദി​വ​സ​ത്തി​ന​കം ന​ട​പ​ടി​യെ​ടു​ക്കാ​നാ​ണ് ചേ​ര്‍​ത്ത​ല താ​ലൂ​ക്കി​ലെ പൊ​തു​ജ​ന പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്തി​ല്‍ ക​ള​ക്ട​ര്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്.

ക​ണി​ച്ചു​കു​ള​ങ്ങ​ര സ്വ​ദേ​ശി അ​ജീ​ഷാ​ണ് ക​റു​പ്പം​കു​ള​ങ്ങ​ര-ക​ണി​ച്ചു​കു​ള​ങ്ങ​ര പി​ഡ​ബ്ല്യു​ഡി റോ​ഡി​ലെ ചാ​ര​ങ്കാ​ട്ട് ജം​ഗ്ഷ​നു സ​മീ​പം സ്വ​കാ​ര്യവ്യ​ക്തി സ്ഥാ​പി​ച്ച തൂ​ണുമൂ​ലം ഉ​ണ്ടാ​കു​ന്ന അ​പ​ക​ട​ങ്ങ​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി പ​രാ​തി​യു​മാ​യി എ​ത്തി​യ​ത്. റോ​ഡി​നു സ​മീ​പം അ​ന​ധി​കൃ​ത​മാ​യി സ്ഥാ​പി​ച്ച തൂ​ണി​ലി​ടി​ച്ച് സൈ​ക്കി​ള്‍, ബൈ​ക്ക് അ​ട​ക്ക​മു​ള്ള യാ​ത്ര​ക്കാ​ര്‍ സ്ഥി​ര​മാ​യി അ​പ​ക​ട​ത്തി​ല്‍ പെ​ടാ​റു​ണ്ട്.

അ​ടു​ത്തി​ടെ ത​ന്‍റെ ഗ​ര്‍​ഭി​ണി​യാ​യ ഭാ​ര്യ സ​ഞ്ച​രി​ച്ച സ്‌​കൂ​ട്ട​റും ഈ ​തൂ​ണി​ല്‍ ഇ​ടി​ച്ച് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​താ​യി അ​ജീ​ഷ് പ​റ​ഞ്ഞു. തൂ​ണ് സ്ഥാ​പി​ച്ച വ്യ​ക്തി​യോ​ട് പ​രാ​തി​പ്പെ​ട്ടെ​ങ്കി​ലും ഭീ​ഷ​ണി​പ്പെ​ടു​ത്തി മ​ട​ക്കി അ​യ​യ്ക്കു​ക​യാ​യി​രു​ന്നത്രേ. തു​ട​ര്‍​ന്നാ​ണ് പ​രി​ഹാ​രം തേ​ടി അ​ദാ​ല​ത്തി​ല്‍ എ​ത്തി​യ​ത്.

പി​ഡ​ബ്ല്യു​ഡി റോ​ഡ്സ് ഡി​വി​ഷ​ന്‍ എ​ക്സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നി​യ​റോട് പ​രി​ശോ​ധ​ന ന​ട​ത്തി ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ ക​ള​ക്ട​ര്‍ നി​ര്‍​ദേ​ശം ന​ല്‍​കി.