ആറന്മുള എൻജിനിയറിംഗ് കോളജ് കാന്പസിൽ ഇനി നഴ്സിംഗ് കോളജും
1480960
Friday, November 22, 2024 3:50 AM IST
കോഴഞ്ചേരി: ആറന്മുളയിലെ സഹകരണ എൻജിനിയറിംഗ് കോളജ് കാന്പസിൽ നഴ്സിംഗ് കോളജ് ആരംഭിക്കുന്നു. കോ-ഓപ്പറേറ്റീവ് അക്കാഡമി ഫോർ പ്രഫഷണൽ എഡ്യൂക്കേഷനാണ് (കേപ്പ്) നഴ്സിംഗ് കോളജ് ആരംഭിക്കുന്നത്.
60 കുട്ടികളെ പ്രവേശിപ്പിക്കുന്നതിനുള്ള കേപ്പ് നഴ്സിംഗ് കോളജിന് സർക്കാർ അനുമതി ലഭിച്ചു. നഴ്സിംഗ് ബിരുദപഠനത്തിന് ആരോഗ്യ സർവകലാശാലയുടെ അഫിലിയേഷനും ലഭിച്ചതോടെ നാഷണൽ നഴ്സിംഗ് കൗൺസിൽ അംഗീകാരം ഇനി തേടാം.
ആറന്മുള - പന്തളം റോഡിൽ ഐക്കര ജംഗ്ഷനു സമീപം കേപ്പിന്റെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന എൻജിനിയറിംഗ് കോളജ് കെട്ടിടസമുച്ചയത്തിലാണ് പുതിയ നഴ്സിംഗ് കോളജ് ആരംഭിക്കുന്നത്.
2025 അക്കാദമിക് വർഷത്തിൽ ക്ലാസുകൾ തുടങ്ങാനാണ് തീരുമാനം. ഇക്കൊല്ലത്തെ പ്രവേശന നടപടികൾ പൂർത്തിയായ സാഹചര്യത്തിലാണ് അടുത്തവർഷത്തേക്ക് കോളജ് ആരംഭിച്ചാൽ മതിയെന്ന തീരുമാനത്തിലെത്തിയത്. നിലവിൽ ആലപ്പുഴ പുന്നപ്രയിൽ കേപ്പിന് നഴ്സിംഗ് കോളജുണ്ട്. എൽബിഎസാണ് ഇതിന്റെ പ്രവേശന നടപടികൾ നടത്തുന്നത്.
എൻജിനിയറിംഗ് കോഴ്സുകൾക്ക് കുട്ടികൾ കുറഞ്ഞു
എൻജിനിയറിംഗ് കോഴ്സുകളിൽ കുട്ടികൾ കുറഞ്ഞതോടെയാണ് മാറി ചിന്തിക്കാൻ കേപ് നിർബന്ധിതമായത്. നഴ്സിംഗ് കോളജിനു പിന്നാലെ മറ്റു ചില പ്രഫഷണൽ കോഴ്സുകൾ കൂടി ആറന്മുളയിൽ ആരംഭിക്കാനുള്ള ശ്രമമുണ്ട്. എൻജിനിയറിംഗ് കോഴ്സുകൾ നടക്കുന്ന കെട്ടിടത്തിൽനിന്നും 500 മീറ്റർ അകലെയുള്ള കെട്ടിടമാണ് നഴ്സിംഗ് കോളജിനായി കണ്ടെത്തിയത്. ക്ലാസുകൾ നടത്താനും ലൈബ്രറി, ലബോറട്ടറി സൗകര്യങ്ങൾ ഇവിടെ ലഭിക്കും.
കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രിയാണ് കുട്ടികൾക്ക് ക്ലിനിക്കൽ പഠനത്തിനായി നൽകുന്നത്. ബേസ് ആശുപത്രിയെന്ന നിലയിലും ഇത് പ്രവർത്തിക്കും. കുട്ടികൾക്ക് വാഹനസൗകര്യം നൽകുന്നതിനും കേപ്പ് ബസുകൾ സജ്ജമാണ്.
ആറന്മുള നിയോജക മണ്ഡലപരിധിയിലെ നാലാമത്തെ നഴ്സിംഗ് സ്ഥാപനമാണ് ആറന്മുളയിൽ തുടങ്ങുന്നത്. പത്തനംതിട്ട, ഇലന്തൂർ, ചുട്ടിപ്പാറ എന്നിവിടങ്ങളിൽ നിലവിൽ നഴ്സിംഗ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്.