സപ്ലൈകോ ഓണം ഫെയർ ന്യായവില ഉറപ്പാക്കും: മന്ത്രി വീണാ ജോർജ്
1451269
Saturday, September 7, 2024 3:00 AM IST
പത്തനംതിട്ട: സപ്ലൈകോ ഓണം ഫെയറുകൾ വിപണിയിൽ ന്യായവില ഉറപ്പാക്കുമെന്ന് മന്ത്രി വീണാ ജോർജ്. പത്തനംതിട്ട സെൻറ് സ്റ്റീഫൻസ് പാരിഷ് ഹാളിന് എതിർവശത്തുള്ള കിഴക്കേടം ബിൽഡിംഗ്സിൽ ജില്ലാതല ഓണം ഫെയർ ഓൺലൈനായി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
പൊതു വിപണിയേക്കാൾ വിലക്കുറവിൽ ഗുണനിലവാരമുള്ള സാധനങ്ങൾ ജനങ്ങൾക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ ഓണം വിപണിയുടെ പ്രവർത്തനം. പൊതുജനങ്ങൾക്ക് ആവശ്യമായ എല്ലാ സാധനങ്ങളും ലഭ്യമാക്കുന്നതിനുള്ള സാഹചര്യമാണ് ഭക്ഷ്യ സുരക്ഷ വകുപ്പും സപ്ലൈകോയും നടത്തുന്നതെന്നും പറഞ്ഞു.
നഗരസഭ അധ്യക്ഷൻ ടി. സക്കീർ ഹുസൈൻ അധ്യക്ഷത വഹിച്ചു. സപ്ലൈകോ ജില്ലാ ഡിപ്പോ മാനേജർ എ. ദിലീപ്കുമാർ, രാഷ്ട്രീയകക്ഷി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
14 വരെ രാവിലെ 9.30 മുതല്‍ രാത്രി എട്ട് വരെയാണ് ഓണം ഫെയർ പ്രവർത്തിക്കുന്നത്.
പലവ്യഞ്ജനങ്ങള്‍, സ്റ്റേഷനറി സാധനങ്ങള്‍, പച്ചക്കറി, മില്‍മ ഉത്പന്നങ്ങള്‍ തുടങ്ങി നിത്യോപയോഗ സാധനങ്ങളും കണ്‍സ്യൂമര്‍ ഉത്പന്നങ്ങളും അഞ്ചു മുതല്‍ 50 ശതമാനം വരെ വിലക്കുറവിൽ ലഭിക്കും.