അമ്പലപ്പുഴ: അമ്പലപ്പുഴ തെക്ക് പഞ്ചായത്തിൽ ഇന്ന് ഭക്ഷ്യ ലൈസൻസ് മേള സംഘടിപ്പിക്കുന്നു. സുരക്ഷിതാഹാരം ജനങ്ങൾക്ക് ഉറപ്പുവരുത്തുന്നതിനായി നിലവിൽവന്ന നിയമമാണ് ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമം. ഈ നിയമപ്രകാരം എല്ലാവിധ ഭക്ഷണ ഉത്പാദനം, വിതരണം, സംഭരണം, വില്പന എന്നിവയിൽ ഏർപ്പെട്ടിരിക്കുന്ന സ്ഥാപനങ്ങൾ ലൈസൻസ് രജിസ്ട്രേഷൻ എടുക്കേണ്ടതാണ്. ഈ ലൈസൻസ് ഇല്ലാതെ ഫുഡ് ബിസിനസ് നടത്തുന്നത് ആറുമാസം വരെ തടവും, അഞ്ചു ലക്ഷം രൂപ വരെ പിഴയും ലഭിക്കുന്ന കുറ്റമാണ്.
ഹോട്ടലുകൾ, റസ്റ്ററന്റുകൾ, ബേക്കറി, ബോർമകൾ, ചായക്കടകൾ, തട്ടുകടകൾ, കാന്റീനുകൾ, വീട്ടിൽ ഊണ് ബിസിനസ് നടത്തുന്നവർ, കാറ്ററിംഗ് സ്ഥാപനങ്ങൾ, പാചക തൊഴിലാളികൾ, മെസുകൾ, പീലിംഗ് ഷെഡുകൾ, ഫിഷ് സ്റ്റാളുകൾ, ഓയിൽ - പൊടി മില്ലുകൾ, ചെറുകിട വൻകിട ഭക്ഷണ നിർമ്മാണം, വിതരണ - യൂണിറ്റുകൾ, പലഹാര, അച്ചാർ നിർമാണ യൂണിറ്റുകൾ, ബേക്കിംഗ് യൂണിറ്റ്, എല്ലാത്തരം വഴിയോര ഭക്ഷണം വിൽപ്പന തട്ടുകൾ, ചിക്കൻ സ്റ്റാളുകൾ, പാൽ, പാലുത്പന്നങ്ങൾ സംഭരണ, വിതരണം, വിൽപ്പന യൂണിറ്റുകൾ, പലചരക്ക്, പച്ചക്കറി, പഴക്കടകൾ, കള്ളുഷാപ്പുകൾ, ബാറുകൾ, കുപ്പി - ക്യാൻ വെള്ളം നിർമാതാക്കൾ, വിതരണം നടത്തുന്നവർ, ആരാധനാലയങ്ങൾ മുതലായവർ ഈ ലൈസൻസ് / രജിസ്ട്രേഷൻ എടുക്കേണ്ടതാണ്.
ലൈസൻസ്, രജിസ്ട്രേഷൻ എന്നിവ അപേക്ഷിക്കുന്നതിനും, പുതുക്കുന്നതിനും അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് ഹാളിൽ ഇന്നും വ്യാഴാഴ്ചയും രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 1.30 വരെ നടക്കുന്ന മേളയിൽ അവസരം ഉണ്ടായിരിക്കുന്നതാണ്. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് പരിധിയിൽ ഇത്തരം ബിസിനസിൽ ഏർപ്പെട്ടിരിക്കുന്നവർ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ഭക്ഷ്യസുരക്ഷാ ഓഫീസർ അമ്പലപ്പുഴ സർക്കിൾ അറിയിച്ചു.