ഫാ. പി.എ. ശമുവേൽ അനുസ്മരണം 24ന്
1480963
Friday, November 22, 2024 3:50 AM IST
പത്തനംതിട്ട: മലയോര കുടിയേറ്റ കർഷകഗ്രാമമായ തണ്ണിത്തോടിന്റെ ആത്മീയ ആചാര്യനായിരുന്ന പണിക്കത്തറയിൽ ഫാ. പി.എ. ശമുവേലിന്റെ അനുസ്മരണം കെസിസി സോണിന്റെ നേതൃത്വത്തിൽ 24നു നടക്കും.
1964ൽ തണ്ണിത്തോട്ടിൽ ഓർത്തഡോക്സ് സഭയുടെ വൈദികനായാണു വന്നതെങ്കിലും അത് മലയോര മേഖലയായ തണ്ണിത്തോടിന്റെ സർവതോമുഖമായ വികസനത്തിനു വഴിതെളിക്കുന്നതായി മാറുകയാണുണ്ടായതെന്ന് കെസിസി ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
പത്തനംതിട്ട കതോലിക്കേറ്റ് കോളജിലെ സുറിയാനി അധ്യാപകനായിരുന്ന അദ്ദേഹം വിദ്യാഭ്യാസപരമായും സാമൂഹികമായും ഏറെ പിന്നാക്കംനിന്ന തണ്ണിത്തോടിന്റെ സമഗ്രപുരോഗതിക്കായി 1985 ൽ പുല്ലുമേഞ്ഞ ആശ്രമം സ്ഥാപിച്ച് സ്ഥിര താമസമാക്കി.
1970 ൽ സെന്റ് ആന്റണീസ് ആർട്സ് കോളജും ഫാ.പി.എ. ശമുവേൽ ഐടിസിയും തണ്ണിത്തോട്ടിൽ സ്ഥാപിച്ചു.
ഫാ. പി.എ. ശമുവേൽ അന്തരിച്ച് കാൽനൂറ്റാണ്ട് പിന്നിടുന്നതിനോടനുബന്ധിച്ച് കേരള കൗൺസിൽ ഓഫ് ചർച്ചസ് തണ്ണിത്തോട് സോണിന്റെയും തണ്ണിത്തോട് പഞ്ചായത്തിലെ ക്രൈസ്തവ ദേവാലയങ്ങളുടെയും ആഭിമുഖ്യത്തിലുള്ള അനുസ്മരണം 24ന് ഉച്ചകഴിഞ്ഞ് 2.30ന് തണ്ണിത്തോട് സെന്റ് ആന്റണീസ് ഓഡിറ്റോറിയത്തിൽ നടക്കും.
മന്ത്രി വീണാ ജോർജ് സമ്മേളനം ഉദ്ഘാടനം ചെയ്യും . മെത്രാപ്പോലീത്താമാരായ കുര്യാക്കോസ് മാർ ക്ലീമിസ്, കെസിസിപ്രസിഡന്റ് അലക്സിയോസ് മാർ യൗസേബിയോസ്, സാമുവൽ മാർ ഐറേനിയോസ്, ഡോ. ഏബ്രഹാം മാർ സെറാഫിം, വികാരി ജനറാൾ റവ. ജോർജ് മാത്യു, അടൂർ പ്രകാശ് എംപി, കെ.യു. ജനീഷ് കുമാർ എംഎൽഎ, കെസിസി ജനറൽ സെക്രട്ടറി ഡോ. പ്രകാശ് പി. തോമസ് തുടങ്ങിയവർ പ്രസംഗിക്കും.
കെസിസി തണ്ണിത്തോട് സോൺ ഭാരവാഹികളായ റവ. ഡെയിൻസ് പി. സാമുവൽ, ഫാ. ഒ.എം. ശമുവേൽ, അനീഷ് തോമസ്, എൽ.എം. മത്തായി എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.