സർക്കാർ അനുമതി ലഭിച്ചു; ശബരിമലയിലെ പഴകിയ അരവണ നീക്കും
1452108
Tuesday, September 10, 2024 3:11 AM IST
ശബരിമല: ഏലയ്ക്കയിൽ കീടനാശിനി സാന്നിധ്യം കണ്ടെത്തിയതിനെത്തുടർന്ന് ഹൈക്കോടതി വില്പന തടഞ്ഞ ശബരിമലയിലെ 6.65 ലക്ഷം ടിൻ അരവണ നീക്കം ചെയ്യാൻ സംസ്ഥാന സർക്കാർ അനുമതി നൽകി. രണ്ടു വർഷത്തിലധികമായി ശബരിമല മാളികപ്പുറം ഗോഡൗണിൽ സൂക്ഷിച്ചിരുന്ന അരവണ ഒരു മാസത്തിനുള്ളിൽ നീക്കം ചെയ്യുമെന്ന് ദേവസ്വം ബോർഡും വ്യക്തമാക്കി.
1.16 കോടി രൂപയാണ് ദേവസ്വം ബോർഡ് ഇതിനായി ചെലവഴിക്കുക. ഇന്ത്യൻ സെൻട്രിഫ്യൂജ് എൻജിനിയറിംഗ് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ് അരവണ ശബരിമലയിൽനിന്ന് നീക്കം ചെയ്യുന്നത്.
സർക്കാർ അനുമതി ലഭിച്ചതോടെ കന്നിമാസ പൂജകൾ ആരംഭിക്കുന്നതിന് മുമ്പുതന്നെ മാളികപ്പുറം ഗോഡൗണിൽ സൂക്ഷിച്ചിരിക്കുന്ന അരവണ പൂർണമായി നീക്കം ചെയ്യാൻ കമ്പനിക്ക് നിർദേശം നൽകിയതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം എ. അജികുമാർ പറഞ്ഞു.
2021-22 കാലയളവിലാണ് അരവണ നിർമാണത്തിന് ഉപയോഗിച്ച ഏലക്കായിൽ കീടനാശിനി സാന്നിധ്യം കണ്ടെത്തിയത്. വിൽപ്പന നടത്താതെ അരവണ ഗോഡൗണിലേക്ക് മാറ്റി സൂക്ഷിക്കാൻ ഹൈക്കോടതി നിർദേശിച്ചിരുന്നത്.
കേസ് സുപ്രീംകോടതിവരെ എത്തുകയും അരവണയുടെ സാമ്പിൾ വീണ്ടും പരിശോധിക്കുകയും ചെയ്തു. അരവണയിൽ കീടനാശിനിയുടെ അംശമില്ലെന്നും ഭക്ഷ്യയോഗ്യമാണെന്നും കണ്ടെത്തി. അപ്പോഴേക്കും അരവണ നിർമിച്ചിട്ട് ഒരു വർഷത്തിലേറെ കഴിഞ്ഞിരുന്നു. പഴകിയ അരവണ വിൽക്കാൻ കഴിയാത്ത സാഹചര്യമുണ്ടായി.
ഇതിനിടെ ശബരിമലയിൽ അരവണ നശിപ്പിക്കാൻ ദേവസ്വം ബോർഡ് പദ്ധതി തയ്യാറാക്കിയെങ്കിലും വനംവകുപ്പ് തടസവാദമുന്നയിച്ചു. ശബരിമലയിൽനിന്ന് നീക്കം ചെയ്യുന്ന അരവണ വളമാക്കി മാറ്റാനാണ് പദ്ധതി. 6.65 ലക്ഷം ടിൻ അരവണയാണ് ശബരിമലയിൽനിന്ന് വനത്തിന് പുറത്തെത്തിച്ച് നശിപ്പിക്കേണ്ടത്.