ജണ്ടായിക്കൽ - അത്തിക്കയം റോഡ് നിർമാണം: വിജിലൻസ് അന്വേഷണം പൂർത്തീകരിക്കണമെന്ന്
1454000
Wednesday, September 18, 2024 2:56 AM IST
റാന്നി: ജണ്ടായിക്കൽ - അത്തിക്കയം റോഡിന്റെ നിർമാണത്തിലെ അപാകതയെ സംബന്ധിച്ചു
നടന്നുവരുന്ന വിജിലൻസ് അന്വേഷണം പൂർത്തീകരിച്ച് നടപടികൾ വേഗത്തിലാക്കണമെന്ന് പ്രമോദ് നാരായൺ എംഎൽഎ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനോടും പൊതുമരാമത്ത് ചീഫ് എൻജിനിയറോടും ആവശ്യപ്പെട്ടു. ഗുരുതരമായ ക്രമക്കേട് സംഭവിച്ച റോഡ് പൂർണമായും പുനഃസ്ഥാപിക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.
നാലുകോടി രൂപ ചെലവഴിച്ചാണ് ജണ്ടായിക്കൽ - വലിയ കുളം - അത്തിക്കയം റോഡ് പുനരുദ്ധരിച്ചത്. എന്നാൽ പുനരുദ്ധാരണം കഴിഞ്ഞപ്പോൾ മുതൽ റോഡിന്റെ പലഭാഗത്തും ടാറിംഗ് ഇളകി. നാട്ടുകാർ ഇത് ശ്രദ്ധയിൽപ്പെടുത്തിയതിനെത്തുടർന്ന് വകുപ്പുതല അന്വേഷണത്തിന് എംഎൽഎയാണ് മന്ത്രിയോട് ആവശ്യപ്പെട്ടത്.
ഇതിന്റെ അടിസ്ഥാനത്തിലാണ് റോഡിന്റെ നിർമാണം സംബന്ധിച്ച് അന്വേഷിക്കാൻ പൊതുമരാമത്ത് മന്ത്രി വിജിലൻസ് വിഭാഗത്തെ ചുമതലപ്പെടുത്തിയത്.എന്നാൽ റോഡിന്റെ സ്ഥിതി അതീവ ശോചനീയമായിരിക്കുകയാണ്. പലഭാഗങ്ങളിലും ടാറിംഗ് ഇളകി വലിയ ഗർത്തങ്ങൾ രൂപപ്പെട്ടു. ഇരുചക്രവാഹന യാത്രക്കാർ ഉൾപ്പെടെയുള്ളവർ അപകടത്തിൽപ്പെടാനുള്ള സാധ്യതയും ഏറെയാണ്.
വിജിലൻസ് അന്വേഷണ റിപ്പോർട്ട് ലഭ്യമാക്കാൻ കാലതാമസം ഉണ്ടാകുന്നതാണു തുടർനടപടികൾ വൈകാൻ ഇടയാക്കുന്നതെന്നാണ് ബന്ധപ്പെട്ട അധികൃതർ അറിയിച്ചത്. കരാറുകാരന്റെ അഴിമതിയിൽ ജനങ്ങൾ ബുദ്ധിമുട്ട് അനുഭവിക്കുന്നത് ഒഴിവാക്കാനാണ് അതിവേഗം റിപ്പോർട്ട് സമർപ്പിച്ചു റോഡ് പുനരുദ്ധരിക്കാൻ നടപടി സ്വീകരിക്കണമെന്നും കുറ്റക്കാർക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.