നഴ്സിംഗ് വിദ്യാർഥിനിയുടെ മരണം: കെഎസ്യു മാർച്ചിൽ സംഘർഷം
1480964
Friday, November 22, 2024 3:50 AM IST
പത്തനംതിട്ട: ചുട്ടിപ്പാറ എസ്എംഇ നഴ്സിംഗ് കോളജ് വിദ്യാർഥിനി അമ്മു സജീവിന്റെ മരണത്തിൽ നടപടികൾ ആവശ്യപ്പെട്ട് കെഎസ്യു ജില്ലാ കമ്മിറ്റി നടത്തിയ മാർച്ചിൽ സംഘർഷം. നഴ്സിംഗ് കോളജിലേക്ക് ഇന്നലെ നടത്തിയ മാർച്ചിൽ പോലീസും പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി. അബാൻ ജംഗ്ഷനിൽ നിന്ന് ആരംഭിച്ച പ്രകടനം കോളജിന് സമീപം പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു.
ബാരിക്കേഡ് മറികടന്ന കെഎസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ ഉൾപ്പെ ടെയുള്ള നേതാക്കളും പ്രവർത്തകരും പോലീസുമായി നേരിട്ട് ഏറ്റുമുട്ടി. അരമണിക്കൂറോളം പ്രവർത്തകരും പോലീസും തമ്മിൽ നേർക്കുനേർ ഏറ്റുമുട്ടി. തുടർന്ന് കോളജിന്റെ മുഖ്യ കവാടത്തിന് മുന്നിലെത്തിയ പ്രവർത്തകർ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
പ്രതിഷേധയോഗം കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അലൻ ജിയോ മൈക്കിൾ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി നിതിൻ മണക്കാട്ടുമണ്ണിൽ, മുൻ ജില്ലാ പ്രസിഡന്റ് അൻസർ മുഹമ്മദ്, സംസ്ഥാന കൺവീനർ തൗഫീക്ക് രാജൻ,
സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ലിനറ്റ് മെറിൻ ഏബ്രഹാം, ബി.കെ. തദാഗത്, ക്രിസ്റ്റോ വർഗീസ്, മുഹമ്മദ് സാദിക്ക്, എബൽ ബാബു, മെബിൻ നിരവേൽ, റോഷൻ റോയി തോമസ്, ജോൺ കിഴക്കേതിൽ തുടങ്ങിയവരെ അറസ്റ്റ് ചെയ്തു നീക്കി.
വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം
പത്തനംതിട്ട: നഴ്സിംഗ് വിദ്യാർഥിനി അമ്മു സജീവിന്റെ മരണത്തിനുത്തരവാദികളായ കോളജ് പ്രിൻസിപ്പൽ ഉൾപ്പെടെയുള്ളവർക്കെതിരേ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടും നേതാക്കൾക്കെതിരായ പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ചും ഇന്ന് പത്തനംതിട്ട ജില്ലയിൽ കെഎസ് യു വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തതായി സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ അറിയിച്ചു.
മറ്റു ജില്ലാ കേന്ദ്രങ്ങളിൽ പ്രതിഷേധ മാർച്ചുകളും സംഘടിപ്പിക്കും. സമരം സംസ്ഥാന തലത്തിലേക്ക് വ്യാപിപ്പിക്കാനാണ് കെഎസ് യു തീരുമാനം. പരീക്ഷകൾ, കലോത്സവങ്ങൾ എന്നിവയെ വിദ്യാഭ്യാസ ബന്ദിൽ നിന്നൊഴിവാക്കിയിട്ടുണ്ട്.