പത്തനംതിട്ട: സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച എന്റെ കേരളം പ്രദര്‍ശന വിപണന മേള സമാപിച്ചു. മേളയുടെ ഭാഗമായുള്ള കലാ സാംസ്കാരിക പരിപാടികള്‍ക്ക് പത്തനംതിട്ട സാരംഗിന്റെ ഗാനമേളയോടെയാണ് സമാപനമായത്. മേളയിലെ മികച്ച സ്റ്റാളുകള്‍ക്കുള്ള പുരസ്കാരം ആരോഗ്യമന്ത്രി വീണാ ജോര്‍ജ് വിതരണംചെയ്തു. ആയിരങ്ങള്‍ക്ക് രാവും പകലും സന്തോഷ നിമിഷങ്ങള്‍ ഒരുക്കിയ എന്റെ കേരളം മേള നാടിന്റെ ഉത്സവമായി.
ഡിജിറ്റല്‍ സാങ്കേതിക വിദ്യകളുടെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തിയതും സന്ദര്‍ശകരുമായി ക്രിയാത്മകമായി സംവദിക്കുകയും പുതിയ അറിവുകളും വേറിട്ട ഉത്പന്നങ്ങളും അവതരിപ്പിക്കുകയും ചെയ്തതാണ് മേളയിലെ സ്റ്റാളുകളെ ആകര്‍ഷകമാക്കി മാറ്റിയത്. സംഗീത പരിപാടികള്‍ക്ക് മുന്‍ഗണന നല്കിയ കലാസന്ധ്യയും ആകർഷണീയമായി. അക്ഷയ കേന്ദ്രത്തിന്റെ നിരവധി സേവനങ്ങള്‍, പുതിയ ആധാര്‍, കുട്ടികളുടെ ആധാര്‍, ആധാറില്‍ മേല്‍വിലാസം, മുഖ്യമന്ത്രിയുടെ ചികിത്സ ധനസഹായം തുടങ്ങിയവയെല്ലാം ഒരു കുടക്കീഴില് ലഭ്യമാക്കിയത് പൊതുജനങ്ങള്‍ക്ക് സുവര്‍ണാവസരമായി.
സൗജന്യ സേവനങ്ങള്‍, മെഡിക്കല്‍ ക്യാമ്പുകള്‍ - ഭക്ഷ്യ- മണ്ണ് -പാല് പരിശോധനകള്‍, അക്ഷയ എന്നിവയുടെ സേവനങ്ങള്‍ സൗജന്യമായി നല്കി. ആരോഗ്യം, ഹോമിയോ, ഐഎസ്എം വകുപ്പുകളുടെ സൗജന്യ മെഡിക്കല്‍ ക്യാമ്പും അനുബന്ധ പരിശോധനകളും ലഭ്യമാക്കിയിരുന്നു. ശീതീകരിച്ച 179 സ്റ്റാളുകളാണ് മേളയില്‍ ഒരുക്കിയത്. ഇതില്‍ സര്‍ക്കാര്‍ വകുപ്പുകളുടെ 79 സ്റ്റാളുകളും 100 കൊമേഴ്സ്യല്‍ സ്റ്റാളുകളുമുണ്ടായിരുന്നു.
മേളയെ ജനം ഹൃദയത്തിലേറ്റി: മന്ത്രി വീണാജോര്‍ജ്
പത്തനംതിട്ട: സര്‍ക്കാരിന്റെ സേവനങ്ങളെയെല്ലാം ഒരു കുടക്കീഴില് അണിനിരത്തി കൊണ്ട് ഒരുക്കിയ എന്റെ കേരളം പ്രദര്‍ശന വിപണനമേള പത്തനംതിട്ടയിലെ ജനങ്ങള്‍ ഹൃദയം കൊണ്ട് ഏറ്റെടുത്തുവെന്ന് മന്ത്രി വീണാജോര്‍ജ്. ജില്ലാ സ്റ്റേഡിയത്തില്‍ നടന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി. മാത്യു ടി. തോമസ് എംഎൽഎ അധ്യക്ഷത വഹിച്ചു.
വിളംബരജാഥയിലെ പങ്കാളിത്തം, മികച്ച തീം-കൊമേഴ്സ്യല്‍ സ്റ്റാളുകള്‍, വിവിധ മത്സരങ്ങള്‍ തുടങ്ങിയവയിലെ വിജയികള്‍ക്ക് ആരോഗ്യമന്ത്രി വീണാജോര്‍ജ് സമ്മാനം വിതരണം ചെയ്തു.
കെ.യു. ജനീഷ്കുമാര്‍ എംഎല്‍എ, പ്രമോദ് നാരായണ്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂര്‍ ശങ്കരന്, നഗരസഭാ ചെയര്മാന് ടി. സക്കീര്‍ ഹുസൈന്, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്സ് അസോസിയേഷന് പ്രസിഡന്റ് ആര്. തുളസീധരന്‍ പിള്ള, ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്, സംസ്ഥാന സഹകരണ എംപ്ലോയീസ് വെല്‍ഫെയര്‍ ബോര്‍ഡ് വൈസ് ചെയര്മാന് ആര്. സനല്‍കുമാര്‍, എഡിഎം അലക്സ് പി. തോമസ്, ഐപിആര്‍ഡി മേഖലാ ഉപഡയറക്ടര്‍ കെ.ആര്. പ്രമോദ് കുമാര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി. മണിലാല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.