പത്തനംതിട്ട: രാഹുല്‍ഗാന്ധിയുടെ ലോക്സഭാംഗത്വം റദ്ദാക്കിയ നടപടിക്കെതിരേ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഹെഡ്പോസ്റ്റ് ഓഫീസിനുള്ളില്‍ കയറി പ്രതിഷേധിച്ചു. പ്രതിഷേധം തടയാന്‍ പോസ്റ്റ് ഓഫീസിനു പുറത്തു പോലീസ് കാത്തുനില്‍ക്കുമ്പോഴാണ് കാറില്‍ വന്നിറങ്ങിയ പ്രവര്‍ത്തകര്‍ അപ്രതീക്ഷിതമായി ഓഫീസിനുള്ളില്‍ കയറി മുദ്രാവാക്യം വിളിച്ചത്. പിന്നീട് ഇവരെ തടയാനും അറസ്റ്റു ചെയ്യാനും പോലീസ് നന്നേ ബുദ്ധിമുട്ടി.
ജില്ലാ പ്രസിഡന്റ് എം.ജി. കണ്ണന്, യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികളായ നഹാസ് പത്തനംതിട്ട, ജിതിന് ജി. നൈനാന്, മനു തയ്യില്‍, സലില്‍ സാലി, സാംജി ഇടമുറി, കാര്‍ത്തിക്, ടെറിന്‍, ഷിജോ ചേനമല എന്നിവരെ പോലിസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായ പ്രവര്‍ത്തകര്‍ക്ക് പോലീസ് സ്റ്റേഷന് ജാമ്യം ലഭിക്കാതിരിക്കാന്‍ ശ്രമം നടക്കുന്നതായി ആരോപിച്ചു പിന്നീട് കോണ്‍ഗ്രസ് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ഉപരോധം നടത്തി.
ആന്റോ ആന്റണി എംപി, ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പില്‍, കെപിസിസി ജനറല്‍ സെക്രട്ടറി പഴകുളം മധു എന്നിവര്‍ സ്ഥലത്തെത്തി. യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റുമാരായ ജി. മനോജ്, എം.എം.പി. ഹസന്, ജിജോ ചെറിയാന്, വിജയ് ഇന്ദുചൂഡന്, ജില്ലാ ഭാരവാഹികളായ അനൂപ് വെങ്ങവിളയില്‍, ആനന്ദു ബാലന്, അരവിന്ദ് വെട്ടിക്കല്‍, അബിന്‍ ശിവദാസ്, ഷുമനാ ഷറഫ്, ലിജ, റിനോ പി. രാജന്, ബാസിത് താക്കറ എന്നിവര്‍ പ്രസംഗിച്ചു.
ഡിസിസി നേതൃത്വത്തില്‍ റോഡ് ഉപരോധം
പത്തനംതിട്ട: നിസാര കേസിന്റെ പേരില്‍ തടവ് ശിക്ഷ വിധിച്ചും പാര്‍ലമെന്റ് അംഗത്വം റദ്ദാക്കിയും രാഹുല്‍ ഗാന്ധിയെ നിശബ്ദനാക്കാമെന്നത് സംഘപരിവാറിന്റെയും നരേന്ദ്ര മോദിയുടേയും വ്യാമോഹമാണെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി പഴകുളം മധു. രാഹുൽ ഗാന്ധിക്കെതിരായ കേന്ദ്ര സര്‍ക്കാരിന്റെ നടപടികളില്‍ പ്രതിഷേധിച്ച് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ പ്രകടനവും റോഡ് ഉപരോധവും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പില്‍ അധ്യക്ഷത വഹിച്ചു. യുഡിഎഫ് ജില്ലാ കണ്‍വീനര്‍ എ. ഷംസുദീന്‍, ഡിസിസി ഭാരവാഹികളായ എ. സുരേഷ് കുമാര്‍, അനില്‍ തോമസ്, സാമുവല്‍ കിഴക്കുപുറം, കെ.ജാസിംകുട്ടി, ബിജു വര്‍ഗീസ്, എസ്. ബിനു, സജി കൊട്ടക്കാട്, എസ്.വി. പ്രസന്നകുമാര്‍, റോജി പോള്‍ ഡാനിയേല്‍, ലിജു ജോര്‍ജ്, സി.കെ. ശശി, സിന്ധു അനില്‍ എന്നിവര്‍ പ്രസംഗിച്ചു.സെന്‍ട്രല്‍ ജംഗ്ഷനില്‍ കുത്തിയിരുന്ന കോൺഗ്രസ് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിക്കുകയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിക്കുകയും ചെയ്തു.
യുഡിഎഫ് പ്രതിഷേധിച്ചു
പത്തനംതിട്ട: രാഹുല്‍ ഗാന്ധിയെ പാര്‍ലമെന്റ് അംഗത്ത്വത്തില്‍ നിന്ന് അയോഗ്യനാക്കിയ ജനാധിപത്യവിരുദ്ധ നടപടിയില്‍ പത്തനംതിട്ട യുഡിഎഫ് ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു.
ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പില്‍, യുഡിഎഫ് ജില്ലാ ചെയര്മാന് വിക്ടര്‍ ടി. തോമസ്, ജില്ലാ കണ്‍വീനര്‍ എ. ഷംസുദീന്‍, ഡി.കെ. ജോണ്‍, ടി.എം. ഹമീദ്, ജോര്‍ജ് വര്‍ഗീസ്, കെ. ജയവര്‍മ, പ്രസന്നകുമാര്‍, സനോജ് മേമന, മധു ചെമ്പകുഴി, ശ്രീകോമളന്‍ മലയാലപ്പുഴ, തോപ്പില്‍ ഗോപകുമാര്‍, പഴകുളം ശിവദാസന്‍, ഷിബു കെ. ഏബ്രഹാം, ബാബു വെണ്മേലില് തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഡിസിസി സത്യഗ്രഹം ഇന്ന്
പത്തനംതിട്ട: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരായ കേന്ദ്രസര്‍ക്കാരിന്റെ പ്രതികാര നടപടികള്‍ക്കെതിരേ ഡിസിസി നേതൃത്വത്തില്‍ ഇന്നു രാവിലെ 9.30ന് പത്തനംതിട്ട ഗാന്ധി സ്ക്വയറില്‍ സത്യഗ്രഹം നടത്തും. പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പിലിന്റെ അധ്യക്ഷതയില്‍ ആന്റോ ആന്റണി എംപി സമര പരിപാടി ഉദ്ഘാടനം ചെയ്യും.