കെഎസ്ആര്‍ടിസി: തൊഴിലാളിവിരുദ്ധ നയം തിരുത്തണമെന്ന് എഐടിയുസി
1480975
Friday, November 22, 2024 4:03 AM IST
പത്തനംതിട്ട: കെഎസ്ആര്‍ടിസി മാനേജ്മെന്റിന്റെ തൊഴിലാളി വിരുദ്ധ സമീപനം തിരുത്തണമെന്ന് എഐടിയുസി ജില്ലാ സെക്രട്ടറി ഡി. സജി. കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് എംപ്ലോയീസ് യൂണിയൻ (എഐടിയുസി) സംസ്ഥാന വ്യാപകമായി നടത്തിയ സമരത്തിന്റെ ഭാഗമായി ജില്ലാ കമ്മിറ്റി പത്തനംതിട്ട കെഎസ്ആർടിസി ഡിപ്പോയിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
തൊഴിലവകാശങ്ങൾ നിരന്തരം നിഷേധിക്കപ്പെട്ട് ജീവിത നിലവാരം തകര്‍ന്ന ഗുരുതരമായ സാഹചര്യങ്ങളിലൂടെ കടന്നു പോകുന്നവരാണ് കെഎസ്ആർടിസി തൊഴിലാളികൾ. മാനേജ്മെന്റിന്റെ തൊഴിലാളിവിരുദ്ധ നിലപാടുകൾക്കും സമീപനങ്ങൾക്കും എല്ലാവിധ ഒത്താശകളും ചെയ്തുകൊടുക്കുന്ന ഭരണകൂടം കെഎസ്ആർടിസിയെയും തൊഴിലാളികളെയും സംരക്ഷിക്കുന്നതിൽ തികഞ്ഞ അലംഭാവമാണ് കാട്ടുന്നതെന്ന് സജി പറഞ്ഞു.
31 ശതമാനം ക്ഷാമബത്ത കുടിശിക നൽകുക, ശമ്പള വിതരണം എല്ലാ മാസവും അവസാന പ്രവൃത്തി ദിവസം മുടങ്ങാതെ നടത്തുക, ശമ്പളം എഴുതുന്നതിന് മാസം 16 ഡ്യൂട്ടി വേണം എന്ന നിബന്ധന പിൻവലിക്കുക, എൻപിഎസ് കുടിശിക അടച്ചു തീർക്കുക,സറണ്ടർ ബാക്കി തുക കളക്ഷനിൽനിന്നും എടുക്കുന്ന പഴയരീതി പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധര്‍ണ.
എംപ്ലോയീസ് യൂണിയൻ ജില്ലാ പ്രസിഡന്റ് ജി. മനോജ് അധ്യക്ഷത വഹിച്ചു. യൂണിയൻ സംസ്ഥാന സെക്രട്ടറി ടി.ആര്. ബിജു, എഐടിയുസി മണ്ഡലം സെക്രട്ടറി സാബു കണ്ണങ്കര, യൂണിയൻ നേതാക്കളായ എസ്. സഞ്ജയ്, ജാക്സൺ, എസ്. ദിവ്യ, അഭിലാഷ്, ജി.എസ്. അരുൺ തുടങ്ങിയവർ പ്രസംഗിച്ചു.