റോഡ് നിർമാണം പൂർത്തിയായിട്ടും വൈദ്യുതി പോസ്റ്റുകൾ മാറ്റിയില്ല
1480973
Friday, November 22, 2024 4:03 AM IST
റാന്നി: പുനർ നിർമാണ ജോലികൾ പൂർത്തിയാക്കിയ ശബരിമല അനുബന്ധ പാതകളിലൊന്നായ ചെത്തോങ്കര - അത്തിക്കയം റോഡിലെ അപകടാവസ്ഥയിലുള്ള വൈദ്യുതി പോസ്റ്റുകൾ നീക്കാത്തത് അപകടങ്ങൾക്കു കാരണമാകുന്നു.
റോഡിന്റെ പല ഭാഗങ്ങളിലായി നിരവധി പോസ്റ്റുകളാണ് മധ്യഭാഗത്തോടു ചേർന്നുനിൽക്കുന്നത്. ശബരിമല തീർഥാടകരുടേതുൾപ്പെടെ നിരവധി വാഹനങ്ങൾ കടന്നുപോകുന്ന റോഡ് വീതി കൂട്ടിയപ്പോൾ പോസ്റ്റുകൾ പലതും മധ്യഭാഗത്തായത് വൻ അപകടങ്ങൾക്ക് വഴിവയ്ക്കുന്ന തരത്തിലായിട്ടുണ്ട്.
റോഡു പണികളുടെ ആരംഭഘട്ടത്തിൽ തന്നെ പോസ്റ്റുകൾ മാറ്റി സ്ഥാപിക്കാനുള്ള ഫണ്ട് കരാറുകാരൻ വൈദ്യുതി വകുപ്പിൽ അടച്ചിരുന്നതാണെന്ന് പറയുന്നു. റാന്നി വൈദ്യുത സെക്ഷന്റെ കീഴിൽ വരുന്ന ചെത്തോങ്കര മുതൽ കരികുളം ഭാഗം വരെ റോഡിന് അപകടാവസ്ഥയിലുള്ള പോസ്റ്റുകൾ നീക്കിയിട്ടുണ്ടെങ്കിലും പെരുനാട് സെക്ഷന്റെ കീഴിൽ വരുന്ന കക്കുടിമൺ, കണ്ണംപള്ളി, അത്തിക്കയം തുടങ്ങിയ സ്ഥലങ്ങളിലാണ് പോസ്റ്റുകൾ ഇനി മാറ്റാനുള്ളത്.
ശബരിമല സീസൺ തുടങ്ങിയതോടെ ചെത്തോങ്കര - അത്തിക്കയം റോഡിലൂടെയും മുക്കട - ഇടമൺ - അത്തിക്കയം റോഡിലൂടെയും ഇതരസംസ്ഥാന തീർഥാടകരുടേതടക്കം നിരവധി വാഹനങ്ങൾ കടന്നു പോകുന്നുണ്ട്. രാത്രിയിൽ പലഭാഗങ്ങളിലും വെളിച്ചക്കുറവും ഉണ്ട്.