സിവിൽ സപ്ലൈസ് ഗോഡൗണിലെ അരിമോഷണം: അന്വേഷണം നിലച്ചു
1481246
Saturday, November 23, 2024 4:12 AM IST
നഷ്ടപ്പെട്ടത് 943 ക്വിന്റൽ
പത്തനംതിട്ട: കോന്നിയിലെ സിവിൽ സപ്ലൈസ് ഗോഡൗണിൽനിന്ന് 943 ക്വിന്റൽ അരി കടത്തിക്കൊണ്ടുപോയ സംഭവത്തിൽ തുടർനടപടികൾ നിലച്ചു. 800 ക്വിന്റൽ മോഷണം പോയെന്നായിരുന്നു കഴിഞ്ഞമാസം പുറത്തുവന്ന വിവരം. എന്നാൽ പിന്നീടു നടന്ന പരിശോധനയിൽ കൂടുതൽ അളവിൽ അരി കടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. 943 അരി നഷ്ടപ്പെട്ടുവെന്നാണ് വകുപ്പുതല അന്വേഷണ റിപ്പോർട്ട്.
ഗോഡൗണിൽ ക്രമരഹിതമായി അരിച്ചാക്കുകൾ അടുക്കിയാണ് തട്ടിപ്പ് മറയ്ക്കാൻ ശ്രമിച്ചത്. അരിച്ചാക്കിന്റെ അട്ടികൾ തമ്മിൽ നാലടി അകലം വേണമെന്നാണ് ചട്ടം. ഇതുപാലിക്കാതെ ചാക്കുകൾ കൂട്ടിയിട്ട് അടുക്കിയതിനാൽ കടത്തിയ അരി എത്രമാത്രമെന്ന് വ്യക്തമായിരുന്നില്ല. കടത്തിയതിൽ ഏറെയും കേന്ദ്രസർക്കാർ അനുവദിക്കുന്ന പച്ചരിയാണ്. കഴിഞ്ഞ മാസങ്ങളിൽ റേഷൻ കടകളിൽ പച്ചരി ക്ഷാമം ഉണ്ടായപ്പോഴും അരി നഷ്ടപ്പെട്ട വിവരം സിവിൽ സപ്ലൈസ് വകുപ്പ് ശ്രദ്ധിച്ചിരുന്നില്ല.
റേഷൻ കടകളിൽ മുൻഗണനാ വിഭാഗങ്ങൾക്ക് സൗജന്യമായും മറ്റു കാർഡുകാർക്ക് കിലോയ്ക്ക് 13 രൂപയ്ക്കും ലഭിക്കുന്ന പച്ചരി പൊതുവിപണിയിൽ കിലാഗ്രാമിന് 46 രൂപവരെ ഈടാക്കിയാണ് നൽകുന്നത്.
കടത്തിയത് സ്വകാര്യ ലോബിക്കുവേണ്ടി
കോന്നിയിലെ അരി കടത്തിയത് ചങ്ങനാശേരിയിലേക്കാണെന്ന് കണ്ടെത്തിയിരുന്നു. സ്വകാര്യ അരിക്കച്ചവടക്കാരുടെ ഗോഡൗണുകളിലേക്ക് കടത്തിയ അരി എത്തിയതായി വിവരം ലഭിച്ചിട്ടും സിവിൽ സപ്ലൈസ് വകുപ്പ് അന്വേഷണം നിലച്ചത് ദുരൂഹമാണ്.
വകുപ്പുതല അന്വേഷത്തിൽ ഗോഡൗണിന്റെ ചുമതലയുണ്ടായിരുന്ന ഒരാളെ സസ്പെൻഡ് ചെയ്തും രണ്ടുപേരെ സ്ഥലം മാറ്റിയും നടപടി അവസാനിപ്പിക്കുകയായിരുന്നു. പകരം ചുമതലയേൽക്കേണ്ടവർ അവധിയിൽ പോയി.
ചികിത്സയ്ക്കെന്ന് പറഞ്ഞാണ് രണ്ടുപേർ അവധിയെടുത്തത്. ചുമതലയേറ്റ ഒരാൾ ഗോഡൗണിലെ അരിച്ചാക്കുകളുടെ അട്ടികൾ പരിശോധിച്ചപ്പോഴാണ് കൂടുതൽ അരി മോഷണം കണ്ടെത്തിയത്.
പോലീസിൽ പരാതിയില്ല
ഗോഡൗണിൽ നിന്ന് 943 ക്വിന്റൽ അരി നഷ്ടപ്പെട്ടിട്ടും പോലീസിൽ പരാതി നൽകാൻ വകുപ്പ് തയാറായില്ലെന്നതും ശ്രദ്ധേയമാണ്. വകുപ്പുതല അന്വേഷണം കഴിയട്ടെയെന്ന നിലപാടാണ് ഉദ്യോഗസ്ഥർ സ്വീകരിച്ചത്.