രണ്ടാം വർഷക്കാർ ആശുപത്രി ഡ്യൂട്ടിക്ക് പോകുന്പോൾ ഒന്നാം വർഷക്കാർക്ക് ക്ലാസ് മുറി കിട്ടും
1480959
Friday, November 22, 2024 3:50 AM IST
പത്തനംതിട്ട: പത്തനംതിട്ടയിലെ സർക്കാർ നഴ്സിംഗ് കോളജ് വിദ്യാർഥികളുടെ ദുരിതം ഇരട്ടിച്ചു. രണ്ടാമത്തെ ബാച്ചിനു കൂടി ക്ലാസുകൾ തുടങ്ങിയതോടെയാണ് ബുദ്ധിമുട്ടുകളേറിയത്. പത്തനംതിട്ട കോളജ് ജംഗ്ഷനു സമീപം വാടകക്കെട്ടിടത്തിൽ കഴിഞ്ഞവർഷം പ്രവർത്തനം തുടങ്ങിയ കോളജിന്റെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കാതെയാണ് രണ്ടാമത്തെ ബാച്ചിനും പ്രവേശനം നൽകിയത്.
നിലവിലെ കെട്ടിടത്തിൽനിന്നും കോളജിന്റെ പ്രവർത്തനം മാറ്റണമെന്ന് വിദ്യാർഥികളും രക്ഷിതാക്കളും നിരന്തരം ആവശ്യപ്പെട്ടിട്ടും അധികൃതർക്ക് കുലുക്കമില്ല. ഒന്നാം വർഷ വിദ്യാർഥികൾക്ക് ആഴ്ചയിൽ മൂന്ന് ദിവസം കോന്നി മെഡിക്കൽ കോളജിൽ അനാട്ടമി ക്ലാസുണ്ട്. ഈ മൂന്ന് ദിവസമാണ് രണ്ടാം ബാച്ചുകാർക്ക് കോളജിൽ ക്ലാസ് വയ്ക്കുന്നത്. ബാക്കിയുള്ള നാല് ദിവസം രണ്ടാം ബാച്ചുകാർക്ക് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ക്ലിനിക് സ്റ്റഡി നൽകുകയാ
ണ്.
ഈ സമയം ഒന്നാം വർഷ വിദ്യാർഥികൾക്ക് കോളജിൽ ക്ലാസെടുക്കും. ഇങ്ങനെ ഒന്നും രണ്ടും ബാച്ച് വിദ്യാഥികൾ മാറി മാറി ഒരു ചെറിയ ക്ലാസ് മുറി ഉപയോഗിക്കുകയാണ്. ആദ്യ ബാച്ചിലും രണ്ടാം ബാച്ചിലും കൂടി 120 കുട്ടികളാണള്ളത് . കോളജിന്റെ അടിസ്ഥാന സൗകര്യങ്ങൾ ഇല്ലായ്മയും അഖിലേന്ത്യ മെഡിക്കൽ കൗൺസിലിന്റെ അംഗീകാരമില്ലാത്തതും ശക്തമായ പ്രതിഷേധത്തിന് ഇടയാക്കിയതാണ്.
നിലവിലത്തെ കോളജ് കെട്ടിടത്തിന്റെ അപര്യാപ്തതമൂലം കുട്ടികളും രക്ഷിതാക്കളും പലതവണ പരാതികൾ നൽകുകയും സമരവും നടത്തിയിരുന്നു. പുതിയ ബാച്ച് എത്തുന്നതോടെ എല്ലാ സൗകര്യങ്ങളുമുള്ള പുതിയ കെട്ടിടത്തിലേക്ക് മാറാമെന്ന് വാഗ്ദാനം നൽകിയിരുന്നു. കുട്ടികൾക്ക് ബസും അനുവദിക്കാമെന്ന് ഉറപ്പു നൽകിയതാണ് . പക്ഷേ പുതിയ ബാച്ച് എത്താറായപ്പോഴേക്കും വാഗ്ദാനങ്ങൾ മുഴുവൻ പാഴ്വാക്കായി.
തത്കാലം തൊട്ടടുത്തുള്ള മറ്റൊരു കെട്ടിടത്തിലേക്കു കോളജിന്റെ ഓഫീസ് മാറ്റാമെന്നും തുടർന്ന് താഴത്തെ നില ഒന്നാം വർഷ വിദ്യാർഥികൾക്ക് നൽകുമെന്നുമായിരുന്നു പറഞ്ഞിരുന്നത്. പക്ഷേ ഇപ്പോൾ ഇതിനും തയാറാകാതെ 120 കുട്ടികൾക്കായി ഒരു ക്ലാസ് മുറിയാണ് ഉപയോഗിക്കുന്നത്. ഏറെയും പെൺകുട്ടികൾ പഠിക്കുന്ന കോളജിന് രണ്ടു ടോയ് ലറ്റുകൾ മാത്രമാണുള്ളത്. റോഡിലെ വാഹനങ്ങളുടെ ശബ്ദം കാരണം ക്ലാസിൽ ശ്രദ്ധിക്കാൻ പോലും കഴിയുന്നില്ല.