യുവതിയെ പെട്രോൾ ഒഴിച്ച് കത്തിക്കാൻ ശ്രമിച്ച ഭർത്താവ് പിടിയിൽ
1481247
Saturday, November 23, 2024 4:12 AM IST
പത്തനംതിട്ട: യുവതിയെ പെട്രോൾ ഒഴിച്ച് കത്തിച്ചും കുത്തിയും കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവിനെ കൊടുമൺ പോലീസ് അറസ്റ്റ് ചെയ്തു. അങ്ങാടിക്കൽ തെക്ക് എസ്എൻവി സ്കൂളിന് സമീപം കിഴക്കേ ചരുവിൽ വീട്ടിൽ കെ. ദിനേശാണ് (46) പിടിയിലായത്.
ഭാര്യക്ക് അവിഹിതബന്ധം ഉണ്ടെന്ന് ആരോപിച്ചായിരുന്നു യുവതിയുടെ കുടുംബവീട്ടിൽ ബുധനാഴ്ച വൈകുന്നേരം അതിക്രമിച്ചു കയറി ഇയാൾ പെട്രോൾ ഒഴിച്ച് കത്തിച്ചു കൊല്ലാൻ ശ്രമിച്ചത്. വീട്ടിലെ ഹാളിൽവച്ച് കൈയിൽ കരുതിയ പെട്രോൾ നിറച്ച കുപ്പി യുവതിയുടെയും വീട്ടുകാരുടെയും ദേഹത്തേക്ക് വീശി ഒഴിക്കുകയായിരുന്നു.
തുടർന്ന് കൈയിലിരുന്ന കത്തികൊണ്ട് യുവതിയെ കുത്താനും ശ്രമിച്ചു. സിഗരറ്റ് ലാമ്പ് എടുത്ത് കത്തിക്കാൻ തുടങ്ങിയപ്പോൾ യുവതിയുടെ പിതാവും മകളും മറ്റും ചേർന്ന് തടയാൻ മുതിർന്നു. ഇതിനിടെ ദിനേശ് തന്റെ തലയിലിരുന്ന ഹെൽമെറ്റ് എടുത്ത് യുവതിയെ എറിഞ്ഞു തലയ്ക്ക് പരിക്കേല്പിച്ചു.
കത്തികൊണ്ടുള്ള കുത്ത് തടയാൻ ശ്രമിച്ച വീട്ടിലെ കാർ ഡ്രൈവർ നിർമലിന്റെ ഇടതുകൈയ്ക്കും പരിക്കേറ്റു. വീണ്ടും ഭാര്യയെ കുത്താൻ ആഞ്ഞ ദിനേശിനെ തടഞ്ഞപ്പോൾ മകളുടെ കൈയ്ക്കും മുറിവേറ്റു.
യുവതിയുടെ മൊഴിപ്രകാരം കേസ് രജിസ്റ്റർ ചെയ്ത കൊടുമൺ പോലീസ്, ഇൻസ്പെക്ടർ പി. വിനോദിന്റെ നേതൃത്വത്തിൽ നടത്തിയ ഊർജിതമായ അന്വേഷണത്തിൽ ഇയാളെ കൊടുമൺ ജംഗ്ഷനിൽനിന്ന് പിടികൂടുകയായിരുന്നു. പെട്രോൾ നിറച്ച കുപ്പി, ലൈറ്റർ, യുവതിയുടെയും ഇയാളുടെയും വസ്ത്രങ്ങൾ, ഇയാൾ സഞ്ചരിച്ച സ്കൂട്ടർ എന്നിവ കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
അടൂർ ഡിവൈഎസ്പി ജി. സന്തോഷ് കുമാറിന്റെ മേൽനോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്. പോലീസ് ഇൻസ്പെക്ടർ പി. വിനോദിനൊപ്പം എഎസ്ഐ വിൻസെന്റ് സുനിൽ, എസ്സിപിഒമാരായ തോമസ്, അലക്സ്, സിപിഒ സജീല എന്നിവരും സംഘത്തിലുണ്ട്.