വീടും ബൈക്കും കത്തിച്ച സംഭവം: രണ്ടുപേർ പിടിയിൽ
1423240
Saturday, May 18, 2024 3:56 AM IST
പത്തനംതിട്ട: വടശേരിക്കര പേഴുംപാറ 17 ഏക്കർ ശോഭാലയം രാജ്കുമാറിന്റെ വീടും ബൈക്കും കത്തിച്ച കേസിൽ രണ്ടുപേരെ പെരുനാട് പോലീസ് അറസ്റ്റ് ചെയ്തു. പെരുനാട് മാടമൺ കോട്ടൂപ്പാറ പതാലിൽ സുനിത (31), റാന്നി പുതുശേരിമല മുഞ്ഞനാട്ട് മേപ്പുറത്ത് വീട്ടിൽ സതീഷ് കുമാർ (41) എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ 10ന് പുലർച്ചെയാണ് രാജ്കുമാറിന്റെ വീട്ടുമുറ്റത്ത് ഇരുന്ന ബൈക്ക് കത്തിച്ച് നശിപ്പിക്കുകയും, വീട് കുത്തിത്തുറന്ന് അകത്തുകയറി തീയിടുകയും ചെയ്തത്. തീ പിടിത്തത്തിൽ വീട്ടിലെ ഫർണിച്ചറുകളും മേൽക്കൂരയുടെ ആസ്ബസ്റ്റോസ് ഷീറ്റും കത്തിനശിച്ചിരുന്നു. രാജ്കുമാറും കുടുംബവും സ്ഥലത്തുണ്ടായിരുന്നില്ല. സംഭവത്തിൽ ഒന്നര ലക്ഷം രൂപയുടെ നഷ്ടമുണ്ടായി.
രാജ്കുമാറിന്റെ മൊഴിപ്രകാരം കേസ് രജിസ്റ്റർ ചെയ്ത പെരുനാട് പോലീസ്, സംഭവസ്ഥലത്ത് ശാസ്ത്രീയ അന്വേഷണസംഘം വിരലടയാള വിദഗ്ധർ, ഫോട്ടോഗ്രാഫർ എന്നിവരെ എത്തിച്ച് തെളിവുകളും ശേഖരിച്ചു.
സംഭവസ്ഥലത്തും മറ്റും നടത്തിയ അന്വേഷണത്തിൽ സംഭവദിവസം പുലർച്ചെ 1.15 ഓടെ ഒരു സ്ത്രീയും പുരുഷനും വെള്ളനിറത്തിലുള്ള ജൂപിറ്റർ സ്കൂട്ടറിൽ ഹെൽമെറ്റ് ധരിച്ച് സ്കൂട്ടർ ഓഫ് ചെയ്തും ഹെഡ് ലൈറ്റ് കത്തിക്കാതെയും 17 ഏക്കറിൽനിന്നും മാടമണ്ണിലേക്കുള്ള റോഡിലൂടെ പോകുന്നതായി പോലീസ് കണ്ടെത്തിയിരുന്നു.
ജില്ലാ പോലീസ് മേധാവി വി. അജിത്തിന്റെ നിർദേശപ്രകാരം പെരുനാട് പോലീസ് ഇൻസ്പെക്ടർ വി. ബിജുവിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്.
സംശയിക്കുന്നവരുടെ ഫോൺ വിവരങ്ങൾ ശേഖരിച്ച പോലീസ് സംഘം, ജില്ലാ പോലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ സുഹൃത്തുക്കളായ പ്രതികൾ ഉപയോഗിക്കുന്ന ഫോൺ നമ്പറുകൾ കണ്ടെത്തുകയായിരുന്നു. സംഭവദിവസം ഇരുവരും ഒരേസ്ഥലത്ത് ഉണ്ടായിരുന്നതായി അന്വേഷണത്തിൽ പോലീസിന് വ്യക്തമായി.
സുനിത വാടകയ്ക്ക് താമസിക്കുന്ന റാന്നി വരവൂരിൽനിന്നും പ്രതികൾ ഒരുമിച്ച് യാത്ര തുടങ്ങി പേഴുംപാറ ഭാഗത്തേക്ക് എത്തിയതായും 10ന് പുലർച്ചെ 1.15ന് 17 ഏക്കറിൽ എത്തിയതായും സാക്ഷിമൊഴികൾ ലഭിച്ചു. ആദ്യം സതീഷ് കുമാറിനെയും പിന്നീട് സുനിതയെയും കസ്റ്റഡിയിലെടുത്തു.
പ്രതികൾ സഞ്ചരിച്ച സ്കൂട്ടർ സതീഷിന്റെ വീടിന്റെ പരിസരത്തുനിന്നും പിന്നീട് കണ്ടെത്തി. ഭാര്യയുമായി പിണങ്ങിക്കഴിയുന്ന രാജ്കുമാറുമായി സുനിത അടുപ്പത്തിലായിരുന്നെന്ന് പറയുന്നു. ഇയാൾ വിളിച്ചുകൊണ്ടു കൂടെതാമസിപ്പിക്കാത്തതിലുള്ള വിരോധം കാരണമാണ് സതീഷുമായി ചേർന്ന് സുനിത കൃത്യം നടത്തിയതെന്ന് ചോദ്യം ചെയ്യലിൽ പറഞ്ഞു.