മതത്തിന്റെ പേരിൽ മനുഷ്യനെ തമ്മിലടിപ്പിക്കുന്ന ഭരണം രാജ്യത്തിനപകടം: രമേശ് ചെന്നിത്തല
1480976
Friday, November 22, 2024 4:03 AM IST
പത്തനംതിട്ട: മതം മനുഷ്യരെ തമ്മിലടിപ്പിക്കാനുള്ള ഉപായമാക്കി മാറ്റുന്ന ഭരണം രാജ്യത്തിന് അപകടമാണെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കെപിസിസി പ്രസിദ്ധീകരണ സ്ഥാപനമായ പ്രിയദർശിനി പബ്ലിക്കേഷൻസ് സംഘടിപ്പിച്ച നിത്യ ചൈതന്യ യതി ജന്മ ശതാബ്ദി സമ്മേളനം പത്തനംതിട്ട ടൗൺ ഹാളിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
അധികാരം നില നിർത്താൻ ഭാരതത്തിന്റെ പാരമ്പര്യത്തിനു പോലും കളങ്കമേല്പിക്കാൻ മടിയില്ലാത്തവരാണ് ഇന്നത്തെ ഭരണക്കാർ. പക്ഷേ ആകാശത്തോളം ഉയർന്ന യതിയുടെ ഏകമത സങ്കല്പത്തിനു ഒരുകാലത്തും പ്രസക്തി നഷ്ടമാവില്ല.കേരളത്തിന്റെയും രാജ്യത്തിന്റെയും കലുഷിതമായ ഇന്നത്തെ അന്തരീക്ഷത്തിൽ പ്രതീക്ഷയോടെ നോക്കാൻ കഴിയുന്ന നിത്യഗുരുവാണ് നിത്യ ചൈതന്യയതിയെന്നും രമേശ് പറഞ്ഞു.
കെപിസിസി ജനറൽ സെക്രട്ടറിയും പ്രിയദർശിനി വൈസ് ചെയർമാനുമായ പഴകുളം മധു അധ്യക്ഷത വഹിച്ചു.യതി ശിഷ്യൻ ഷൌക്കത്ത് മുഖ്യ പ്രഭാഷണം നടത്തി.
പ്രഫ. സതീഷ് കൊച്ചുപറമ്പിൽ, മുൻ മന്ത്രി പന്തളം സുധാകരൻ, കെ. ശിവദാസൻ നായർ, കെ. ജയവർമ, കെ. ജാസിംകുട്ടി,എ. സുരേഷ് കുമാർ, പി. കെ. മോഹൻരാജ്, അഹ്മ്മദ് ഷാ,വെട്ടൂർ ജ്യോതി പ്രസാദ്, ജോൺസൻ വിളവിനാൽ തുടങ്ങിയവർ പ്രസംഗിച്ചു.
രാവിലെ പുസ്തകോത്സവം രാജ്യസഭാ മുൻ ഉപാധ്യക്ഷൻ പ്രഫ.പി.ജെ. കുര്യൻ ഉദ്ഘാടനം ചെയ്തു. സെമിനാറുകളും ചർച്ചകളും ഇന്നും തുടരും. നാളെയാണ് സമാപനം.