തീർഥാടനപാതയിൽ പന്പാതീർഥം
1480971
Friday, November 22, 2024 4:03 AM IST
ശബരിമല: തീർഥാടകർക്ക് ശുദ്ധജലം ലഭ്യമാക്കാൻ ജല അഥോറിറ്റിയും ദേവസ്വം ബോർഡും ഒരുക്കിയിരിക്കുന്നത് വിപുലമായ ക്രമീകരണങ്ങൾ. പമ്പ മുതൽ സന്നിധാനം വരെ പമ്പാ തീർഥം എന്ന പേരിൽ ശുദ്ധമായ കുടിവെള്ളം എത്തിക്കുന്നുണ്ട്. ഇതിനായി 106 കുടിവെള്ള കിയോസ്കുകളാണ് സ്ഥാപിച്ചിട്ടുള്ളത്.
റിവേഴ്സ് ഓസ്മോസിസ് പ്രക്രിയ വഴി ശുദ്ധീകരിച്ച വെള്ളമാണ് നൽകുന്നത്. മണിക്കൂറിൽ 35,000 ലിറ്റർ വെള്ളം ശുദ്ധീകരിക്കാൻ ശേഷിയുള്ള പ്ലാന്റാണ് ഇതിനായുള്ളത്. പമ്പ ത്രിവേണിയിൽനിന്ന് പമ്പ് ചെയ്യുന്ന വെള്ളം പമ്പ, നീലിമലബോട്ടം, നീലിമല ടോപ്പ്, അപ്പാച്ചിമേട്, ശരംകുത്തി എന്നിവിടങ്ങളിലെ ടാങ്കുകളിലെത്തിച്ചാണ് വിതരണം ചെയ്യുന്നത്.
പമ്പയിൽ 2.8 ലക്ഷം ലിറ്റർ, രണ്ടു ലക്ഷം ലിറ്റർ, 1. 35 ലക്ഷം ലിറ്റർ എന്നിങ്ങനെ സംഭരണശേഷിയുള്ള മൂന്ന് ടാങ്കുകളുണ്ട്. നീലിമല ബോട്ടം, നീലിമല ടോപ്പ്, അപ്പാച്ചിമേട് എന്നിവിടങ്ങളിലെ ടാങ്കുകൾക്ക് രണ്ടു ലക്ഷം ലിറ്റർ വീതമാണ് സംഭരണശേഷി. ശരംകുത്തിയിലേത്. ആറു ലക്ഷം ലിറ്റർ വെള്ളം ശേഖരിക്കാവുന്ന ടാങ്ക് ആണ്.
ഇതുകൂടാതെ പാണ്ടിത്താവളത്തിനു സമീപം ദേവസ്വം ബോർഡിന്റെ 40 ലക്ഷം ലിറ്റർ വെള്ളം ശേഖരിക്കാവുന്ന ടാങ്കുകളുണ്ട് . കുന്നാർ ഡാമിൽ നിന്നാണ് ദേവസ്വം ബോർഡ് ടാങ്കുകളിലേക്ക് വെള്ളം എത്തിക്കുന്നത്. ഇവിടെ ആവശ്യത്തിന് വെള്ളം ഇല്ലാതെ വരുന്ന അവസരങ്ങളിൽ ജല അഥോറിറ്റി ഈ ടാങ്കുകളിലേക്കും വെള്ളം എത്തിക്കും.
പമ്പ ഹിൽടോപ്പിൽ പ്രളയത്തിൽ തകർന്ന വിതരണ പൈപ്പുകൾ പുനഃസ്ഥാപിച്ചു വെള്ളമെത്തിക്കാനും കഴിഞ്ഞു. ഹിൽടോപ്പിൽ ചെറുവാഹനങ്ങൾക്ക് പാർക്കിംഗ് അനുവദിച്ചുകൊണ്ട് ഹൈക്കോടതി ഉത്തരവുണ്ടായതിനേത്തുടർന്നാണ് അടിയന്തരമായി ഇവിടെയും വെള്ളം എത്തിക്കാൻ നടപടിയെടുത്തതെന്ന് ജല അഥോറിറ്റി അധികൃതർ പറഞ്ഞു.
ക്യൂവിലെത്തും ചുക്കുവെള്ളവും ബിസ്കറ്റും
ശബരിമല: ശബരിമലയിലെത്തുന്ന തീര്‍ഥാടകര്‍ക്ക് ദേവസ്വം ബോര്‍ഡ് തിളപ്പിച്ച ചുക്കുവെള്ളവും ബിസ്കറ്റും ക്യൂവിലെത്തിക്കും. പ്ലാസ്റ്റിക് കുപ്പികള്‍ക്ക് നിരോധനമുള്ളതിനാല്‍ കൈയില്‍ വെള്ളം കരുതാതെയാണ് അയ്യപ്പഭക്തരേറെയും മലകയറുന്നത്. എന്നാല്‍, പമ്പ മുതല്‍ സന്നിധാനം വരെ ആവശ്യമുള്ളവര്‍ക്കെല്ലാം സുലഭമായി സുരക്ഷിതമായ കുടിവെള്ളം ചെറു ചൂടോടെ നല്കുന്നു.
പമ്പയിലും ശരംകുത്തിയിലും സന്നിധാനത്തും ചുക്കു വെള്ളം തയാറാക്കുന്നുണ്ട്. ശരംകുത്തിയില്‍ മാത്രം 15,000 ലിറ്ററിന്റെ ബോയിലറുകള്‍ പ്രവര്‍ത്തിക്കുന്നു. നാലാമതൊരെണ്ണത്തിന്റെ നിര്‍മാണം പുരോഗമിച്ചു വരുന്നു. പുതുതായി സ്ഥാപിച്ച പൈപ്പ്ലൈന് വഴിയാണ് കുടിവെള്ളം വിതരണ കേന്ദ്രങ്ങളിലെത്തിക്കുന്നത്.
ശരംകുത്തി മുതല്‍ ക്യൂ കോംപ്ലക്സ് അവസാനിക്കുന്നതുവരെ 20 ഇടങ്ങളില്‍ കുടിവെള്ള ടാപ്പുകള്‍ ഉണ്ട്. തീര്‍ഥാടകര്‍ക്ക് ഇവിടങ്ങളില്‍നിന്ന് വെള്ളം ശേഖരിക്കാം. വലിയ നടപ്പന്തലില്‍ എല്ലാ വരികളിലും നില്‍ക്കുന്നവര്‍ക്ക് കുടിവെള്ളം വിതരണം ചെയ്യാനുള്ള വിധത്തിലുള്ള ക്രമീകരണങ്ങളുണ്ട്.വലിയ നടപ്പന്തലില്‍ അഞ്ചു ട്രോളികളിലും കുടിവെള്ളം വരിനില്‍ക്കുന്ന ഭക്തര്‍ക്ക് അവരുടെ അടുത്ത് എത്തിച്ചു നല്‍കും.
24 മണിക്കൂറും സേവനമുണ്ട്. അപ്പാച്ചിമേട് മുതല്‍ സന്നിധാനം വരെ കുടിവെള്ള വിതരണത്തിനായി 607 പേരെ മൂന്നു ഷിഫ്റ്റുകളിലായി നിയോഗിച്ചിട്ടുണ്ട്. 28 ലക്ഷം പായ്ക്കറ്റ് ബിസ്ക്കറ്റ് ഇതിനോടകം വിതരണം ചെയ്തു കഴിഞ്ഞു.