വെട്ടൂരിലെ രണ്ട് വീടുകളിൽ മോഷണം: സ്വർണവും പണവും അപഹരിച്ചു
1280580
Friday, March 24, 2023 10:55 PM IST
പത്തനംതിട്ട: വെട്ടൂരിൽ രണ്ട് വീടുകളിൽ കഴിഞ്ഞ ദിവസം നടന്ന മോഷണത്തിൽ സ്വർണവും പണവും അപഹരിച്ചു.
വെട്ടൂർ ശാസ്താംതുണ്ടിൽ അനീഷ് കുമാർ, ആശാരി പറമ്പിൽ അരുൺ പ്രതാപ് എന്നിവരുടെ വീടുകളിലാണ് മോഷണം നടന്നത്. കഴിഞ്ഞദിവസം പുലർച്ചെ രണ്ടിനു മൂന്നിനും മധ്യേയാണ് മോഷണം നടന്നതെന്നു കരുതുന്നു. അനീഷ് കുമാറിന്റെ വീട്ടിൽ നിന്നു 2,10,000 രൂപയും ഒരു ജോഡി കമ്മൽ, മാല, ചെയിൻ, ഞാത്ത് അടക്കം മൂന്ന് പവൻ സ്വർണവുമാണ് നഷ്ടമായത്.
അരുൺ പ്രതാപിന്റെ വീട്ടിൽ നിന്നു മാലയും ഒരു ജോഡി കമ്മലും അടക്കം അഞ്ച് പവനും മോഷ്ടാക്കൾ അപഹരിച്ചു. രണ്ട് വീടുകളിലും കിടപ്പുമുറിയുടെ ജനാലകൾ തുറന്നിട്ടിരുന്നതിനാൽ അതുവഴിയാണ് മോഷണം നടന്നത്.
തടി കച്ചവടക്കാരനായ അനീഷ് തടി വാങ്ങുന്നതിന്റെ ആവശ്യത്തിനായി ബാങ്കിൽ നിന്ന് എടുത്ത പണം അലമാരയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു ഈ പണമാണ് കവർന്നത്.
വലിയ കമ്പ് ഉപയോഗിച്ചാണ് മോഷ്ടാക്കൾ മോഷണം നടത്തിയതെന്നു പോലീസ് കണ്ടെത്തിയിട്ടുണ്ട്. മോഷണം നടന്ന സ്ഥലത്ത് നിന്നും നീളമുള്ള തോട്ടി പോലെയുള്ള കമ്പും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ആഭരണങ്ങൾ മേശപ്പുറത്തു വച്ചിരിക്കുകയായിരുന്നുവെന്നു പറയുന്നു. കമ്പിൽ പശ തേച്ചാകാം സ്വർണം കവർന്നത് എന്നാണ് നിഗമനം. മലയാലപ്പുഴ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. സമീപത്തെ സിസിടിവി ദൃശ്യങ്ങളും പോലീസ് ശേഖരിച്ചു.