പത്തനംതിട്ട ഉപജില്ലാ കലോത്സവം: കാതോലിക്കേറ്റ് എച്ച്എസ്എസിന് കിരീടം
1480961
Friday, November 22, 2024 3:50 AM IST
പത്തനംതിട്ട: ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ പത്തനംതിട്ട കാതോലിക്കേറ്റ് എച്ച്എസ്എസിന് ഓവറോൾ കിരീടം. എച്ച്എസ്എസ് വിഭാഗത്തിൽ മുന്നിലെത്തിയ കാതോലിക്കേറ്റ് സ്കൂൾ പോയിന്റുനിലയിൽ ജനറൽ ഓവറോൾ ട്രോഫിയും കരസ്ഥമാക്കി. 529 പോയിന്റാണ് കാതോലിക്കേറ്റ് സ്കൂളിനു ലഭിച്ചത്.
രണ്ടാം സ്ഥാനത്തെത്തിയ പത്തനംതിട്ട മാർത്തോമ്മ എച്ച്എസ്എസിന് 489 പോയിന്റ് ലഭിച്ചു. 401 പോയിന്റോടെ ചെറുകുളഞ്ഞി ബഥനി ആശ്രമം എച്ച്എസ് മൂന്നാംസ്ഥാനവും കരസ്ഥമാക്കി. 379 പോയിന്റോടെ മൈലപ്ര മൗണ്ട് ബഥനി ഇഎച്ച്എസ്എസ് നാലാം സ്ഥാനത്തും 213 പോയിന്റോടെ ഓമല്ലൂർ ആര്യഭാരതി എച്ച്എസ് അഞ്ചാംസ്ഥാനത്തുമെത്തി. എൽപി, യുപി, എച്ച്എസ് വിഭാഗങ്ങളിൽ ചെറുകുളഞ്ഞി ബഥനി സ്കൂളിനാണ് ഒന്നാം സ്ഥാനം.
വിവിധ വിഭാഗങ്ങളിലെ ഒന്നാം സ്ഥാനക്കാർ: എൽപി വിഭാഗം - എംഎസ് സി എൽപിഎസ് മൈലപ്ര , ഗവ. എൽപിഎസ് മഞ്ഞനിക്കര, ബിഎഎച്ച്എസ് ചെറുകുളഞ്ഞി. യുപി വിഭാഗം - ബിഎഎച്ച്എസ് ചെറുകുളഞ്ഞി. എച്ച്സ് വിഭാഗം - ബിഎഎച്ച്എസ് ചെറുകുളഞ്ഞി. എച്ച്എസ്എസ് വിഭാഗം കാതോലിക്കേറ്റ് എച്ച്എസ്എസ് പതനംതിട്ട.
സംസ്കൃതോത്സവം യുപി - സിപിഎം യുപിഎസ് പേഴുംപാറ എച്ച്എസ് - എച്ച്എസ് മണിയാർ, ഹൈസ്കൂൾ - എച്ച്എസ് മണിയാർ. അറബിക് കലോത്സവം - എൽപി: എംഎസ് സി എൽപിഎസ് നന്നുവക്കാട് , ഗവ. എൽപിഎസ് കൂത്താട്ടുകുളം. യുപി: സെന്റ് മേരീസ് ഹൈസ്കൂൾ പത്തനംതിട്ട.
ഇതാദ്യമായി ഉപജില്ലാ കലോത്സവത്തിൽ പങ്കെടുത്ത് 23 പോയിന്റ് നേടി മികവാർന്ന പ്രകടനം നടത്തിയ ഗവി ഗവൺമെന്റ് എൽപിഎസിന് പ്രത്യേക പുരസ്കാരം സമ്മാനിച്ചു. സംഘാടന മികവുകൊണ്ടും കുട്ടികളുടെ പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായ കലോത്സവത്തിന്റെ സമാപന സമ്മേളനം പത്തനംതിട്ട നഗരസഭാ ചെയർമാൻ ടി. സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു.
ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ടി.എസ്. സന്തോഷ് കുമാർ, ജനറൽ കൺവീനർ ജിജി മാത്യു സ്കറിയ, പ്രോഗ്രാം കൺവീനർ രാധീഷ് കൃഷ്ണൻ, സ്വീകരണ കമ്മിറ്റി കൺവീനർ റെജി ചാക്കോ ഹെഡ്മിസ്ട്രസ് എം.ആർ. അജി തുടങ്ങിയവർ പ്രസംഗിച്ചു.