എടത്വ: വെള്ളപ്പൊക്കത്തിൽ പാലത്തിനു ഭീഷണിയായി നദിയിൽ തടികളും പോളയും. എടത്വ പഞ്ചായത്ത് 5, 13 വാർഡുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന 108ൽ ചിറ പാലത്തിനാണ് ഭീഷണിയായി നദിയിൽ തടികളും പോളയും അടിഞ്ഞത്. എടത്വ-ചന്പക്കുളം ബോട്ട് സർവീസ് ഉൾപ്പെടെയുള്ള ജലഗതാഗതംതന്നെ നിലച്ച അവസ്ഥയിലായതിനെ തുടർന്ന് എടത്വ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയിൻ മാത്യു, പഞ്ചായത്തംഗം ജി. ജയചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാരായ ബിനോ മോൻ ദേവസ്യ, വിനോദ് അപ്പു, അനിയൻ 108 ൽചിറ, സാബു അന്‍പതിൽ, നിധിൻ തന്പി, ഉണ്ണിക്കുട്ടൻ ഹരിദാസ് എന്നിവർ ചേർന്ന് ഗതാഗതത്തിനു തടസമായി പാലത്തിൽ അടിഞ്ഞ തടികൾ വലിച്ച് മാറ്റുകയും പോളകൾ നീക്കം ചെയ്യുകയും ചെയ്തു.
എടത്വ: എടത്വ പഞ്ചായത്ത് ഏഴാംവാർഡ് പരുമൂട്ടിൽ പടിക്കൽ കലുങ്കിന്റെ തകർന്ന കൈവരിയും ഒഴുകി എത്തിയ തടിയും പ്രസിഡന്റ് മറിയാമ്മ ജോർജിന്റെയും ക്ലസ്റ്റർ വോളന്റിയർമാരായ ജെറിൽ പുത്തൻപറന്പിൽ, റിട്ട. പ്രഫ. പി.റ്റി. തോമസ്, സുനിൽ വൈശാഖ്, ക്രിസ്റ്റി, പ്രസാദ്, സുനിൽ, ടോം പരുമൂട്ടിൽ, അനിൽ, ജിജോ കറുകയിൽ, സനോബ് സുകുമാരൻ എന്നിവരുടെ നേതൃത്വത്തിൽ നീക്കം ചെയ്തു. ഇതോടെ നാളുകളായി മലിനമാക്കപ്പെട്ടു കിടന്ന തോട്ടിൽ നീരൊഴുക്കു സുഗമമായി. തകർന്നു വീണ കൈവരി മാറ്റാതെ പൈപ്പ് കൊണ്ട് താത്കാലിക കൈവരി നിർമിച്ചതിനെത്തുടർന്ന് തകർന്ന കോണ്‍ക്രീറ്റു ഭാഗങ്ങൾ മൂലം തോടിനു കുറുകെ തടി വന്നടയുകയും മാലിന്യങ്ങൾ നിറയുകയുമായിരുന്നു. തുടർന്ന് യാത്ര ദുരിതമാവുകയും ചെയ്തു.