ആന്റിബയോട്ടിക് മരുന്നുകളുടെ ദുരുപയോഗത്തിനെതിരേ ആരോഗ്യ വകുപ്പ് പ്രചാരണം
1480965
Friday, November 22, 2024 3:50 AM IST
നാളെ നീല വസ്ത്രം ധരിച്ച് ബോധവത്കരണം
പത്തനംതിട്ട: ആന്റിബയോട്ടിക് മരുന്നുകളുടെ ദുരുപയോഗം തടയുന്നതിനുള്ള ബോധവത്കരണത്തിന്റെ ഭാഗമായി നാളെ ജില്ലയിലെ എല്ലാ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ നീല വസ്ത്രം ധരിച്ച് ഐക്യദാർഢ്യം പ്രകടിപ്പിക്കും.
രോഗം വരുന്നത് തടയുന്നതിലൂടെ ആന്റിബയോട്ടിക്ക് പോലെയുള്ള മരുന്നുകൾ ഉപയോഗിക്കേണ്ട സാഹചര്യം ഒഴിവാക്കുക എന്നതാണ് ഇതു നേരിടാൻ ഫലപ്രദമായ മാർഗമെന്ന് ആർദ്രം മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ഡോ. അംജിത്ത് രാജീവ് പത്രസമ്മേളനത്തിൽ പറഞ്ഞു. ആശുപത്രികളിൽ നിന്ന് ആന്റിബയോട്ടിക്കുകൾ നീല കവറിൽ നൽകണമെന്ന് നിർദേശിച്ചിട്ടുണ്ട്.
മെഡിക്കൽ സ്റ്റോറുകളിൽ ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ ആന്റിബയോട്ടിക്കുകൾ നൽകുന്നത് തടഞ്ഞിരിക്കുകയാണ്. നിശ്ചയിച്ചിട്ടുള്ള അളവിൽ കൂടുതലോ കുറവോ ആന്റിബയോട്ടിക്കുകൾ നൽകരുതെന്നും നിർദേശമുണ്ട്.
കാലാവധി കഴിഞ്ഞ ആന്റിബയോട്ടിക്കുകൾ പരിസരങ്ങളിലോ ജലാശയങ്ങളിലോ വലിച്ചെറിയരുത്. വളർത്തുമൃഗങ്ങൾ കോഴി താറാവ് ഇവയ്ക്ക് വെറ്ററിനറി ഡോക്ടർ നിർദ്ദേശിക്കുന്ന മരുന്നുകൾ മാത്രം നൽകണം.
ആന്റി മൈക്രോബിയൽ റസിസ്റ്റൻസ് ഗൗരവകരമായ പൊതുജനാരോഗ്യ ഭീഷണിയായി മാറുന്ന സാഹചര്യത്തിലാണ് ബോധവത്കരണം ശക്തമാക്കുന്നത്.
പൊതുജനാരോഗ്യ ഭീഷണിയായി മനുഷ്യരിലും മൃഗങ്ങളിലും സസ്യവ്യക്ഷാദികളിലും അണുബാധ തടയുന്നതിനും ചികിത്സിക്കുന്നതിനും ഉപയോഗിക്കുന്ന ആന്റിബയോട്ടിക്കുകൾ, ആന്റി വൈറലുകൾ, ആന്റി ഫംഗലുകൾ തുടങ്ങിയ മരുന്നുകളുടെ ദുരൂപയോഗം മരുന്നുകളോട് രോഗാണുക്കൾ പ്രതികരിക്കാത്ത സാഹചര്യം ഉണ്ടാകുണ്ടെന്ന് ഡോ.അംജിത് ചൂണ്ടിക്കാട്ടി.
ക്ലിനിക്കൽ മൈക്രോ ബയോളജിസ്റ്റ് ഡോ. ലക്ഷ്മി, മാസ് മീഡിയ ഓഫീസർ ഇൻ ചാജ് ആർ. ദീപ. എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.