കൊക്കോ വിപണി ഉണർന്നപ്പോൾ വില കൂപ്പുകുത്തി
1443270
Friday, August 9, 2024 3:09 AM IST
റാന്നി: നാട്ടിലെ കൊക്കോ കർഷകരുടെ പ്രതീക്ഷയ്ക്കു തിരിച്ചടിയായി കൊക്കോവില കൂപ്പുകുത്തി . ഉണങ്ങിയ കൊക്കോ അരിക്ക് കിലോഗ്രാമിന് 1000 - 1200 രൂപ വരെ ഉയർന്ന ശേഷമാണ് ഇപ്പോൾ 200 -250 രൂപക്ക് വ്യാപാരം നടക്കുന്നതെന്ന് കർഷകർ.
ഒരുഘട്ടത്തിൽ പച്ച കൊക്കോ ക്കുരുവിനു ലഭിച്ച വില മാത്രമേ ഇപ്പോൾ ഉണങ്ങിയ കുരുവിനു ലഭിക്കുന്നുള്ളു. അതേസമയം കൊക്കോയ്ക്ക് മഴക്കാലം മോശം സമയമാണെന്നും കർഷകരിൽ നിന്നും ലഭിക്കുന്ന ഉണങ്ങിയ കൊക്കോ അരി പോലും നിറമില്ലാത്തതും തിരികടയുമാണെന്നും വ്യാപാരികൾ .
ഹൈറേഞ്ച് മണ്ണിലെ ഒന്നാംതരം കൊക്കോ കുരുവിന് പോലും 250 -350 രൂപയാണ് കൃഷിക്കാരന് ലഭിക്കുന്നതെന്നും വ്യാപാരികൾ പറയുന്നു. രണ്ടു മാസങ്ങൾക്കു മുമ്പ് കൊക്കോ അരിക്ക് മോഹവിലയാണ് കർഷകർക്ക് ലഭിച്ചത്. കിലോഗ്രാമിന് 800 മുതൽ 1000 രൂപ വരെ ലഭിച്ചിരുന്നു. എന്നാൽ ആ വിലയ്ക്ക് അധിക കാലം ആയുസുണ്ടായില്ല.
വില ഉയരുന്നതു കണ്ടു നിരവധി പേരാണ് റബർ ഉൾപ്പെടെയുള്ള മറ്റു വിളകൾ ഉപേക്ഷിച്ചു വീണ്ടും കൊക്കോ കൃഷിയിലേക്കു തിരിഞ്ഞത്. ആയിരം വരെയുള്ളത് സ്ഥിരം വിലയാവില്ലെന്ന് മിക്കവർക്കും അറിയാമായിരുന്നെങ്കിലും കിലോഗ്രാം വില 400 ൽ താഴില്ലെന്നായിരുന്നു പ്രതീക്ഷ.
എന്നാൽ, അതെല്ലാം ഇപ്പോൾ തകിടം മറിഞ്ഞിരിക്കുകയാണ്. റബർ വിപണി ഉണർന്നപ്പോൾ കൊക്കോവില തീർത്തും കൂപ്പുകുത്തിയത് മലയോര മേഖലയിലെ നിരവധി കർഷക കുടംബങ്ങളുടെ പ്രതീക്ഷയാണ് തല്ലിക്കെടുത്തിയിരിക്കുന്നത്.
മലയണ്ണാനും അണ്ണാനും കാട്ടുപക്ഷികളുമെല്ലാം പാകമാകുന്നതിനു മുമ്പു് വൻ തോതിലാണ് കൊക്കോവിള നശിപ്പിക്കുന്നത്. മലയണ്ണാനും കുരങ്ങും കായ്കൾ അപ്പാടെ പറിച്ചു കൊണ്ടുപോയി നശിപ്പിക്കുമ്പോൾ കൂട്ടത്തോടെ എത്തുന്ന അണ്ണാറക്കണ്ണൻ മാർ മൂപ്പെത്തുന്നതിനു മുമ്പെ പച്ച കായ്കൾ അപ്പാടെ തുരന്ന് ഉള്ളിലെ ഫലം നശിപ്പിക്കുകയാണ്.
ഇതിനിടയിൽ വീണുകിട്ടുന്ന ആദായം മാത്രമേ കർഷകനു ലഭിക്കുന്നുള്ളൂ. കാർഷികവിളകളുടെ വിലയിലെ വലിയ ചാഞ്ചാട്ടം മൂലം ജീവനോപാധിക്ക് ഏതുതരം കൃഷിയെ ആശ്രയിക്കുമെന്നറിയാതെ നട്ടംതിരിയുകയാണ് മലയോര മേഖലയിലെ സാധാരണ കർഷകർ. കുരുമുളകും കാപ്പിയും അടക്കയും തീർത്തും താഴ്ന്നു പോകാത്ത വിലയിൽ നിൽക്കുമ്പോൾ കൊക്കോവില അഞ്ചിലൊന്നായി കുറയുകയായിരുന്നെന്നാണ് കർഷകരുടെ വിലാപം.
കൊക്കോയ്ക്ക് മോശമല്ലാത്ത സ്ഥിര വില ലഭിക്കാൻ സർക്കാർ തലത്തിലൊ കർഷക സംഘടനാ തലത്തിലൊ നടപടിയുണ്ടാകണമെന്നാണ് കർഷകരുടെ ആവശ്യം.