പുഷ്പഗിരി ആശുപത്രിയിൽ വാർഷികാഘോഷം
1458535
Thursday, October 3, 2024 2:25 AM IST
തിരുവല്ല: ആരോഗ്യ രംഗത്ത് പുഷ്പഗിരി നൽകിവരുന്ന സേവനങ്ങൾ വിലമതിക്കാനാകാത്തതെന്ന് പത്തനംതിട്ട ജില്ലാ കളക്ടർ എസ്. പ്രേംകൃഷ്ണൻ. പുഷ്പഗിരി മെഡിക്കൽ കോളജ് ആശുപത്രിയുടെ 66-ാമത് വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പുഷ്പഗിരി മെഡിക്കൽ സൊസൈറ്റി പ്രസിഡന്റും തിരുവല്ലാ അതിരൂപതാ വികാരി ജനറാളുമായ മോൺ.ഡോ. ഐസക് പറപ്പള്ളിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ പത്തനംതിട്ട രൂപതാധ്യക്ഷൻ ഡോ. സാമുവൽ മാർ ഐറേനിയോസ് അനുഗ്രഹ പ്രഭാഷണം നടത്തി. സ്തുത്യർഹ സേവനത്തിന് മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ കരസ്ഥമാക്കിയ തിരുവല്ലാ ഡിവൈഎസ്പി എസ്. അഷാദിനെ ചടങ്ങിൽ ആദരിച്ചു.
കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ വിദ്യാഭ്യാസ, ഗവേഷണ, കായിക, സാംസ്കാരിക, കലാരംഗത്ത് അന്തർദേശീയ, ദേശീയ, സംസ്ഥാന തലങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ച പുഷ്പിരി സ്റ്റാഫ് അംഗങ്ങളെയും അംഗങ്ങളുടെ മക്കളെയും ചടങ്ങിൽ അനുമോദിച്ചു.
പുഷ്പഗിരി സ്റ്റാഫ് അംഗങ്ങളുടെ ക്ഷേമത്തിനായി നടത്തുന്ന ധനസമാഹരണത്തിന്റെ ഭാഗമായ നറുക്കെടുപ്പ് കൂപ്പണിന്റെ ഉദ്ഘാടനവും സമ്മേളനത്തിൽ നടന്നു. പുഷ്പഗിരി സിഇഒ റവ. ഡോ. ബിജു പയ്യമ്പള്ളിൽ, ആശുപത്രി മെഡിക്കൽ ഡയറക്ടർ ഡോ. ഏബ്രഹാം വർഗീസ്, പുഷ്പഗിരി കോളജ് ഓഫ് ഫാർമസി പ്രിൻസിപ്പൽ ഡോ. സന്തോഷ് എം. മാത്യൂസ്, തിരുവല്ല മുനിസിപ്പൽ വൈസ് ചെയർമാൻ ജിജി വട്ടശേരിൽ തുടങ്ങിയവർ പ്രസംഗിച്ചു.